അവയവ മാറ്റം, അമരത്വം; പുടിന്‍റെയും ഷീയുടെയും മനസിലെന്ത്?

അവയവ മാറ്റ ശസ്ത്രക്രിയകളും മറ്റും വഴി അമരത്വം കൈവരിക്കാൻ കഴിയുമോ? ശാസ്ത്രം അതിവേഗം പുരോഗമിക്കുന്ന ഈ കാലത്ത് അതിനുള്ള സാധ്യതകൾ തള്ളുന്നില്ല ചൈനീസ് പ്രസിഡന്‍റ് ഷീ ജീൻപിങും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും. ഇരുനേതാക്കളുടെയും ചിന്തകൾ പായുന്ന വഴികൾ വെളിപ്പെടുത്തുന്ന സ്വകാര്യ സംഭാഷണം പുറത്തുവന്നത് അറിയാതെ ഓണായിരുന്ന മൈക്ക് വഴി. ബെയ്ജിങിലെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന സൈനിക പരേഡിനായി നടന്നുവരവെ ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണം മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. അതിന്‍റെ ഏകദേശ രൂപം ഇങ്ങനെ:

ഷി ജീൻ പിങ്: പണ്ട് നമ്മൾ പറയുമായിരുന്നു, 70 വയസിനപ്പുറത്ത് മനുഷ്യർ വളരെ അപൂർവമായി മാത്രമേ ജീവിക്കൂ. പക്ഷേ, ഇന്ന് 70 കളിലും (നിങ്ങൾ) കുട്ടിയാണ്.

പുടിൻ: അതെ. വളരെ കുറച്ച് വർഷങ്ങൾക്കുള്ളിൽ ബയോടെക്നോളജിയുടെ വികാസം കൊണ്ട് മനുഷ്യാവയവങ്ങൾ നിരന്തരം മാറ്റിവെക്കാം. കൂടുതൽ ജീവിക്കുമ്പോൾ കൂടുതൽ യുവത്വം ലഭിക്കും. ആ നിലയിൽ അമരത്വം കൈവരിക്കാനും കഴിയും.

ഷി: ഈ നൂറ്റാണ്ടിൽ തന്നെ മനുഷ്യർക്ക് 150 വയസുവരെ ജീവിക്കാൻ കഴിയുമെന്നാണ് ചിലരുടെ പ്രവചനം.

ഇരുവർക്കുമൊപ്പം നടന്നിരുന്ന ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉൻ ഇതുശ്രദ്ധിക്കുകയും ചിരിക്കുകയും ചെയ്തു. പക്ഷേ, സംഭാഷണത്തിന്‍റെ പരിഭാഷ അദ്ദേഹം കേട്ടിരുന്നോ എന്ന് വ്യക്തമല്ല.

പിന്നീട് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോൾ പുടിൻ സംഭാഷണം സ്ഥിരീകരിച്ചു. ‘‘പരേഡിലേക്ക് ഞങ്ങൾ നടക്കുമ്പോഴാണ് ചെയർമാൻ (ഷി ജീൻപിങ്) അത് സംസാരിച്ചതെന്ന് തോന്നുന്നു. സാങ്കേതിക വിദ്യയുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ശസ്ത്രക്രിയകകളുടെയും സാധ്യതകൾ ഉപയോഗിച്ച് ഇന്നത്തേക്കാളും സജീവ ജീവനം സാധ്യമാക്കാൻ മാനവരാശിക്ക് ഭാവിയിൽ കഴിയും’’- അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Hot mic catches Xi and Putin discussing organ transplants and immortality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.