ടോക്യോ: റഷ്യയിൽ രൂപം കൊണ്ട അതിശക്ത ഭൂകമ്പത്തിന്‍റെ അലയൊലികൾ കൂറ്റൻ തിരമാലകളുടെ രൂപത്തിൽ ജപ്പാൻ, റഷ്യ തീരങ്ങളിൽ ആഞ്ഞടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വരികയാണ്. ടോക്യോയുടെ വടക്കു കിഴക്കുള്ള ഹൊക്കൈഡോയിൽ നിന്ന് മാറി പസഫിക് തീരത്ത് 16 സ്ഥലങ്ങളിൽ 1.3 അടി ഉയരത്തിലുള്ള തിരമാല ഉണ്ടായെന്നാണ് റിപ്പോർട്ട്. കൂറ്റൻ തിരമാലകൾ വരും മണിക്കൂറിലുണ്ടാകുമെന്നുമാണ് ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചിരിക്കുന്നത്.
ജപ്പാനിൽ പസിഫിക് തീരത്ത് 133 മുനിസിപ്പാലിറ്റികളിൽ നിന്നായി 9 ലക്ഷത്തിലധികം പേരെ സുനാമി മുന്നിൽ കണ്ട് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഇഷിനോ മാക്കിയിലാണ് ഏറ്റവും വലിയ തിരമാല ആഞ്ഞടിച്ചത്(1.6 മീറ്റർ). ജപ്പാനിൽ 2011ൽ ഉണ്ടായ ഭൂകമ്പത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഭൂകമ്പം ഉണ്ടാകുന്നത്. ജപ്പാനിൽ അന്ന് 9.0 ആണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
നിലവിൽ ഭൂകമ്പമുണ്ടായ റഷ്യയിലെ കംചട്കയിൽ ഇന്‍റർനെറ്റ് ഫോൺ കണക്ഷനുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. നിരവധിപ്പേർ ചികിത്സക്കായി ആശുപത്രിയിലെത്തിയിട്ടുണ്ടെങ്കിലും ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. ജപ്പാനിൽ സുനാമിയെതുടർന്ന് ഹൊക്കൈഡയെയും അമോറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫെറികൾ താൽക്കാലികമായി നിർത്തി വെച്ചു. ചില ലോക്കൽ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തി വെച്ചു. പസിഫിക്കിന്‍റെ വിവിധ തീരങ്ങളിൽ സൂനാമിത്തിരമാലകൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. ജപ്പാനു പുറമേ ന്യൂസീലാൻഡും അപ്രതീക്ഷിത തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.