റഷ്യക്കെതിരെ കൂടുതൽ ഉപരോധം; കൈകോർക്കാൻ യു.എസും യുറോപ്യൻ യൂണിയനും, ഇന്ത്യയടക്കം രാജ്യങ്ങൾക്ക് വീണ്ടും തീരുവ ഭയം

വാഷിംഗ്ടൺ: റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടു​വന്നേക്കുമെന്ന് സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് റഷ്യക്കെതിരെ അടുത്തഘട്ട ഉപരോധത്തിന് യു.എസ് തയാറെടുക്കുകയാണെന്ന സൂചന ട്രംപ് നൽകിയത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല.

യു.എസും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധമേർപ്പെടുത്തിയാൽ റഷ്യൻ സമ്പദ്‍വ്യവസ്ഥ തരിപ്പണമാകുമെന്ന യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ ​പ്രതികരണത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം.

എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്കോട്ടിന്റെ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡൊണാൾ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ഉർസുല വോൺ ദെർ ലെയനുമായി വിഷയത്തിൽ ചർച്ച നടത്തി. റഷ്യക്കുമേൽ സമ്മർദ്ദം ശക്തമാക്കുന്നതടക്കം വിഷയങ്ങളിൽ ചർച്ച നടന്നുവെന്നും സ്കോട്ട് വെളിപ്പെടുത്തിയിരുന്നു.

റഷ്യക്ക് മേൽ സമ്മർദം ശക്തമാക്കാൻ യു.എസ് തയ്യാറാണെന്നും ഇതിന് യൂറോപ്യൻ പങ്കാളിത്ത രാജ്യങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും സ്കോട്ട് കൂട്ടിച്ചേർത്തു.

‘യുക്രെയ്ൻ സൈന്യത്തിനാണോ റഷ്യൻ സമ്പദ് വ്യവസ്ഥക്കാണോ കുടുതൽ പിടിച്ചുനിൽക്കാനാവുക എന്നാണ് ചോദ്യം. ഒരുപക്ഷേ യു.എസും യൂറോപ്യൻ യൂണിയനും ഒരുമിച്ച് കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തിയാൽ റഷ്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ തകരും. അത് പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ചർച്ചകൾക്ക് പ്രേരിപ്പിക്കും.’- സ്കോട്ട് പറഞ്ഞു.

അധിക തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ ട്രംപ് നൽകിയിരുന്നു. ഇന്ത്യയും യു.എസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കെതിരെ യു.എസ് ഇനിയും തീരുവ ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.

Tags:    
News Summary - ​Trump hints More Tariffs On Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.