ടോക്യോ: റഷ്യയിലെ കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തെ തുടർന്ന് ജപ്പാനിലും റഷ്യയിലും സൂനാമിത്തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് കയറുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണിത്. ശാന്തസമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് - കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകൾ എത്തിയിട്ടുണ്ട്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്കയിലും ഹവായിയിലും യു.എസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചു. ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ട്.
ജപ്പാനിൽ ഒമ്പത് അടിവരെ ഉയരത്തിലുള്ള ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകൾക്കിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്ന് കംചട്ക ഗവർണർ വ്ലാദിമർ സോളോഡോവ് പറഞ്ഞു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സൂനാമി ഭീഷണി കണക്കിലെടുത്ത് സഖാലിൻ ദ്വീപിൽനിന്ന് ആളുകളെ മാറ്റി.
ജൂലൈ 20ന് റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനമാണ് ഉണ്ടായത്. തുടർ ചലനങ്ങളെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 1900 മുതൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂചലനങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ൽ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.