ചൈനയോടും ഇന്ത്യയോടും ഈ രീതിയിൽ സംസാരിക്കരുത്; അമേരിക്കക്കെതിരെ പുടിൻ

ബീജിങ്: യു.എസ് തീരുവയിൽ ഇന്ത്യക്കും ചൈനക്കും പിന്തുണയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ചൈനയിൽ കഴിഞ്ഞ ദിവസം നടന്ന മിലിറ്ററി പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പുടിന്റെ പരാമർശം. ഒരാൾക്കും ഇന്ത്യയോടും ചൈനയോടും അങ്ങനെ സംസാരിക്കാനാവില്ലെന്ന് പുടിൻ പറഞ്ഞു. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു പുടിന്റെ വിമർശനം. ഇന്ത്യയും ചൈനയും പോലുള്ള സാമ്പത്തിക ഭീമന്മമാർ ഇവിടെയുണ്ട്.

എന്നാൽ, ആഗോള രാഷ്ട്രീയത്തിലോ സുരക്ഷയിലോ ആരെങ്കിലും ആധിപത്യം സ്ഥാപിക്കണമെന്ന് ഇതിനർഥമില്ല. ലോകരാഷ്രടീയത്തിൽ ആർക്കെങ്കിലും മേധാവിത്വമുണ്ടെന്ന് താൻ കരുതുന്നില്ല. എല്ലാവരും തുല്യരാ​​ണെന്നും പുടിൻ പറഞ്ഞു. 1.5 ബില്യൺ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, ചൈനീസ് സമ്പദ്‍വ്യവസ്ഥയും ശക്തമാണ്. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നതിന് മുമ്പ് ചിന്തിക്കണം. കോളോണിയൽ കാലം കഴിഞ്ഞു. സഖ്യരാജ്യങ്ങളുമായി സംസാരിക്കുമ്പോൾ ഇത്തരം ഭാഷ ഉപയോഗിക്കരുതെന്നും പുടിൻ കൂട്ടിച്ചേർത്തു.

പുടിൻ, ഷി ജിൻപിങ്, കിം ജോങ് ഉൾപ്പെടെ 27 ലോകനേതാക്കൾ; ആണവ മിസൈലും അത്യാധുനിക ആയുധങ്ങളും; ഭീഷണി വേണ്ടെന്ന മുന്നറിയിപ്പുമായി ചൈനയുടെ വിജയദിനാഘോഷം

ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം ലോക​ചേരികളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉൾപ്പെടെ 27 രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തിൽ ചൈനയിൽ വിജയദിനാഘോഷം.

ആണവ മിസൈലും അത്യാധുനിക ആയുധങ്ങളും പതിനായിരത്തോളം സൈനികരും അണിനിരന്ന വമ്പൻ സൈനിക പരേഡുമായാണ് ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാർഷികം അമേരിക്കക്കുള്ള മുന്നറിയിപ്പായി ബെയ്ജിങ്ങിലെ ടിയാൻമെൻ ചത്വരത്തിൽ അരങ്ങേറിയത്. ബുധനാഴ്ച രാവിലെ നടന്ന സൈനിക പരേഡായിരുന്ന ചൈന വിജയ ദിനാഘോഷത്തിന്റെ ആകർഷകം. ഒരേ വേഷവും ചുവടുവെപ്പുമായി അണിനിരന്ന സൈനികരും, സമാധാനത്തിന്റെ അടയാളമായി പറത്തിവിട്ട ആയിരത്തോളം വെള്ളരി പ്രവാവുകളും, ഹെലികോടപ്റ്ററുകളിൽ നിന്നും താഴ്ത്തിയ നീതി, സമാധാനം മുദ്രാവാക്യമുയർത്തുന്ന ബാനറുകളുമായി പരേഡ് ശ്രദ്ധയാകർഷിച്ചു.

ചൈനീസ് വിജയദിന പരേഡിൽ നിന്ന്

രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാൻ പ്രകോപനത്തിനു മേൽ നേടിയ സമ്പൂർണ വിജയത്തിന്റെ ഓർമ പുതുക്കികൊണ്ടുള്ള വിക്ടറി പരേഡിൽ ​26 വിദേശ രാഷ്ട്ര തലവൻമാരെയും പ​ങ്കെടുപ്പിച്ചത് അമേരിക്കക്കുള്ള പരോക്ഷ മറുപടിയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചൈനയുമായി അടുത്ത ബന്ധം നിലനിർത്തുന്ന വ്ലാദിമിർ പുടിൻ, കിം ജോങ് ഉൻ എന്നിവർക്കു പുറമെ ഇറാൻ, മലേഷ്യ, മ്യാൻമർ, മംഗോളിയ, ഇന്തോനേഷ്യ, സിംബാബ്​‍വെ, മധ്യഏഷ്യൻ രാഷ്ട്ര മേധാവികൾ എന്നിവർ പ​ങ്കെടുത്തു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസു എന്നിവരും പരേഡിൽ പ​ങ്കെടുത്തു.

ആതിഥേയന്റെ ഉത്തരവാദിത്വവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഭാര്യ പെങ് ലിയുവാനും വിവിധ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചു.2019ന് ശേഷം ചൈന കണ്ട ഏറ്റവും വലിയ സൈനിക പരേഡിനായിരുന്നു ടിയാൻമെൻ സ്ക്വയർ സാക്ഷിയായത്.

യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, അത്യാധുനിക ഡ്രോണുകൾ, ഏറ്റവും നൂതനമായ ആണവായുധ വാഹക മിസൈലുകൾ എന്നിവയും അണിനിരത്തിയായിരുന്നു ചൈനയുടെ ശക്തിപ്രകടനം. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ ഏറ്റവും വലിയ പ്രദർശന വേദിയാക്കി വിജയ ദിന പരേഡിനെ മാറ്റി. ആയുധ നിർമാണ മേഖലയിൽ നിർമിത ബുദ്ധിയുടെ പിന്തുണയോടെ ചൈന നടത്തിയ മുന്നേറ്റം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് മിസൈൽ വിദഗ്ധനായ ഡോ. സിദ്ദാർഥ് കൗശലിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - You cannot talk to India or China like that: Putin slams Trump's tariff pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.