Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ശബ്ദ’മില്ലാത്ത എൻഫീൽഡ് കേരളത്തിലും; 154 കിലോമീറ്റർ റേഞ്ചുമായി ഫ്ലൈയിങ് ഫ്ലീ സി6

text_fields
bookmark_border
വില 2.79 ലക്ഷം രൂപ!
‘ശബ്ദ’മില്ലാത്ത എൻഫീൽഡ് കേരളത്തിലും; 154 കിലോമീറ്റർ റേഞ്ചുമായി ഫ്ലൈയിങ് ഫ്ലീ സി6
cancel

പെട്രോൾ എൻജിന് പകരം ഇലക്ട്രിക് മോട്ടോറുമായി എത്തിയ റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഫ്ലൈയിങ് ഫ്ലീ സി6 കേരള മാർക്കറ്റിലുമെത്തി. കൊച്ചിയിൽ വിൽപ്പനയും അനുബന്ധ സേവനങ്ങളും ആരംഭിച്ചതോടെ ഇന്ത്യയിൽ ഈ ഇലക്ട്രിക് ബ്രാൻഡിന്റെ സാന്നിധ്യം അഞ്ച് നഗരങ്ങളിലേക്ക് വ്യാപിച്ചു.പരമ്പരാഗത എൻഫീൽഡ് ബൈക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയും സാങ്കേതികവിദ്യയുമായാണ് ഫ്ലൈയിങ് ഫ്ലീ സി6 എത്തുന്നത്. നഗരയാത്രകൾക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ രൂപം, 154 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച്, മണിക്കൂറിൽ 115 കിലോമീറ്റർ പരമാവധി വേഗത എന്നിവയാണ് ബൈക്കിന്റെ പ്രധാന ആകർഷണങ്ങൾ. 2.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.കൊച്ചിയിൽ അഞ്ച് കേന്ദ്രങ്ങളാണ് ഫ്ലൈയിങ് ഫ്ലീ ഒരുക്കിയിരിക്കുന്നത്. ഇടപ്പള്ളിയിൽ കമ്പനി നേരിട്ട് നടത്തുന്ന എക്സ്ക്ലൂസീവ് സ്റ്റോറാണ് പ്രധാന കേന്ദ്രം. ഇതിന് പുറമെ നാല് സർവിസ് കേന്ദ്രങ്ങളുമുണ്ട്.

  • ചിറ്റൂർ റോഡ്- സെന്റ് മേരീസ് മോട്ടോഴ്‌സ്
  • ആലുവ- അർബൻ ലോക്കോമോട്ട്
  • മൂവാറ്റുപുഴ- വെളിയത്ത് മോട്ടോഴ്‌സ്
  • വൈറ്റില- കൈസൺ മോട്ടോഴ്‌സ്

പതിവ് അറ്റകുറ്റപ്പണികൾക്കും സാങ്കേതിക സഹായത്തിനും ഈ കേന്ദ്രങ്ങൾ പ്രയോജനപ്പെടും. ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ എന്നിവിടങ്ങൾക്ക് പിന്നാലെയാണ് കൊച്ചിയിലും ഫ്ലൈയിങ് ഫ്ലീ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്തെ ബൈക്കിൽ നിന്ന് ഇലക്ട്രിക് യുഗത്തിലേക്ക്

ഫ്ലൈയിങ് ഫ്ലീ എന്ന പേര് റോയൽ എൻഫീൽഡിന് പുതിയതല്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികർക്ക് പാരച്യൂട്ടുകളുടെ സഹായത്തോടെ യുദ്ധമേഖലകളിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരുന്ന ഭാരം കുറഞ്ഞ മോട്ടോർസൈക്കിളായിരുന്നു പഴയ ഫ്ലൈയിങ് ഫ്ലീ. ഭാരം കുറഞ്ഞ രൂപവും വ്യത്യസ്തമായ ഡിസൈനുമായിരുന്നു അതിന്റെ പ്രത്യേകത.ആ ചരിത്രത്തിന്റെ ഡിസൈൻ സ്വാധീനം നിലനിർത്തിയാണ് പുതിയ ഫ്ലൈയിങ് ഫ്ലീ സി6 ഒരുക്കിയിരിക്കുന്നത്. പഴയകാല ബൈക്കുകളെ ഓർമിപ്പിക്കുന്ന ഗിർഡർ ഫ്രണ്ട് സസ്പെൻഷനും ആധുനിക ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രൂപവും ഇതിന് വേറിട്ട ഭാവം നൽകുന്നു.സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബൈക്ക് ലഭ്യമാകുന്നത്.

2.79 ലക്ഷം രൂപ വില; ബാറ്ററി വാടകയ്ക്ക് എടുക്കാനും അവസരം

വിലയുടെ കാര്യത്തിലും രണ്ട് രീതികളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ബാറ്ററി ഉൾപ്പെടെ ബൈക്കിന്റെ എക്സ്-ഷോറൂം വില 2.79 ലക്ഷം രൂപയാണ്. എന്നാൽ തുടക്കത്തിൽ ചെലവാക്കേണ്ട തുക കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാറ്ററി ആസ് എ സർവിസ് പദ്ധതി തിരഞ്ഞെടുക്കാം.ഈ പദ്ധതി പ്രകാരം ബൈക്കിന്റെ പ്രാരംഭ വില 1.99 ലക്ഷം രൂപയായി കുറയും. എന്നാൽ ബാറ്ററിയുടെ ഉപയോഗത്തിനുള്ള സബ്സ്ക്രിപ്ഷൻ ചാർജ് പ്രത്യേകം നൽകണം. അതായത്, കുറഞ്ഞ വിലയിൽ ബൈക്ക് സ്വന്തമാക്കാമെങ്കിലും ബാറ്ററിയുടെ ഉപയോഗച്ചെലവ് കൂടി കണക്കിലെടുക്കണമെന്ന്​ സാരം. ഇതിനുപുറമെ 24 മണിക്കൂറും ലഭ്യമാകുന്ന റോഡ്‌സൈഡ് അസിസ്റ്റൻസ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

താക്കോൽ വേണ്ട, മൊബൈൽ ഫോൺ മതി!

പഴയകാല ഡിസൈൻ നിലനിർത്തുമ്പോഴും സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഫ്ലൈയിങ് ഫ്ലീ സി6. സാധാരണ താക്കോലിന് പകരം ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ബൈക്കിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കീലെസ് ആക്സസ് സംവിധാനവും അഞ്ചക്ക പാസ്‌കോഡ് നൽകി ബൈക്ക് അൺലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 3.5 ഇഞ്ച് വൃത്താകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ടി.എഫ്.ടി ഡിസ്പ്ലേയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

മറ്റ് സവിശേഷതകൾ:

  • ഗിർഡർ ഫ്രണ്ട് സസ്പെൻഷൻ: പഴയകാല മോട്ടോർസൈക്കിളുകളുടെ ഡിസൈൻ ഓർമിപ്പിക്കുന്ന വ്യത്യസ്തമായ ഫ്രണ്ട് സസ്പെൻഷൻ.
  • വയർലെസ് ചാർജിങ്: മൊബൈൽ ഫോൺ വയർലെസായി ചാർജ് ചെയ്യാനുള്ള സൗകര്യവും യു.എസ്​.ബി-സി പോർട്ടും.
  • മഗ്നീഷ്യം ബാറ്ററി കേസിങ്: ബാറ്ററി പാക്കിന്റെ ഭാരം നിയന്ത്രിക്കാനും രൂപകൽപനയിൽ പ്രത്യേകത നൽകാനും മഗ്നീഷ്യം അലോയ് ഉപയോഗിക്കുന്നു.
  • ക്രൂയിസ് കൺട്രോൾ: യാത്രയ്ക്കിടെ വേഗത നിയന്ത്രിക്കാൻ.
  • റൈഡിങ് മോഡുകൾ: വ്യത്യസ്ത സാഹചര്യങ്ങൾക്കായി ഇക്കോ, റെയിൻ, ഹൈവേ, സ്പോർട്ട്, കസ്റ്റം മോഡുകൾ.
  • സുരക്ഷ: ലീൻ ആംഗിൾ സെൻസിങ് എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, ആവശ്യാനുസരണം പിൻ എ.ബി.എസ് ഓഫ് ചെയ്യാനുള്ള സൗകര്യം.
  • ഒറ്റ ചാർജിൽ 154 കിലോമീറ്റർ; 3.7 സെക്കൻഡിൽ 60 കിലോമീറ്റർ വേഗം

3.91 kWh ലിഥിയം അയൺ ബാറ്ററിയാണ് ബൈക്കിന് കരുത്ത് നൽകുന്നത്. പരമാവധി 15.4 kW പവറും 60 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഇതിലുള്ളത്.

പരമാവധി വേഗത: മണിക്കൂറിൽ 115 കിലോമീറ്റർ

0–60 കിലോമീറ്റർ വേഗത: 3.7 സെക്കൻഡ്

ബൈക്കിന്റെ ഭാരം: 124 കിലോഗ്രാം

ചാർജിങ്ങിന്റെ കാര്യത്തിലും പ്രത്യേകതയുണ്ട്. സാധാരണ 16 ആംപിയർ പ്ലഗിൽ ചാർജ് ചെയ്യാൻ കഴിയുന്ന ബിൽറ്റ്-ഇൻ ചാർജറാണ് നൽകിയിരിക്കുന്നത്. 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 65 മിനിറ്റ് മതിയെന്നാണ് കമ്പനിയുടെ കണക്ക്. പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ 16 മിനിറ്റ് വേണ്ടിവരും.154 കിലോമീറ്റർ എന്നത് ഐ.ഡി.സി പരിശോധനയെ അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണ്. യഥാർഥ യാത്രയിൽ വേഗത, റോഡിന്റെ അവസ്ഥ, റൈഡിങ് രീതി തുടങ്ങിയവ അനുസരിച്ച് റേഞ്ചിൽ വ്യത്യാസമുണ്ടാകാം.

പെട്രോൾ എൻഫീൽഡിൽ നിന്ന് ഇലക്ട്രിക് ഫ്ലൈയിങ് ഫ്ലീയിലേക്ക്

വർഷങ്ങളായി പെട്രോൾ മോട്ടോർസൈക്കിളുകളിലൂടെ സ്വന്തം വിപണി സൃഷ്ടിച്ച റോയൽ എൻഫീൽഡ് ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കുമ്പോൾ സ്വീകരിച്ചിരിക്കുന്ന പുതിയ സമീപനമാണ് ഫ്ലൈയിങ് ഫ്ലീ സി6. പഴയകാല ഡിസൈനും പുതിയ സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് കമ്പനി ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.എന്നാൽ 2.79 ലക്ഷം രൂപയുടെ വിലയും ബാറ്ററി സബ്സ്ക്രിപ്ഷൻ രീതിയും പരിഗണിക്കുമ്പോൾ സാധാരണ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പകരക്കാരനായി മാത്രം ഇതിനെ കാണാനാകില്ല. മോട്ടോർസൈക്കിൾ അനുഭവം ആഗ്രഹിക്കുന്ന, അതേസമയം ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ താൽപര്യമുള്ള ഉപഭോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Enfield Flying Flea C6 in Kochi: Price, Range and Features
Next Story