ബജറ്റ്; മുഖ്യമന്ത്രി തുടങ്ങിയത് ബാധ്യതകൾ എണ്ണിപ്പറഞ്ഞ്; സംസ്ഥാനത്തിനുള്ളത് 5.07 ലക്ഷം കോടി കടം
text_fieldsതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബാധ്യതകളുടെ നേർചിത്രം വിവരിച്ചും പ്രതിസന്ധി അടിവരയിട്ടും സംസ്ഥാന ബജറ്റ്. പ്രഖ്യാപനങ്ങളിലേക്ക് കടക്കുംമുമ്പാണ് ധനസ്ഥിതിയുടെ പരിതാവസ്ഥ എണ്ണിപ്പറഞ്ഞത്. റിസർവ് ബാങ്കിന്‍റെ കണക്കനുസരിച്ച് 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണ് സംസ്ഥാനമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയടങ്ങുന്ന നിര്‍ബന്ധിത ചെലവുകള്‍ക്കായി നീക്കിവെക്കേണ്ടിവരുന്നു. റവന്യൂ വരുമാനത്തിന്റെ 20.9 ശതമാനം പലിശ അടവുകൾക്കായി ചെലവിടുകയാണ്.
സംസ്ഥാനത്തിന്റെ മൂലധന ചെലവ് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.3 ശതമാനമാണ്. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ്. 2015-16ല്‍, കേരളത്തിന്റെ തനത് നികുതി വരുമാനം ജി.എസ്.ഡി.പിയുടെ 6.94 ശതമാനമായിരുന്നു. ഇത് പ്രധാന സംസ്ഥാനങ്ങളുടെ ശരാശരിയായ 6.35 ശതമാനത്തേക്കാള്‍ 0.59 ശതമാനം മുകളിലായിരുന്നു. 2025-26ല്‍ ജി.എസ്.ഡി.പിയുടെ 6.41 ശതമാനത്തില്‍ നില്‍ക്കുന്ന കേരളത്തിന്റെ തനതു വരുമാനം സമാന സംസ്ഥാനങ്ങളുടെ ശരാശരിയായ 6.84 ശതമാനത്തിനും പ്രധാന സംസ്ഥാനങ്ങളുടെ ശരാശരിയായ ഏഴ് ശതമാനത്തിനും ദേശീയ ശരാശരിയായ 7.14 ശതമാനത്തിനും താഴെയായി.
2026 മാര്‍ച്ച് 31 വരെ ആകെ 87,012 കോടി രൂപയാണ് സര്‍ക്കാർ അടിയന്തരമായി കൊടുത്തു തീർക്കാനുള്ളത്. ഇതിനുപുറമെ ഏകദേശം 35,000 കോടി ചെലവ് വരുന്ന കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയും ഈ സര്‍ക്കാറിന്റെ ചുമലിലാണ്. 2024 ജൂലൈ ഒന്നുമുതൽ നടപ്പാക്കേണ്ട ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുകയും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ ഇതിലും കൂടുതല്‍ ബാധ്യത സര്‍ക്കാറിന് ഏറ്റെടുക്കേണ്ടിവരും. പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ അനിശ്ചിതത്വവും പ്രവാസി പണത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുറവും എണ്ണ വിലയിലെ മാറ്റങ്ങള്‍ സൃഷ്ടിച്ച പണപ്പെരുപ്പവും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.
കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകൾ
- ക്ഷാമബത്ത കുടിശ്ശിക 21,670 കോടി
- ക്ഷാമാശ്വാസ കുടിശ്ശിക- 14,387 കോടി
- ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും- 3,431 കോടി
- മാറ്റിവെച്ച ബാധ്യതകൾ- 9,245 കോടി
- കിഫ്ബി വായ്പ ബാധ്യത- 21,000 കോടി
- പെന്‍ഷന്‍ കമ്പനി ബാധ്യത- 17,279 കോടി
ഇടതുസർക്കാറിന്‍റെ അനുമാനം തെറ്റി; പദ്ധതി ചെലവ് പെരുപ്പിച്ച് കാട്ടി
ഇടതു സർക്കാറിന്‍റെ അവസാന ബജറ്റിലെ തെറ്റായ സാമ്പത്തിക അനുമാനം പദ്ധതി അടങ്കലിനെ ബാധിക്കുന്നുവെന്ന് ബജറ്റ്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് (14,137.69 കോടി രൂപ), മറ്റു ഗ്രാന്റുകള്‍, കേന്ദ്രനികുതി വിഹിതം എന്നീ ഇനങ്ങളിലായി ആകെ 20,500 കോടി രൂപ അധികമായി കിട്ടുമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ കണക്കാക്കിയത്. ഫലത്തിൽ പുതിയ സർക്കാറിന്‍റെ പുതുക്കിയ ബജറ്റിൽ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, മറ്റു ഗ്രാന്റുകള്‍, കേന്ദ്രനികുതി വിഹിതം എന്നീ ഇനങ്ങളിലായി ആകെ 20,500 കോടിയുടെ കുറവുണ്ടാകും. പ്രതീക്ഷിത വരുമാനത്തിലുണ്ടായ ഈ ഗണ്യമായ കുറവ് കണക്കിലെടുക്കാതെയാണ് പദ്ധതി അടങ്കല്‍ 35,750 കോടിയായി മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. ഈ കുറവ് കണക്കിലെടുക്കുമ്പോള്‍ യഥാർഥ പദ്ധതി അടങ്കലില്‍ ആനുപാതിക കുറവുണ്ടാകും.
പദ്ധതി അടങ്കല്‍ വർധിപ്പിക്കാതെ പദ്ധതി ചെലവ് പെരുപ്പിച്ച് കാണിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ യഥാർഥ പദ്ധതി കണക്കുകളില്‍ കിഫ്ബിയുടെയും ചില പൊതുമേഖല സ്ഥാപനങ്ങളുടെയും കണക്കുകള്‍ ബജറ്റ് എസ്റ്റിമേറ്റില്‍ ചേര്‍ക്കാതെ പദ്ധതി ചെലവില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ തെറ്റായ പ്രവണത പദ്ധതി ചെലവിന്റെ യഥാർഥ വസ്തുത പ്രതിഫലിപ്പിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും സ്വതവേ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

