Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ പെട്ടെന്ന് പാലിക്കേണ്ട 5 ആർ.ബി.ഐ നിയമങ്ങൾ

text_fields
bookmark_border
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ പെട്ടെന്ന്  പാലിക്കേണ്ട 5 ആർ.ബി.ഐ നിയമങ്ങൾ
cancel

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ പണം പിൻവലിക്കപ്പെടുകയാണെങ്കിൽ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. ബാങ്കുമായി ഉടൻ ബന്ധപ്പെടുക

ഇടപാടിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ബാങ്കിന്‍റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയോ ഉടൻ തന്നെ ബാങ്കിനെ വിവരമറിയിക്കുക. ഇത് നിങ്ങൾ അംഗീകരിച്ച ഇടപാടല്ലെന്നും അക്കൗണ്ടിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവരോട് ആവശ്യപ്പെടുക.

സാഹചര്യത്തിനനുസരിച്ച്, നിങ്ങളുടെ ഡെബിറ്റ് കാർഡ് താൽക്കാലികമായി ബ്ലോക്ക് ചെയ്യാനോ, ഓൺലൈൻ ബാങ്കിങ് സേവനം താൽക്കാലികമായി നിർത്തിവെക്കാനോ, പിൻവലിക്കലുകൾക്ക് പരിധി നിശ്ചയിക്കാനോ ബാങ്കിനോട് അഭ്യർഥിക്കാം. റിപ്പോർട്ട് ചെയ്യുന്നത് അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കരുത്. അനധികൃത ഇലക്ട്രോണിക് ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുക്കാൻ ആർ.ബി.ഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2. സൈബർ ക്രൈം അധികാരികൾക്ക് പരാതി നൽകുക

ബാങ്കിൽ റിപ്പോർട്ട് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് സൈബർ ക്രൈം അധികാരികളെ വിവരമറിയിക്കുന്നതും. ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്പ് ലൈൻ നമ്പർ 1930 ആണ്. കൂടാതെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയും പരാതി നൽകാം.

തുക, തീയതി, സമയം, ലഭ്യമാണെങ്കിൽ പേയ്‌മെന്‍റിന്‍റെ വിവരങ്ങൾ തുടങ്ങി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തുക. ഭാവി ആവശ്യങ്ങൾക്കായി ലഭിക്കുന്ന അക്നോളജ്മെന്റ് നമ്പർ സൂക്ഷിച്ചു വെക്കുക. ഹെൽപ്പ് ലൈനിൽ വിളിച്ച് മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും ബാങ്കിനെ വിവരമറിയിക്കാൻ വൈകരുത്. സാമ്പത്തിക തട്ടിപ്പുകളിൽ ഈ രണ്ട് കാര്യങ്ങളും ഒരുപോലെ പ്രധാനമാണ്.

3. ബാങ്ക് പണം തിരികെ നൽകുമോ?

പൂർണ്ണമായ തുക തിരികെ ലഭിക്കുമോ ഇല്ലയോ എന്നത് ഇടപാടിന്‍റെ സ്വഭാവത്തെയും ബാങ്കിൽ വിവരമറിയിച്ച സമയത്തെയും ആശ്രയിച്ചിരിക്കും.

ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച: ആർ.ബി.ഐ നിയമപ്രകാരം, ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള തട്ടിപ്പ്, അശ്രദ്ധ അല്ലെങ്കിൽ സിസ്റ്റത്തിലെ തകരാറ് എന്നിവ മൂലമാണ് അനധികൃത ഇടപാട് നടന്നതെങ്കിൽ ഉപഭോക്താവിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.

മൂന്നാം കക്ഷി മൂലമുള്ള തട്ടിപ്പ്: ബാങ്കിന്‍റെയോ ഉപഭോക്താവിന്‍റെയോ തെറ്റുകൂടാതെ ഒരു മൂന്നാം കക്ഷി സിസ്റ്റത്തിൽ കടന്നുകയറി തട്ടിപ്പ് നടത്തിയാൽ, ഇടപാട് സന്ദേശം ലഭിച്ച് 3 പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്കിനെ വിവരമറിയിക്കുകയാണെങ്കിൽ ഉപഭോക്താവിന് തുക നഷ്ടപ്പെടില്ല.

4 മുതൽ 7 വരെ പ്രവൃത്തി ദിവസങ്ങൾ: മൂന്നാം കക്ഷിയുടെ കടന്നുകയറ്റം 4 മുതൽ 7 വരെ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ പരിമിതമായ ബാധ്യത മാത്രമേ ഉപഭോക്താവിനുണ്ടാകൂ. അക്കൗണ്ടിന്‍റെ തരവും ആർ.ബി.ഐ മാനദണ്ഡങ്ങളും അനുസരിച്ച് ഈ പരിധി നിശ്ചയിക്കപ്പെടും. തട്ടിപ്പ് നടന്ന തുകയാണോ അതോ ആർ.ബി.ഐ നിശ്ചയിച്ച പരിധിയാണോ കുറവ്, അത്രയും തുക മാത്രമേ ഉപഭോക്താവിന് നഷ്ടപ്പെടൂ.

7 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം: ബാങ്കിനെ വിവരമറിയിക്കാൻ 7 പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ എടുത്താൽ, ബാങ്കിന്‍റെ ബോർഡ് അംഗീകരിച്ച നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉപഭോക്താവിന്റെ സാമ്പത്തിക ബാധ്യത തീരുമാനിക്കുന്നത്.

നിങ്ങളുടെ കാർഡ് പിൻ, പാസ്‌വേഡ് അല്ലെങ്കിൽ വൺ-ടൈം പാസ്‌വേഡ് എന്നിവ മറ്റാർക്കെങ്കിലും കൈമാറുകയും അത് ദുരുപയോഗം ചെയ്ത് അനധികൃത ഇടപാട് നടക്കുകയും ചെയ്താൽ, ബാങ്കിൽ വിവരമറിയിക്കുന്നത് വരെയുള്ള സാമ്പത്തിക നഷ്ടത്തിന് ഉപഭോക്താവ് തന്നെയായിരിക്കും ഉത്തരവാദി. എന്നാൽ ബാങ്കിനെ വിവരമറിയിച്ചതിന് ശേഷവും അക്കൗണ്ടിൽ നിന്ന് കൂടുതൽ നഷ്ടമുണ്ടായാൽ, ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ആ നഷ്ടം ബാങ്ക് തന്നെ സഹിക്കേണ്ടിവരും.

വിവരമറിയിക്കേണ്ട കാലാവധി കണക്കാക്കുന്നത് നിങ്ങളുടെ ബാങ്കിന്റെ പ്രവൃത്തി ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇടപാട് സന്ദേശം ലഭിച്ച തീയതി ഇതിൽ ഉൾപ്പെടുത്തില്ല.

4. പണം തിരികെ ലഭിക്കാൻ ബാങ്ക് എത്ര സമയമെടുക്കും?

അന്വേഷണം പൂർത്തിയാകുന്നതുവരെ തുക തിരികെ ലഭിക്കാൻ ഉപഭോക്താക്കൾ കാത്തിരിക്കേണ്ടതില്ല. ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, 'സീറോ' അല്ലെങ്കിൽ 'ലിമിറ്റഡ്' ബാധ്യതയുള്ള അനധികൃത ഇടപാടുകളെക്കുറിച്ച് അറിയിപ്പ് ലഭിച്ച് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്ക് താൽക്കാലികമായി അത്രയും തുക ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഈ നിക്ഷേപത്തിന് ഇടപാട് നടന്ന തീയതിയിലെ പ്രാബല്യമുണ്ടായിരിക്കും. കൂടാതെ പരാതി പരിഹരിക്കാനും ഉത്തരവാദിത്തം ആരുടേതാണെന്ന് തീരുമാനിക്കാനും ബാങ്കുകൾക്ക് തങ്ങളുടെ ബോർഡ് അംഗീകൃത നയത്തിൽ വ്യക്തമാക്കിയ സമയപരിധിയുണ്ട്. ഈ സമയപരിധി പരാതി ലഭിച്ച തീയതി മുതൽ 90 ദിവസത്തിൽ കവിയാൻ പാടില്ല.

90 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനോ ഉപഭോക്താവിന്റെ ബാധ്യത നിശ്ചയിക്കാനോ ബാങ്കിന് കഴിഞ്ഞില്ലെങ്കിൽ, ബാധകമായ ആർ.ബി.ഐ നിയമങ്ങൾ അനുസരിച്ച് ബാങ്ക് നഷ്ടപരിഹാരം നൽകണം. കൂടാതെ അനധികൃതമായി പണം പിൻവലിക്കപ്പെട്ടത് മൂലം ഉപഭോക്താവിന് പലിശ നഷ്ടപ്പെടുന്നില്ലെന്നും ബാങ്ക് ഉറപ്പാക്കേണ്ടതുണ്ട്.

5. കൂടുതൽ നഷ്ടം സംഭവിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

നിങ്ങളുടെ പരാതിയിൽ അന്വേഷണം നടക്കുന്ന സമയത്ത്, അക്കൗണ്ട് സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഇന്‍റർനെറ്റ് ബാങ്കിങ്ങിന്‍റെയും പേയ്‌മെന്‍റ് ആപ്പുകളുടെയും പാസ്‌വേഡ് അടിയന്തരമായി മാറ്റുക.

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന ആർക്കും നിങ്ങളുടെ ഒ.ടി.പി, പിൻ, ബാങ്കിങ് പാസ്‌വേഡ് എന്നിവ കൈമാറരുത്. പരാതി പരിഹരിക്കുന്നതിന് ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇവയുടെ ആവശ്യമില്ല. നിങ്ങളുടെ അക്കൗണ്ടിലെ അവസാനത്തെ ചില ഇടപാടുകൾ പരിശോധിക്കുകയും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. പരാതി നമ്പർ, പരാതി നൽകിയ സമയം എന്നിവ ഉൾപ്പെടെ ബാങ്കുമായി നടത്തുന്ന എല്ലാ ആശയവിനിമയങ്ങളുടെയും രേഖകൾ സൂക്ഷിച്ചു വെക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5 RBI rules to follow immediately if you lose money from your account
Next Story