Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്കുകൾക്ക്...

ബാങ്കുകൾക്ക് സാധാരണക്കാരെ വേണ്ടേ ?

text_fields
bookmark_border
minimum balance
cancel

ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി 10,000 രൂപയിൽനിന്ന് 50,000 രൂപയായി ഉയർത്തിയത് കഴിഞ്ഞയാഴ്ച വാർത്തയായിരുന്നു. പ്രതിഷേധവും സമ്മർദവും കാരണം ഇത് പിന്നീട് 15,000 രൂപയായി കുറച്ചു. യാഥാർഥ്യത്തിൽ 50,000 രൂപയാക്കാൻ ലക്ഷ്യമിട്ടിരുന്നോ അതോ കുറച്ച് കുറക്കാൻ വേണ്ടി കൂടുതൽ കൂട്ടിയതാണോ എന്ന് അവർക്ക് മാത്രമേ അറിയൂ. മറ്റു സ്വകാര്യ ബാങ്കുകളിലും മിനിമം ബാലൻസ് പരിധി സാധാരണക്കാർക്ക് ഭാരമാകുന്ന വലിയ തുക തന്നെയാണ്. മിനിമം ബാലൻസ് സൂക്ഷിക്കാൻ വായ്പയെടുക്കേണ്ട അവസ്ഥയെന്ന് സമൂഹമാധ്യമങ്ങളിൽ ട്രോൾ ഇറങ്ങിയിരുന്നു. അതേസമയം, സാലറി അക്കൗണ്ടുകൾക്ക് നിലവിൽ മിനിമം ബാലൻസ് നിബന്ധനയില്ല.

പരമാവധി ആളുകളെ സാമ്പത്തിക പ്രവർത്തനത്തിൽ ഉൾ​ച്ചേർക്കുക എന്ന ലക്ഷ്യത്തോടെ എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ദേശസാത്കൃത ബാങ്കുകൾ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. അവരും സ്വകാര്യ ബാങ്കുകളുടെ വഴിയേ നീങ്ങുമോ എന്ന ആശങ്ക ഇല്ലാതില്ല.

മിനിമം ബാലൻസ് പരിധി തീരുമാനിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടെന്നും അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് റിസർവ് ബാങ്കിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് മിനിമം ബാലൻസ് പരിധി ഉയർത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് രൂപയാണ് മിനിമം ബാലൻസ് ഇനത്തിൽ ബാങ്കുകളുടെ കൈവശമിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക് 10000 രൂപയിൽനിന്ന് 15000 ആയി ഉയർത്തുമ്പോൾ 50 ശതമാനമാണ് ഉയരുന്നത്. സാധാരണക്കാർക്ക് ബാങ്കിങ് സേവനങ്ങൾ അപ്രാപ്യമാകുമെന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കുകൾ ഹൈ ക്ലാസ് ഉപഭോക്താക്കൾ മതി എന്ന നിലപാടിലാണ് എന്ന് വിലയിരുത്തലുണ്ട്. ഒരു കോടി ഉപഭോക്താക്കൾക്ക് സേവനം നൽകാനും പത്തുലക്ഷം പേർക്ക് സേവനം നൽകാനും ബാങ്കിന് വരുന്ന ചെലവിൽ വലിയ വ്യത്യാസമുണ്ട്. പ്രീമിയം ഉപഭോക്താക്കൾക്ക് ഉയർന്ന ഫീസ് ഈടാക്കി പ്രീമിയം സേവനം നൽകാൻ ‘പാവ​പ്പെട്ട’ ഉപഭോക്താക്കൾ കുറച്ചൊക്കെ ഒഴിഞ്ഞുപോവുകയാണ് നല്ലതെന്ന് അവർ കരുതുന്നുണ്ടാവണം. വിവിധ സ്വകാര്യ ബാങ്കുകളിലെ മിനിമം ബാലൻസ് പരിധിയും ലംഘിച്ചാലുള്ള പിഴയും പരിശോധിക്കാം.

ഐ.സി.ഐ.സി.ഐ ബാങ്ക്

50,000ത്തിൽ നിന്ന് കുറച്ചതിന് ശേഷമുള്ള മിനിമം ബാലൻസ് പരിധി ഗ്രാമീണ മേഖലയിൽ 2500 രൂപയും അർധ നഗര മേഖലയിൽ 7500 രൂപയും അർബൻ/മെട്രോ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ്. പ്രീമിയം ഉപഭോക്താക്കൾ, പെൻഷനേഴ്സ്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ വിദ്യാർഥികൾ എന്നിവർക്ക് മിനിമം ബാലൻസ് പരിധിയില്ല. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ കുറവുള്ള തുകയുടെ ആറ് ശതമാനം (പരമാവധി 500 രൂപ) പിഴയീടാക്കും.

എച്ച്.ഡി.എഫ്.സി ബാങ്ക്

ഗ്രാമീണം, ചെറുനഗരം, നഗരം എന്നിങ്ങനെ തരംതിരിച്ചാണ് മിനിമം ബാലൻസ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അർബൻ ബ്രാഞ്ചുകളിലെ സേവിങ്സ് അക്കൗണ്ടുകളിൽ 10000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കുകയോ ഒരു ലക്ഷം രൂപ ഒരു വർഷവും ഒരു ദിവസവും സമയത്തേക്ക് സ്ഥിര നിക്ഷേപം നടത്തുകയോ വേണം. സെമി അർബൻ നഗരങ്ങളിൽ ഇത് 5,000 രൂപ അല്ലെങ്കിൽ 50,000 രൂപ ആണ്. ഗ്രാമ ശാഖകളിലാണെങ്കിൽ 2500 രൂപ മിനിമം ബാലൻസോ 25000 രൂപ സ്ഥിര നിക്ഷേപമോ (ഒരു വർഷവും ഒരു ദിവസം) വേണം. ഇത് പാലിച്ചില്ലെങ്കിൽ ബാലൻസിൽ കുറവുള്ള തുകയുടെ ആറ് ശതമാനമോ 600 രൂപയോ ഏതാണ് കുറവ് അത് പിഴയായി ഈടാക്കും.

ആക്സിസ് ബാങ്ക്

മെട്രോ, അർബൻ ശാഖകളിലെ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിബന്ധനയില്ല. സെമി അർബൻ/ഗ്രാമീണ ബ്രാഞ്ചുകളിൽ 10,000 രൂപ ബാലൻസ് അല്ലെങ്കിൽ ഒരു വർഷത്തേക്ക് 50,000 രൂപ സ്ഥിര നിക്ഷേപം വേണം. സെമി അർബൻ ബ്രാഞ്ചുകളിൽ കുറവുള്ള തുകയുടെ ആറ് ശതമാനമോ 300 രൂപയോ ഏതാണ് കുറവ് അത്രയും പിഴയീടാക്കാം. ഗ്രാമീണ മേഖലയിൽ കുറവുള്ള തുകയുടെ ആറ് ശതമാനമോ 150 രൂപയോ ഏതാണ് കുറവ് അത്രയുമാണ് പിഴ.

കൊടക് മഹീന്ദ്ര ബാങ്ക്

വിവിധ തരം സേവിങ് അക്കൗണ്ടുകൾക്ക് 2000 മുതൽ ഒരു ലക്ഷം രൂപ വരെ വ്യത്യസ്ത നിരക്കിലാണ് മിനിമം ബാലൻസ് പരിധി. പിഴത്തുകയിലും വ്യത്യാസമുണ്ട്. കൊടക് 811 സീറോ ബാലൻസ് അക്കൗണ്ടിൽ പരിധിയില്ല. ബാക്കി എല്ലാറ്റിലും കുറവുള്ള തുകയുടെ ആറ് ശതമാനമാണ് പിഴ. പരമാവധി തുകയിലാണ് വ്യത്യാസം. ക്ലാസിക് സേവിങ്സ് അക്കൗണ്ടിൽ പരമാവധി 500 രൂപ, പ്രോ, എഡ്ജ്, പ്ലാറ്റിന സേവിങ്സ് അക്കൗണ്ടുകളിൽ പരമാവധി 600 രൂപ, നോവ അക്കൗണ്ടിൽ പരമാവധി 250 രൂപ, സൻമൻ അക്കൗണ്ടിൽ പരമാവധി 100 രൂപ എന്നിങ്ങനെയാണ് പിഴ.

ഇൻഡസ് ഇൻഡ് ബാങ്ക്

വിവിധ തരം സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസിൽ കുറവുള്ള തുകയുടെ ആറ് മുതൽ പത്ത് ശതമാനം വരെയാണ് പിഴ. പരമാവധി തുക 150 രൂപക്കും 900 രൂപക്കും ഇടയിലാണ്. ഇൻഡസ് ഇൻഡ് ​ഡിലൈറ്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് പരിധിയില്ല. എന്നാൽ, ഡെബിറ്റ് കാർഡ് ഫീസായി ചെറിയ തുക നൽകേണ്ടതുണ്ട്.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

ഡയമണ്ട് പ്രൈവറ്റ് സേവിങ്സ് അക്കൗണ്ടിൽ ബാലൻസ് പരിധിയില്ല. 10,000, 25,000 രൂപ പരിധിയുള്ള മറ്റു തരം അക്കൗണ്ടുകളുണ്ട്. 25,000 പരിധിയുള്ളതിൽ കുറവുള്ള തുകയുടെ ആറുശതമാനം (പരമാവധി 500), 10000 രൂപ പരിധിയുള്ളവയിൽ ആറുശതമാനം (പരമാവധി 600) പിഴ നൽകണം.

യെസ് ബാങ്ക്

പ്രോ മാക്സ് സേവിങ്സ് അക്കൗണ്ടിൽ 50,000 രൂപയും പ്രോ പ്ലസ്, യെസ് എസൻസ്, യെസ് റെസ്​പെക്ട് അക്കൗണ്ടുകളിൽ 25,000, പ്രോ സേവിങ്സ് അക്കൗണ്ടിൽ 10,000, വാല്യൂ, കിസാൻ സേവിങ്സ് അക്കൗണ്ടുകളിൽ 5000, മൈ ഫസ്റ്റ് യെസ് അക്കൗണ്ടിൽ 2500 എന്നിങ്ങനെയാണ് മിനിമം ബാലൻസ് പരിധി. ബാലൻസ് പരിധിയുടെ പകുതിയിലധികം കുറവുവന്നാൽ കുറവുള്ള തുകയുടെ പത്ത് ശതമാനവും പകുതിയിൽ താഴെയാണെങ്കിൽ അഞ്ചുശതമാനവുമാണ് പിഴ. പരമാവധി പിഴ പ്രോ മാക്സ് (1000), പ്രോ, പ്രോ പ്ലസ് /യെസ് എസൻസ് /യെസ് റെസ്​പെക്ട് (750), വാല്യൂ /കിസാൻ (500), മൈ ഫസ്റ്റ് യെസ് (250) എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankminimum balanceICICI BankLatest News
News Summary - banks policy of rising minimum balance affects people
Next Story