മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയർ ചെയ്യണം; നിർദേശവുമായി ആർ.ബി.ഐ
text_fieldsമുംബൈ: ചെക്ക് ക്ലിയർ ചെയ്യുന്നതിന് റിസർവ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ നാല് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ബാങ്കുകൾ ചെക്ക് ക്ലിയർ ചെയ്യണമെന്നാണ് ആർ.ബി.ഐ അറിയിപ്പ്.
നിലവിൽ ദിവസങ്ങളെടുക്കുന്ന ചെക്ക് ക്ലിയറിങ് പ്രക്രിയയാണ് മണിക്കൂറുകളിലേക്ക് ചുരുക്കാൻ ലക്ഷ്യമിടുന്നത്. ചെക്ക് ക്ലിയറിങിന്റെ കാര്യക്ഷമത വർധിപ്പിച്ച് ഉപഭോക്താക്കൾക്ക് മികച്ചൊരു ബാങ്കിങ് അനുഭവം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർ.ബി.ഐ അറിയിച്ചു. ചെക്കുകൾ ലഭിച്ചാൽ ഉടൻ തന്നെ അത് സ്കാൻ ചെയ്ത് ക്ലിയറിങ് സ്ഥാപനത്തിന് നൽകണമെന്ന് ആർ.ബി.ഐ നിർദേശിച്ചു.
ചെക്ക് ട്രങ്കേഷൻ സിസ്റ്റം വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് പ്രൊസസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതാണ് പുതിയ സംവിധാനത്തിൽ മാറുക. ഒക്ടോബർ നാല് മുതൽ 2026 ജനുവരി വരെ ചെക്ക് ലഭിച്ചാൽ വൈകീട്ട് ഏഴ് മണിക്കുള്ളിൽ അത് സ്വീകരിക്കണോയെന്ന് തീരുമാനിക്കണം. ജനുവരി മുതൽ ചെക്ക് ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ അത് സ്വീകരിക്കണോയെന്ന വേണ്ടയോയെന്ന കാര്യത്തിൽ ബാങ്കുകൾ തീരുമാനമെടുക്കണം.
ഉദാഹരണത്തിന് രാവിലെയെത്തിയ ഒരു ചെക്ക് ക്ലിയർ ചെയ്യണോയെന്ന കാര്യത്തിൽ ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ആർ.ബി.ഐ നിർദേശിച്ചു. ഇതോടെ ചെക്കുകളിൻമേൽ വേഗത്തിൽ പണം ലഭിക്കാനുള്ള സാഹചര്യമാണ് ഉണ്ടാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.