കിട്ടാക്കടം പെരുകി, 600 ൽ അധികം ബാങ്കുകൾ പൂട്ടി; ചൈനയിൽ സാമ്പത്തിക പ്രതിസന്ധിയോ?
text_fieldsബെയ്ജിങ്: ചൈനയിൽ ആഭ്യന്തര സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും കിട്ടാക്കടവും കുത്തനെ ഉയർന്നതിനെ തുടർന്ന് ബാങ്കിങ് മേഖലയിൽ വൻ അഴിച്ചുപണി. ധനകാര്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചൈനീസ് സർക്കാർ ബാങ്കുകളുടെ ലയന നടപടികൾ വേഗത്തിലാക്കിയതോടെ 670ഓളം ചെറുകിട ബാങ്കിങ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. രാജ്യത്തെ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും പ്രവർത്തിച്ചിരുന്ന ചെറുകിട വായ്പാ സഹകരണ സ്ഥാപനങ്ങളും പ്രാദേശിക ബാങ്കുകളുമാണ് പ്രധാനമായും ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുകയും മറ്റ് വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കപ്പെടുകയും ചെയ്തത്. ഗ്രാമീണ ബാങ്കുകളുടെ ആസ്തിയില്‍ നിന്നുള്ള വരുമാനം 2021ലെ 0.56 ശതമാനത്തില്‍ നിന്ന് മുന്‍വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 0.45 ശതമാനമായി കുറഞ്ഞതായും കണക്കുകൾ പറയുന്നു.
ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകർച്ചയും പ്രാദേശിക ഭരണകൂടങ്ങളുടെ കടബാധ്യതകളുമാണ് ബാങ്കുകളെ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയാതെ വന്നതോടെ പല ചെറുകിട ബാങ്കുകളുടെയും സാമ്പത്തിക അടിത്തറ തകർന്നു. ജനങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ വരെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ധനകാര്യ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാതിരിക്കാനാണ് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയത്.
പ്രതിസന്ധിയിലായ ഇത്തരം ചെറുകിട സ്ഥാപനങ്ങളെ വലിയ ബാങ്കുകളുടെ ശാഖകളാക്കി മാറ്റുകയാണ് നിലവിൽ സർക്കാർ ചെയ്യുന്നത്. എങ്കിലും ഒരേസമയം ഇത്രയധികം ബാങ്കുകൾ ഇല്ലാതാകുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടുത്ത ആഭ്യന്തര വെല്ലുവിളികളുടെ വ്യക്തമായ സൂചനയാണ് നൽകുന്നത്. വരും മാസങ്ങളിലും കൂടുതൽ ലയന നടപടികൾ തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

