വിദ്യാഭ്യാസ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നത് നേട്ടമോ: ബാലൻസ് ട്രാൻസഫറിന്‍റെ നിബന്ധനകൾ അറിയാം
text_fieldsകോളജ് പഠനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് തുടരുന്ന സാഹചര്യങ്ങളിൽ മറ്റൊരു ബാങ്ക് കുറഞ്ഞ പലിശ നിരക്കോ കൂടുതൽ സൗകര്യപ്രദമായ തിരിച്ചടവ് വ്യവസ്ഥകളോ വാഗ്ദാനം ചെയ്തു വരുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ഒരു വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ കഴിയുമോ എന്നൊരു ചോദ്യം ഉയർന്നു വരും.
മറ്റൊരു ബാങ്കിന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായി, ബാലൻസ് ട്രാൻസ്ഫർ വഴി വിദ്യാഭ്യാസ വായ്പ പൊതുവെ മാറ്റാൻ സാധിക്കും. പുതിയ ബാങ്ക് നിങ്ങളുടെ നിലവിലുള്ള വായ്പ ഏറ്റെടുക്കുകയും, അതിനുശേഷം പുതുക്കിയ വ്യവസ്ഥകൾ പ്രകാരം നിങ്ങൾ പുതിയ ബാങ്കിൽ തിരിച്ചടവ് തുടരുകയും ചെയ്യാം.
വായ്പ എന്തിന് മറ്റൊരു ബാങ്കിലേക്ക് മാറ്റണം?
പലിശ നിരക്കാണ് ഇതിലെ ഏറ്റവും പ്രധാന കാരണം. വലിയൊരു തുക ബാക്കിയുണ്ടാവുകയും തിരിച്ചടവിന് ഇനിയും വർഷങ്ങൾ ബാക്കിയുണ്ടാവുകയും ചെയ്യുമ്പോൾ പലിശയിലെ ചെറിയൊരു കുറവ് പോലും വലിയ വ്യത്യാസം ഉണ്ടാക്കും. വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിലൂടെ കുറഞ്ഞ പലിശ നിരക്ക് നിങ്ങളുടെ ഇ.എം.ഐ കുറയ്ക്കാനോ, തിരിച്ചടവ് കാലാവധി ചുരുക്കാനോ അല്ലെങ്കിൽ ആകെ നൽകേണ്ട പലിശ തുക കുറയ്ക്കാനോ സഹായിക്കും. എന്നാൽ പരസ്യങ്ങളിൽ കാണുന്ന നിരക്ക് മാത്രം നോക്കി ഈ തീരുമാനം എടുക്കരുത്.
നിങ്ങൾ അടച്ചുതീർക്കാനുള്ള മുതൽ തുക, ബാക്കി കാലാവധി, പുതിയ ബാങ്കിന്‍റെ നിരക്കുകൾ എന്നിവയെ ആശ്രയിച്ചാണ് യഥാർഥ ലാഭം കണക്കാക്കുന്നത്. ബാലൻസ് ട്രാൻസ്ഫർ എന്നത് സ്വാഭാവികമായി ലഭിക്കുന്ന ഒരു അവകാശമല്ല. നിങ്ങളുടെ തിരിച്ചടവ് ചരിത്രം, വരുമാനം അല്ലെങ്കിൽ സഹ-വായ്പക്കാരന്‍റെ സാമ്പത്തിക സ്ഥിതി, നിലവിലുള്ള വായ്പ മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ പുതിയ ബാങ്ക് വിലയിരുത്തും. നിങ്ങളുടെ നിലവിലുള്ള തിരിച്ചടവ് റെക്കോർഡും പ്രധാനമാണ്. കൃത്യസമയത്ത് ഇ.എം.ഐ അടച്ചവർക്ക് മറ്റൊരു ബാങ്കിനെ സമീപിക്കുമ്പോൾ കൂടുതൽ അനുകൂലമായ സമീപനം ലഭിക്കും. ട്രാൻസ്ഫർ അംഗീകരിക്കുന്നതിന് മുമ്പ് നിലവിലുള്ള വിദ്യാഭ്യാസ വായ്പയുടെ വിശദാംശങ്ങളും അനുബന്ധ രേഖകളും പുതിയ ബാങ്ക് ആവശ്യപ്പെട്ടേക്കാം.
യഥാർഥ ലാഭം കണക്കാക്കുക
നിങ്ങൾക്ക് ഇനിയും 8 ലക്ഷം രൂപ കടമുണ്ടെന്നും 4 വർഷത്തെ കാലാവധി ബാക്കിയുണ്ടെന്നും കരുതുക. പലിശ നിരക്കിലെ കുറവ് ആകർഷകമായി തോന്നുമെങ്കിലും, ഈ മാറ്റത്തിന് പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷൻ അല്ലെങ്കിൽ മറ്റ് നിരക്കുകൾ ഈടാക്കുന്നുണ്ടെങ്കിൽ, ആ തുക പ്രതീക്ഷിക്കുന്ന പലിശ ലാഭത്തിൽ നിന്ന് കുറയ്ക്കേണ്ടതുണ്ട്. കൂടാതെ, വായ്പയുടെ ബാക്കി വരുന്ന അതേ കാലയളവിലേക്ക് മാത്രം പുതിയ വായ്പയും താരതമ്യം ചെയ്യുക. ഇ.എം.ഐ കുറയ്ക്കാൻ വേണ്ടി മാത്രം കാലാവധി നീട്ടിനൽകുന്നത് കൂടുതൽ കാലം പലിശ നൽകുന്നതിനും വായ്പ മാറ്റിയതുകൊണ്ടുള്ള പ്രയോജനം നഷ്ടപ്പെടുത്തുന്നതിനും കാരണമായേക്കാം.
നിലവിലുള്ള ബാങ്കിന്‍റെ വ്യവസ്ഥകൾ പരിശോധിക്കുക
മറ്റൊരു ബാങ്കിനെ സമീപിക്കുന്നതിന് മുമ്പ്, നിലവിലുള്ള ബാങ്കിൽ നിന്ന് ഫോർക്ലോഷർ അല്ലെങ്കിൽ ഔട്ട്‌സ്റ്റാൻഡിങ് ലോൺ സ്റ്റേറ്റ്‌മെന്‍റ് (കാലാവധി തീരുന്നതിന് മുൻപ് അടച്ചുതീർക്കുന്നതിന്റെ സ്റ്റേറ്റ്‌മെന്‍റ്) ആവശ്യപ്പെടുക. കൃത്യമായി എത്ര തുക അടച്ചുതീർക്കാനുണ്ടെന്നും ബാധകമായ നിരക്കുകളോ നടപടിക്രമങ്ങളോ ഉണ്ടോയെന്നും കണ്ടെത്തുക. മറ്റൊരു ബാങ്കിലേക്ക് വായ്പ അക്കൗണ്ടുകൾ മാറ്റാൻ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുവാദിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ പ്രത്യേക കരാർ വ്യവസ്ഥകൾ ഇവിടെ പ്രധാനമാണ്. ബാക്കിയുള്ള തുകയെക്കുറിച്ചുള്ള വാക്കാൽ പറയുന്ന കണക്കുകളെ ആശ്രയിക്കരുത്.
ആദായ നികുതി ആനുകൂല്യങ്ങൾ വീണ്ടും പരിശോധിക്കുക
വിദ്യാഭ്യാസ വായ്പ എടുത്തവർ സെക്ഷൻ 80ഇ (Section 80E) കൂടി പരിഗണിക്കേണ്ടതുണ്ട്. ആദായനികുതി നിയമപ്രകാരം, അർഹരായ വായ്പക്കാർക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശക്ക് നികുതിയിളവ് ക്ലെയിം ചെയ്യാം. മുതൽ തുകക്കല്ല, മറിച്ച് പലിശക്കാണ് നികുതിയിളവ് ലഭിക്കുന്നത്. ഈ നികുതി ആനുകൂല്യം വായ്പയുടെ യഥാർഥ ചെലവിനെ സ്വാധീനിക്കും. നിങ്ങൾ വായ്പ മാറ്റുകയാണെങ്കിൽ, ആനുകൂല്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് കരുതുന്നതിന് മുമ്പ് പുതിയ വായ്പ രേഖകളും പലിശ അടവുകളും നിങ്ങളുടെ നികുതി രേഖകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുക.
ഇ.എം.ഐ കുറവാണെന്ന് കരുതി എപ്പോഴും മികച്ചൊരു തീരുമാനമാകണമെന്നല്ല
ആളുകൾ എളുപ്പത്തിൽ വീണുപോകുന്ന ഒരു കെണിയാണിത്. തിരിച്ചടവ് കാലാവധി നീട്ടി നൽകിയിട്ടുള്ളതുകൊണ്ട് പുതിയ ബാങ്ക് വളരെ കുറഞ്ഞ ഇ.എം.ഐ വാഗ്ദാനം ചെയ്തേക്കും. ഇത് ഓരോ മാസവും നിങ്ങളുടെ പക്കലുള്ള പണം വർധിപ്പിക്കുമെങ്കിലും, ആകെ മൊത്തം കണക്കാക്കിയാൽ നിങ്ങൾ കൂടുതൽ പലിശ ഒടുക്കേണ്ടി വരും. പുതിയ ഓഫറിലെ ഇ.എം.ഐ മാത്രം നോക്കി ഒരിക്കലും തീരുമാനം എടുക്കരുത്
. മൊത്തത്തിൽ പണം ലാഭിക്കുക എന്നതാണ് ലക്ഷ്യം. നിങ്ങൾക്ക് വലിയൊരു തുക വായ്പ ബാക്കിയുണ്ടാവുകയും, തിരിച്ചടവിന് കുറച്ചധികം വർഷങ്ങൾ ബാക്കിയുണ്ടാവുകയും, അതേസമയം നിലവിലുള്ളതിനേക്കാൾ വളരെ കുറഞ്ഞ പലിശ നിരക്ക് പുതിയ ബാങ്ക് ഈടാക്കുകയും ചെയ്യുകയാണെങ്കിൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

