കെ.വൈ.സി പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാവും; പണം പിൻവലിക്കാനാവില്ല...
text_fieldsതിരുവനന്തപുരം: പത്ത് വർഷം പൂർത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും നിർബന്ധമായും കെ.വൈ.സി പുതുക്കണമെന്നും അല്ലാത്ത പക്ഷം പണം പിൻവലിക്കലടക്കം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി ) കൺവീനർ കെ.എസ് പ്രദീപ്. കേരളത്തിൽ 57 ലക്ഷം അക്കൗണ്ടുകളാണ് കെ.വൈ.സി കാലാവധി കഴിഞ്ഞവയായുള്ളത്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. കെ.വൈ.സി പുതുക്കാത്തതിന്‍റെ പേരിൽ ഇതിനോടകം ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും കെ.എസ് പ്രദീപ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
2014 -15 കാലയളവിൽ വിവിധ സബ്സിഡികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി സീറോ ബാലൻസ് സ്വഭാവത്തിൽ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കലിന്‍റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. കാലാവധി കഴിഞ്ഞ 57 ലക്ഷം അകൗണ്ടുകളിൽ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയായി എത്തുന്ന തുകയടക്കം പിൻവലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളിൽ ചെക് മടങ്ങുന്നതിനും ഇടയാകും.
ബാങ്കിലെത്തി ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നൽകിയാണ് കെ.വൈ.സി പുതുക്കേണ്ടത്. കെ.വൈ.സി കാര്യത്തിൽ അക്കൗണ്ടുടമകളെ ബോധവത്കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു.
സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മൂന്ന് -നാല് ശതമാനം പേർ ഇപ്പോഴുമുണ്ട്. ആദിവാസി മേഖലകളിലാണ് ഇത്തരം ആളുകൾ ഏറെയും. ഇവർക്കെല്ലാം അക്കൗണ്ട് നൽകുന്നതിനുള്ള പ്രത്യേക ദൗത്യവും ആരംഭിച്ചിട്ടുണ്ട്.
നോമിനിയില്ല, ‘അനാഥമായി’ കിടക്കുന്നത് 67000 കോടി
നോമിനേഷൻ നൽകാത്തതിനെ തുടർന്ന് ‘അനാഥമാകുന്ന നിക്ഷേപ’ങ്ങളുടെ (അൺക്ലൈമ്ഡ് ഡെപോസിറ്റ്) വർധിക്കുന്നതായി എസ്.എൽ.ബി.സി. നിക്ഷേപകൻ നോമിനേഷൻ നൽകാതിരിക്കുകയും ഇയാൾ മരണപ്പെടുന്നതോടെ അവകാശികളില്ലാതാവുകയും ചെയ്യുന്നതോടെ നിക്ഷേപം അനാഥമാകുന്നത്. രാജ്യത്താകെ ഇത്തരത്തിൽ അൺക്ലൈമ്ഡ് ഡെപോസിറ്റലുള്ളത് 67000 കോടി രൂപയാണ്. നോമിനിയില്ലാത്ത തുക പത്ത് വർഷം അതാത് ബാങ്കിൽ നിർജീവമായി കിടക്കും. പിന്നീട് ഇവ റിസർവ് ബാങ്കിന്‍റെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് ആയാലും ലോക്കർ ആയാലും അനിവാര്യമായും നോമിനിയെ നൽകണമെന്ന് എസ്.എൽ.ബി.സി നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.