Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യു.ആർ കോഡിന് 300 രൂപ, സൗണ്ട്ബോക്സിന് 750 രൂപ: ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കാൻ എൻ.പി.സി.ഐയുടെ പുതിയ യു.പി.ഐ പദ്ധതി

text_fields
bookmark_border
ക്യു.ആർ കോഡിന് 300 രൂപ, സൗണ്ട്ബോക്സിന് 750 രൂപ: ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കാൻ എൻ.പി.സി.ഐയുടെ പുതിയ യു.പി.ഐ പദ്ധതി
cancel

ചെറുകിട വ്യാപാര മേഖലയിൽ, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിനായി നാഷനൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. 'യുപിഐ വ്യാപാർ സക്ഷം സ്കീം' എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ, അർഹരായ വ്യാപാര സ്ഥാപനങ്ങളിൽ ക്യു.ആർ കോഡുകളും സൗണ്ട്ബോക്സുകളും സ്ഥാപിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിനും ബാങ്കുകൾക്കും മറ്റ് പേയ്‌മെന്‍റ് സേവന ദാതാക്കൾക്കും പ്രത്യേക പ്രോത്സാഹന തുക നൽകും.

യു.പി.ഐ സംവിധാനത്തിലെ പങ്കാളികൾക്ക് ലഭിക്കുന്ന മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റിൽ നിന്നാണ് ഈ പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തുന്നത്. എം.ഡി.ആർ പ്രാബല്യത്തിൽ വന്നതിനുശേഷമായിരിക്കും മൂന്ന് വർഷത്തേക്കുള്ള ഈ പദ്ധതി ആരംഭിക്കുക. നവംബർ 11ന് പുറത്തിറക്കിയ സർക്കുലറിൽ പദ്ധതി ആരംഭിക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

ആർക്കൊക്കെയാണ് യു.പി.ഐ വ്യാപാർ സക്ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കുക?

കഴിഞ്ഞ സാമ്പത്തിക വർഷം 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ടയർ 3 മുതൽ ടയർ 6 വരെയുള്ള നഗരങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പിഎം സ്വനിധി, പിഎം വിശ്വകർമ തുടങ്ങിയ സർക്കാർ പദ്ധതികൾക്ക് കീഴിൽ വരുന്ന ടയർ 1, ടയർ 2 നഗരങ്ങളിലെ വ്യാപാരികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

വ്യാപാരികൾക്ക് ലഭിക്കുന്ന 2,000 രൂപ വരെയുള്ള വിജയകരമായ ഇടപാടുകളാണ് പദ്ധതിയിൽ പരിഗണിക്കുക. റീഫണ്ടുകൾ, റദ്ദാക്കിയ ഇടപാടുകൾ, തിരികെ അയച്ച പേയ്‌മെന്റുകൾ എന്നിവ പരിഗണിക്കില്ല. കൂടാതെ, യോഗ്യത നേടുന്നതിനായി വലിയ ഇടപാടുകളെ ചെറിയ ഇടപാടുകളായി വിഭജിക്കുന്നതിന് യാതൊരുവിധ പ്രോത്സാഹനവും നൽകില്ലെന്നും എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്കുള്ള ഫണ്ട് എങ്ങനെ കണ്ടെത്തും?

സർക്കാർ വിഹിതത്തെ ആശ്രയിക്കുന്നതിന് പകരം, യു.പി.ഐ ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന എം.ഡി.ആർ വരുമാനത്തിൽ നിന്നാണ് എൻ.പി.സി.ഐ ഇതിനുള്ള ഫണ്ട് സമാഹരിക്കുന്നത്. ബാങ്കുകൾ, അക്വയറിങ് ബാങ്കുകൾ, പേയ്‌മെന്‍റ് സർവിസ് പ്രൊവൈഡർമാർ, യു.പി.ഐ ആപ്പ് ദാതാക്കൾ എന്നിവർ തങ്ങൾക്ക് ലഭിക്കുന്ന എം.ഡി.ആർ വരുമാനത്തിന്‍റെ 5% വീതം ഈ ഫണ്ടിലേക്ക് നൽകണം. ഇൻഡസ്ട്രി പ്രോഗ്രാമുകൾ, മൂലധന വിപണിയിലെ ചില പ്രത്യേക ഇടപാടുകൾ എന്നിവയിൽ നിന്നുള്ള വരുമാനം ഇതിൽ ഉൾപ്പെടുത്തില്ല. ഇത്തരത്തിൽ സമാഹരിക്കുന്ന തുക മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് വ്യാപാരികളെയും ഇടപാടുകളെയും പ്രോത്സാഹിപ്പിക്കുക.

ബാങ്കുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ആകെ ഫണ്ടിന്‍റെ പകുതിയും നിലവിലുള്ളതും പുതിയതുമായ ചെറുകിട വ്യാപാരികളിലൂടെ കൂടുതൽ ഇടപാടുകൾ നടത്തുന്ന അക്വയറിങ് ബാങ്കുകൾക്കാണ് ലഭിക്കുക. ഇതിന് അർഹത നേടുന്നതിന് പാദവാർഷിക അടിസ്ഥാനത്തിൽ (QoQ) ഇടപാടുകളുടെ എണ്ണത്തിൽ കുറഞ്ഞത് 5% വളർച്ച ഉണ്ടായിരിക്കണം. അർഹമായ ആകെ ഇടപാട് തുകയുടെ 0.03% ആയിരിക്കും ഇൻസെന്‍റീവ് തിരഞ്ഞെടുത്ത പ്രത്യേക പ്രദേശങ്ങളിലെ വ്യാപാരികൾക്കാണെങ്കിൽ 50% അധിക ഇൻസെന്‍റീവും ലഭിക്കും.

ബാക്കിയുള്ള 30% തുക പുതിയ വ്യാപാര സ്ഥാപനങ്ങളിൽ പേയ്‌മെന്‍റ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഉപയോഗിക്കും. അക്വയറിങ് ബാങ്കുകൾ ഒരു ഫിസിക്കൽ ക്യുആർ കോഡ് സ്ഥാപിച്ചാൽ 300 രൂപയും, സൗണ്ട്ബോക്സ് സ്ഥാപിച്ചാൽ 750 രൂപയും ഇൻസെന്റീവായി ലഭിക്കും. എന്നാൽ ഇവ സ്ഥാപിച്ചതുകൊണ്ട് മാത്രം ആനുകൂല്യം ലഭിക്കില്ല. ഒരു പാദത്തിലെ ഏതെങ്കിലും രണ്ട് മാസങ്ങളിൽ വ്യാപാരിക്ക് കുറഞ്ഞത് 25 അർഹമായ ഇടപാടുകളെങ്കിലും ലഭിച്ചിരിക്കണം, കൂടാതെ ഒരു മാസത്തെ കുറഞ്ഞ ഇടപാട് തുക 5,000 രൂപയ്ക്ക് മുകളിലായിരിക്കുകയും വേണം.

ബാക്കിയുള്ള 20% തുക തിരഞ്ഞെടുത്ത ഭൂമിശാസ്ത്രപരമായ മേഖലകളിൽ ഇടപാടുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കും. രണ്ടാമത്തെ ഘടകത്തിൽ നിന്നുള്ള ആനുകൂല്യത്തിന് പുറമെ, അർഹമായ ഇടപാടുകളുടെ വർദ്ധിച്ച മൂല്യത്തിന്റെ 0.2% അധികമായി നേടാൻ ഇത് അക്വയറിംഗ് ബാങ്കുകളെ സഹായിക്കും.

എൻ.പി.സി.ഐയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

രാജ്യത്തെ ഫിസിക്കൽ പേയ്‌മെന്‍റ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള വലിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. പ്രതിവർഷം 6 ലക്ഷം മുതൽ 1 കോടി വരെ അധിക ഫിസിക്കൽ ക്യു.ആർ കോഡുകളും, 5 ലക്ഷം മുതൽ 10 ലക്ഷം വരെ അധിക സൗണ്ട്ബോക്സുകളും സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് എൻപിസിഐ പറയുന്നു. നിലവിലുള്ള ചെറുകിട വ്യാപാരികളുടെ ഇടപാടുകളുടെ എണ്ണം പ്രതിവർഷം 30% മുതൽ 50% വരെ വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

വ്യാപാരികളുടെ വിവരങ്ങൾ, സ്ഥലം, ഉപകരണങ്ങൾ സ്ഥാപിച്ച രേഖകൾ എന്നിവ സഹിതം അക്വയറിംഗ് ബാങ്കുകൾ ഓരോ മൂന്ന് മാസത്തിലും ക്ലെയിമുകൾ സമർപ്പിക്കണം. സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ എൻ.പി.സി.ഐ ഇവ പരിശോധിച്ച് തുക അനുവദിക്കും.

യു.പി.ഐ എം.ഡി.ആറിൽ ഇത് എന്ത് മാറ്റമുണ്ടാക്കും?

ഇന്ത്യയുടെ യുപിഐ മർച്ചന്‍റ് പേയ്‌മെന്‍റ് ചട്ടക്കൂടിലെ മാറ്റങ്ങൾക്ക് ഇടയിലാണ് ഈ പ്രഖ്യാപനം വരുന്നത്. 2007ലെ പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ ഭേദഗതികളെ തുടർന്ന്, തിരഞ്ഞെടുത്ത വ്യാപാര ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താൻ സർക്കാർ വഴിയൊരുക്കിയിട്ടുണ്ട്. എൻ.പി.സി.ഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിലുള്ള അർഹമായ വ്യാപാര ഇടപാടുകൾക്ക് 0.4% എം.ഡി.ആർ ഈടാക്കും (75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെയായിരിക്കും ഇത്). ചെറിയ ഇടപാടുകളെയും വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. P2PM വിഭാഗത്തിലെ അർഹരായ ചെറുകിട വ്യാപാരികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംഡിആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതിയും ഏറെ നിർണായകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NPCI's new UPI scheme to encourage small traders
Next Story