യു.പി.ഐ ഇടപാടുകളിലെ ചാർജ്: തീരുമാനത്തെ സ്വാഗതം ചെയ്ത് ഫോൺപേയും മോബിക്വിക്കും
text_fieldsന്യൂഡൽഹി: 2,000 ന് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനികളായ ഫോൺപേയുടെയും മോബിക്വിക്കിന്റെയും സ്ഥാപകർ രംഗത്തെത്തി. ഡിജിറ്റൽ പേയ്മെന്റ് രംഗത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ പേയ്മെന്റ് മേഖലക്ക് ഇതൊരു വലിയ ചുവടുവെപ്പാണെന്ന് മോബിക്വിക് സഹസ്ഥാപക ഉപാസന ടാകു അഭിപ്രായപ്പെട്ടു. യു.പി.ഐ പത്തു വർഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തുടനീളം സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സർവീസുകളും നെറ്റ്വർക്കുകളും പരിപാലിക്കുന്നതിനായി ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും ഭീമമായ ചെലവാണ് വരുന്നത്. വൻകിട വ്യാപാരികളുടെ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രം ഈടാക്കുന്ന 0.4 ശതമാനം നിരക്ക്, ക്രെഡിറ്റ് കാർഡുകളിലെ 1.6 - 1.8 ശതമാനം സർചാർജുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും, ഇത് സാധാരണക്കാരെയോ ചെറുകിട കച്ചവടക്കാരെയോ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഫോൺപേ സ്ഥാപകനും സി.ഇ.ഒയുമായ സമീർ നിഗമും ഈ മാറ്റത്തെ സ്വാഗതം ചെയ്തു. പ്രതിദിനം 70 മുതൽ 80 കോടിയോളം യു.പി.ഐ ഇടപാടുകൾ നടക്കുന്ന രാജ്യത്ത്, സുരക്ഷിതമായ സേവനം തുടരുന്നതിന് സർവീസ് ചാർജിലൂടെ ലഭിക്കുന്ന വരുമാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സൗജന്യമായി യു.പി.ഐ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്ന ഏക രാജ്യം ഇന്ത്യയായിരുന്നുവെന്നും, പുതിയ തീരുമാനത്തിലൂടെ ലഭിക്കുന്ന തുക സാങ്കേതികവിദ്യ കൂടുതൽ ശക്തമാക്കാൻ തിരികെ നിക്ഷേപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പരിഷ്കരണങ്ങൾ അനുസരിച്ച് വ്യക്തിഗത ഇടപാടുകൾ പൂർണമായും സൗജന്യമായിത്തന്നെ തുടരും. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും, പ്രതിമാസ വിറ്റഴവ് ഒരു ലക്ഷം രൂപയിൽ താഴെയുള്ള ചെറുകിട കച്ചവടക്കാർക്കും ഈ നിരക്കുകൾ ബാധകമല്ല. വൻകിട വ്യാപാരികളിൽ നിന്ന് 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ഈടാക്കുമെങ്കിലും, ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന വലിയ ഇടപാടുകൾക്ക് എം.ഡി.ആർ നിരക്ക് പരമാവധി 300 രൂപയായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

