ചാർജുകൾ ഉയർത്തി എസ്.ബി.ഐ കാർഡ്; പുതിയ നിരക്കുകൾ നവംബർ ഒന്നിന് നിലവിൽ വരും
text_fieldsന്യൂഡൽഹി: ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. ചില ഇടപാടുകളുടെ ഫീസ് ഉയർത്തിയത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. പുതിയ ചാർജുകൾ നവംബർ ഒന്നിന് നിലവിൽ വരും.
നവംബർ മുതൽ തേർഡ് പാർട്ടി ആപുകൾ മുഖേന സ്കൂളുകൾ, കോളജുകൾ, വിദ്യഭ്യാസസ്ഥാപനങ്ങൾ എന്നിവക്കുള്ള പേയ്മെന്റുകൾക്ക് ഒരു ശതമാനം ഇടപാട് ഫീസായി ചുമത്തുമെന്ന് എസ്.ബി.ഐ അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വെബ്സൈറ്റ് വഴി അടക്കുന്ന ഫീസിന് അധിക നിരക്ക് ബാധകമാവില്ല. പി.ഒ.എസ് വഴി ഫീസടച്ചാലും അധിക നിരക്ക് ഉണ്ടാവില്ല.
വാലറ്റുകളിൽ പണം ചേർക്കുന്നതിന് ഫീസും എസ്.ബി.ഐ കാർഡ് വർധിപ്പിച്ചിട്ടുണ്ട്. ഒരു ശതമാനമായിരിക്കും ഇത്തരത്തിൽ ചുമത്തുക. ഇതുപ്രകാരം വാലറ്റിൽ 2000 രൂപ ചേർക്കുകയാണെങ്കിൽ 20 രൂപ ചെലവ് വരുമെന്നും എസ്.ബി.ഐ കാർഡ് അറിയിച്ചു. കാഷ് പേയ്മെന്റ് ഫീസ് 250 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജുകളും വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ 2.5 ശതമാനം നൽകണം. ഇന്റർനാഷണൽ ഇടപാടുകൾക്കും 2.5 ശതമാനമാണ് ഫീസ്. കാർഡ് മാറ്റുന്നതിനുള്ള ഫീസും എസ്.ബി.ഐ വർധിപ്പിച്ചിട്ടുണ്ട്. 100 രൂപ മുതൽ 250 രൂപ വരെയാണ് കാർഡ് മാറ്റി വാങ്ങുമ്പോൾ നൽകേണ്ട തുകയിൽ വരുത്തിയിരിക്കുന്ന വർധന.
കാർഡിന്റെ പേയ്മെന്റ് തീയതിക്ക് മുമ്പ് മിനിമം ഡ്യു അടച്ചില്ലെങ്കിലും നൽകേണ്ട ചാർജിലും എസ്.ബി.ഐ വർധന വരുത്തിയിട്ടുണ്ട്. 500-1000 രൂപ വരെയാണ് മിനിമം ഡ്യുയെങ്കിൽ ഇത് അടക്കാതിരുന്നാൽ 400 രൂപ ചാർജ് നൽകണം. 1000-10,000ത്തിനും ഇടക്കാണ് മിനിമം ഡ്യുവെങ്കിൽ 750 രൂപയാണ് പിഴയായി നൽകേണ്ടത്. 10,000-25,000നും ഇടക്കാണ് അടക്കാനുള്ളതെങ്കിൽ 950 രൂപ പിഴയൊടുക്കേണ്ടി വരും. 25,000-50,000 രൂപ വരെയാണ് അടക്കാനുള്ളതെങ്കിൽ 1100 രൂപ പിഴയൊടുക്കേണ്ടി വരും. 50,000 രൂപക്ക് മുകളിലാണ് അടക്കാനുള്ളതെങ്കിൽ 1300 രൂപ പിഴയൊടുക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

