സർക്കാറിന് കെ.എഫ്.സിയുടെ 21 കോടി ലാഭവിഹിതം
text_fieldsതിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാറിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കോർപറേഷൻ ആസ്ഥാനത്ത് ചേർന്ന 70ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും യോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് അഞ്ചു രൂപയാണ് ലാഭവിഹിതം. 99 ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലാണ്. സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി എന്നിവയാണ് മറ്റ് ഓഹരി ഉടമകൾ.
അറ്റാദായം മുൻ വർഷത്തെക്കാൾ നാലിരട്ടി വർധിച്ച് 50.19 കോടി രൂപയായി. വായ്പ ആസ്തി 37.44 ശതമാനം വളർച്ച രേഖപ്പെടുത്തി 6529.40 കോടിയായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമ്പത്തിക വർഷം വായ്പ ആസ്തി 5000 കോടി കടക്കുന്നത്. നിലവിലെ ശാഖകളെ എം.എസ്.എം.ഇ ക്രെഡിറ്റ് ശാഖകളാക്കി മാറ്റുമെന്നും വലിയ വായ്പ നൽകുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖ ആരംഭിക്കാൻ ഈ സാമ്പത്തിക വർഷം പദ്ധതിയിടുന്നതായും സി.എം.ഡി സഞ്ജയ് കൗൾ പറഞ്ഞു.
വായ്പ തിരിച്ചുപിടിക്കാൻ പ്രത്യേക അസറ്റ് റിക്കവറി ശാഖ ആരംഭിക്കും. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കും വിമുക്തഭടന്മാർക്കുള്ള വായ്പ പദ്ധതികളും ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.