തീരുവ വർധന: പ്രതീക്ഷ തകർന്ന് കശുവണ്ടി മേഖല
text_fieldsകശുവണ്ടി വ്യവസായ മേഖല
കൊല്ലം: ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം കശുവണ്ടി മേഖലയിലെ പ്രതീക്ഷകളെ തകർക്കുന്നു. ലോകത്തെ 69 രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്ക് നേരത്തെ പകരച്ചുങ്കം പ്രഖ്യാപിച്ചപ്പോൾ വിയറ്റ്നാമിന് ഇന്ത്യയെക്കാൾ ഉയർന്ന തീരുവ നിശ്ചയിച്ചതിനാൽ യു.എസിൽ ഇന്ത്യൻ കശുവണ്ടിക്ക് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് പുതിയ തീരുമാനം കനത്ത തിരിച്ചടിയായത്.
അമേരിക്കയിലെ കശുവണ്ടി ഇറക്കുമതിയുടെ 90 ശതമാനവും വിയറ്റ്നാമിൽനിന്നാണ്. ഇന്ത്യക്ക് 26 ശതമാനം തീരുവ ചുമത്തിയാൽ പോലും അത് കശുവണ്ടിയുടെ കാര്യത്തിലെങ്കിലും ഗുണകരമാകുമായിരുന്നുവെന്ന് കാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ഷിക്കാർ ‘മാധ്യമ’ത്തോട് പറഞ്ഞു. വിയറ്റ്നാമിനെ അപേക്ഷിച്ച് ഇന്ത്യൻ കശുവണ്ടിക്ക് 20 ശതമാനം വിലക്കുറവ് അമേരിക്കയിലുണ്ടാകുമായിരുന്നു. 50 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കശുവണ്ടിക്ക് വിയറ്റ്നാം കശുവണ്ടിയേക്കാൾ വില കൂടുതലാകും.
ഇന്ത്യയിൽനിന്ന് പ്രതിവർഷം 47000 ടൺ കശുവണ്ടി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 339.21 മില്യൻ യു.എസ് ഡോളറിന്റെ കയറ്റുമതി നടന്നു. അതിന്റെ 72 ശതമാനവും കേരളത്തിൽനിന്നാണ്. 2023ലെ 356.32 മില്യൻ ഡോളറിന്റേതിനേക്കാൾ കുറഞ്ഞ നിരക്കാണെങ്കിലും ഏകദേശം അതിനടുത്ത നിലയിലേക്ക് ഈ വർഷം വിൽപന ഉയരുമെന്ന കണക്കുകൂട്ടലിനിടയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ഇരുട്ടടിയാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.