Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20,000 കോടി കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം; റെക്കോർഡ് നേട്ടത്തിലെത്തുന്ന ആദ്യ കായികതാരം: അടുത്ത വർഷം മെസ്സിയെന്ന് പ്രവചനം

text_fields
bookmark_border
20,000 കോടി കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം; റെക്കോർഡ് നേട്ടത്തിലെത്തുന്ന ആദ്യ കായികതാരം: അടുത്ത വർഷം മെസ്സിയെന്ന് പ്രവചനം
cancel

ഫോർബ്‌സിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സജീവ കായികതാരങ്ങളിൽ കരിയറിലെ ആകെ വരുമാനം 2 ബില്യൺ ഡോളർ (ഏകദേശം 20,000 കോടിയിലധികം രൂപ) തികയ്ക്കുന്ന ആദ്യ താരമായി പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്‍റീനിയൻ താരം ലയണൽ മെസ്സി 2027 അവസാനത്തോടെ ഈ നേട്ടത്തിലെത്തുമെന്നുമാണ് പ്രവചനം.

1.97 ബില്യൺ ഡോളർ കരിയർ വരുമാനമുള്ള ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് രണ്ടാം സ്ഥാനത്തും 1.87 ബില്യൺ ഡോളർ വരുമാനവുമായി മെസ്സി മൂന്നാം സ്ഥാനത്തുമാണ്. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാറാണ് താരത്തിന്‍റെ വരുമാന വളർച്ചയ്ക്ക് പിന്നിൽ. പ്രതിവർഷം 200 മില്യൻ ഡോളറിലധികം (734.5 മില്യൻ ദിർഹം) ആണ് അൽ നാസർ അദ്ദേഹത്തിന് നൽകുന്നത്. 41കാരനായ റൊണാൾഡോ തന്‍റെ മാഞ്ചസ്റ്റർ യുനൈറ്റഡ്, യുവന്‍റ്സ്, റിയൽ മാഡ്രിഡ് കാലഘട്ടങ്ങളിലടക്കം തുടർച്ചയായ 10 സീസണുകളിൽ കുറഞ്ഞത് 100 മില്യൻ ഡോളർ വീതം വാർഷിക വരുമാനം നേടിയിട്ടുണ്ട്.

കരിയറിലെ ആകെ വരുമാനം 2 ബില്യൻ ഡോളർ കടന്നുവെങ്കിലും, ഫോർബ്‌സിന്‍റെ കണക്കനുസരിച്ച് റൊണാൾഡോയുടെ നിലവിലെ അറ്റാദായം 1.2 ബില്യൺ ഡോളർ ആണ്. ജൂണിൽ ഫോർബ്‌സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച റൊണാൾഡോ 1.1 ബില്യൺ ഡോളർ അറ്റാദായമുള്ള മെസ്സിയെ പിന്നിലാക്കി. കൂടാതെ, ക്ലബ്ബ്-അന്താരാഷ്ട്ര ഫുട്ബോളിലായി 1,000 ഗോളുകൾ എന്ന അപൂർവ നാഴികക്കല്ലിലേക്കും റൊണാൾഡോ അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ചരിത്ര നേട്ടത്തിലെത്താൻ അദ്ദേഹത്തിന് ഇനി 18 ഗോളുകൾ കൂടി മാത്രം മതി.

ലയണൽ മെസ്സിയുടെ മുന്നേറ്റം

39കാരനായ മെസ്സി 2027 അവസാനത്തോടെ 2.02 ബില്യൺ ഡോളർ കരിയർ വരുമാനം കൈവരിക്കുമെന്നാണ് പ്രവചനം. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്കുള്ള മാറ്റവും ആപ്പിൾ ടിവി, അഡിഡാസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുമായുള്ള റവന്യൂ ഷെയറിങ് കരാറുകളും വഴി ഈ വർഷം മെസിയുടെ കണക്കാക്കപ്പെടുന്ന വരുമാനം 145 മില്യൺ ഡോളറാണ്.

2023ൽ പാരീസ് സെന്‍റ് ജർമൻ വിട്ടതിനുശേഷം സൗദി അറേബ്യ നൽകിയ പ്രതിവർഷം 400 മില്യൺ ഡോളറിന്റെ ഓഫർ നിരസിച്ചാണ് മെസ്സി ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. താരത്തിന്‍റെ വരവോടെ ക്ലബ്ബിന്റെ മൂല്യം എം.എൽ.എസ് ലീഗിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 1.35 ബില്യൺ ഡോളറിലേക്ക് ഉയർന്നു.

വിരമിക്കലിന് ശേഷം ഇന്‍റർ മയാമിയിൽ ഓഹരി പങ്കാളിത്തം വാങ്ങാനുള്ള അവസരവും മെസ്സിക്കുണ്ട്. ഇത് കരിയറിന് ശേഷവും അദ്ദേഹത്തിന്‍റെ വരുമാനത്തിന് പുതിയൊരു മാനം നൽകും. സ്പാനിഷ് ക്ലബ്ബുകളായ സി.ഡി എൽഡെൻസ്, യു.ഇ കോർനെല്ല എന്നിവയിൽ മെസ്സിക്ക് നിലവിൽ തന്നെ ഓഹരി പങ്കാളിത്തമുണ്ട്. ഫുട്ബോൾ ലോകം ഭരിച്ച ഈ രണ്ട് മഹാന്മാരും കരിയറിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കോടാനുകോടി ഡോളറിന്‍റെ ആസ്തിയുമായി കളിക്കളത്തിൽ നിന്ന് പടിയിറങ്ങാനുള്ള അവസരമാണ് മുന്നിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story