ദുബൈ-ഇന്ത്യ എണ്ണയിതര വ്യാപാരം 22,250 കോടി ദിർഹം കടന്നു
text_fieldsദുബൈ: ദുബൈയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള എണ്ണയിതര വ്യാപാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരട്ടിയിലധികമായി ഉയർന്ന് 2025-ൽ 22,250 കോടി ദിർഹം എന്ന റെക്കോർഡ് നേട്ടത്തിലെത്തി. 2016-ൽ 9,420 കോടി ദിർഹമായിരുന്ന വ്യാപാരത്തിൽ 136.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025ൽ മാത്രം വ്യാപാരത്തിൽ 15 ശതമാനം വർധനവുണ്ടായതായി ദുബൈ ചേംബേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹിയിൽ നടന്ന ‘ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026’ൽ ദുബൈ ചേംബേഴ്സ് പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാശിദ് ലൂത്തയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 3,230 കോടി ദിർഹമിന്റെ നിക്ഷേപം ദുബൈയിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ, ഇതേ കാലയളവിൽ ദുബൈ കമ്പനികൾ ഇന്ത്യയിലെ 147 പദ്ധതികളിലായി 3,410 കോടി ദിർഹമിന്റെ നിക്ഷേപം നടത്തുകയും 55,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
2026ന്റെ ആദ്യ പകുതിയിൽ മാത്രം 7,579 പുതിയ ഇന്ത്യൻ കമ്പനികളാണ് ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ അംഗത്വം എടുത്തത്. ഇതോടെ ചേംബറിൽ രജിസ്റ്റർ ചെയ്ത സജീവ ഇന്ത്യൻ കമ്പനികളുടെ എണ്ണം ജൂൺ അവസാനത്തോടെ 85,841 ആയി ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു. ഈ കമ്പനികളിൽ 45 ശതമാനവും വ്യാപാര-സേവന മേഖലകളിലാണ് പ്രവർത്തിക്കുന്നത്. റിയൽ എസ്റ്റേറ്റ് (27.3 ശതമാനം), നിർമാണം (19 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന മേഖലകൾ.
2022 മേയിൽ പ്രാബല്യത്തിൽ വന്ന യു.എ.ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷം ദുബൈ-ഇന്ത്യ വ്യാപാരത്തിൽ 35 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പരമ്പരാഗത വ്യാപാരത്തിന് പുറമെ എ.ഐ, ഫിൻടെക്, ഡിജിറ്റൽ സേവനങ്ങൾ എന്നീ സാങ്കേതികവിദ്യാ മേഖലകളിലേക്കും ഈ പങ്കാളിത്തം വ്യാപിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

