Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഭക്ഷ്യയെണ്ണ...

ഭക്ഷ്യയെണ്ണ തിളക്കുന്നു; തണുപ്പിക്കാൻ ഇറക്കുമതി

text_fields
bookmark_border
ഭക്ഷ്യയെണ്ണ തിളക്കുന്നു; തണുപ്പിക്കാൻ ഇറക്കുമതി
cancel

ഉത്സവകാല ഡിമാൻറ്‌ മുന്നിൽ കണ്ട്‌ വ്യവസായികൾ വിദേശ പാചകയെണ്ണ ഇറക്കുമതിക്ക്‌ നീക്കം തുടങ്ങി. ആഭ്യന്തര വിപണിയിൽ വിവിധ ഭക്ഷ്യയെണ്ണകളുടെ നിരക്ക്‌ ഉയർന്നതലത്തിൽ നീങ്ങുന്നത്‌ അവസരമാക്കാനുള്ള നീക്കത്തിലാണ്‌ ഇറക്കുമതിക്കാർ. ചൂട്‌ പിടിച്ചുനിൽക്കുന്ന വിപണിയെ ഇറക്കുമതി ചരക്ക്‌ വരവ്‌ അൽപം തണുപ്പിക്കാൻ ഇടയാക്കും. ഓണം അടുത്ത സാഹചര്യത്തിൽ ബംബർ വിൽപനയാണ്‌ വ്യവസായികൾ മുന്നിൽ കാണുന്നത്‌. വെളിച്ചെണ്ണ സർവകാല റെക്കോഡ്‌ വിലയിൽ നീങ്ങുന്നതിനാൽ കേരള മാർക്കറ്റിൽ സൂര്യകാന്തി, പാം ഓയിൽ തുടങ്ങിയവയെ ഹിറ്റാക്കി മാറ്റാനാവുമെന്നാണ്‌ അവരുടെ കണക്കുകൂട്ടൽ.

സംസ്ഥാനത്ത്‌ വെളിച്ചെണ്ണ വിൽപന ഏറ്റവും കൂടുതൽ ഉയരുന്നത്‌ ഓണവേളയിലാണ്‌. കർക്കടകത്തിൽ തന്നെ വ്യാപാരികൾ ചരക്ക്‌ സംഭരണം തുടങ്ങും. വെളിച്ചെണ്ണ വില ലിറ്ററിന്‌ 350 - 450 രൂപയിലേക്ക് ഇതിനകം ഉയർന്നു. അതേസമയം പാം ഓയിൽ 125 രൂപയിലും സൂര്യകാന്തി 148 രൂപയിലുമാണ്‌ വിപണനം നടക്കുന്നത്‌. ഇതിനിടയിൽ പാം ഓയിൽ സ്‌റ്റോക് മുൻ വർഷത്തെ അപേക്ഷിച്ച്‌ 50 ശതമാനംവരെ ഉയർന്നുവെന്ന ഇന്തോനേഷ്യയുടെ വെളിപ്പെടുത്തൽ കണക്കിലെടുത്താൽ അവർ താഴ്‌ന്ന വിലയ്‌ക്കും വിദേശവ്യാപാരങ്ങൾ ഉറപ്പിക്കാൻ സാധ്യത. ഈ അവസരത്തിൽ വിപണി പിടിക്കാൻ മലേഷ്യൻ കയറ്റുമതിക്കാരും ശക്തമായ വിലപേശലിന്‌ നീക്കം നടത്താം. കൊച്ചിയിൽ വെളിച്ചെണ്ണ വില 37,700 രൂപയിലും കൊപ്ര 25,200 രൂപയിലുമാണ്‌.

ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ്‌ പുരോഗമിക്കുന്നു, കനത്ത മഴയിൽ പല ഭാഗങ്ങളിലും വ്യാപകമായതോതിൽ കൃഷി നാശം സംഭവിച്ചതിനാൽ ഉൽപാദനം പ്രതീക്ഷക്ക് ഉയരില്ലെന്ന്‌ ഒരു വിഭാഗം ഉൽപാദകർ. കഴിഞ്ഞവർഷം കനത്ത വേനലാണ്‌ ഏലം മേഖലക്ക് തിരിച്ചടിയായതെങ്കിൽ ഇക്കുറി മഴ വില്ലനായി. കാലവർഷം ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 500 ഹെക്‌ടർ ഏലം കൃഷിക്ക്‌ നാശം സംഭവിച്ചതായാണ് കണക്ക്. മൂവായിരതോളം കർഷകർക്കാണ്‌ വിളനാശംമൂലം നഷ്‌ടം സംഭവിച്ചത്‌. പ്രമുഖ ലേലകേന്ദ്രങ്ങളിൽ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും സജീവമാണ്‌. ശരാശരി ഇനം ഏലക്ക കിലോ 2500 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3000 രൂപയിലുമാണ്‌.

ഉത്സവകാല ആവശ്യങ്ങൾക്കുള്ള കുരുമുളക്‌ സംഭരണത്തിന്‌ അന്തർസംസ്ഥാന വാങ്ങലുകാർ ഇറങ്ങി. ഇനിയും കാത്തുനിന്നാൽ നിരക്ക്‌ കൂടുതൽ ഉയരുമെന്ന ഭീതിയും വാങ്ങലുകാരിലുണ്ട്‌. അതേസമയം വിലക്കയറ്റ സാധ്യതകൾ മുന്നിൽകണ്ട്‌ ഉൽപാദകരും മധ്യവർത്തികളും സ്‌റ്റോക്കുള്ള ചരക്ക്‌ വിൽപനക്ക് ഇറക്കുന്നതിൽ നിയന്ത്രണം വരുത്തി. കൊച്ചിയിൽ ഗാർബിൾഡ്‌ കുരുമുളക്‌ വില 68,300 രൂപ.

കാപ്പി കയറ്റുമതി വരുമാനത്തിൽ ഒരു വ്യാഴവട്ട കാലയളവിൽ ഏകദേശം 125 ശതമാനം വർധന. ഇന്ത്യൻ കാപ്പി കുടിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക്‌ ഒപ്പം മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളും ഉത്സാഹിച്ചു. ആഗോള കാപ്പി കയറ്റുമതിയിൽ രാജ്യം അഞ്ചാം സ്ഥാനത്താണ്‌. പ്രതിവർഷം 3.6 ലക്ഷം ടൺ കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്‌. രാജ്യാന്തര കാപ്പി വില ഈ മാസം ഇതിനകം ടണ്ണിന്‌ 4800 ഡോളറിൽനിന്ന് 3800 ഡോളറായി ഇടിഞ്ഞു.

സംസ്ഥാനത്തെ വിപണികളിൽനിന്ന് ടയർ നിർമാതാക്കൾ ഒടുവിൽ നാലാം ഗ്രേഡ്‌ റബർ കിലോ 200 രൂപയ്‌ക്ക്‌ മുകളിൽ ശേഖരിച്ചു. കാലവർഷത്തിന്റെ തുടക്കം മുതൽ കാർഷിക മേഖല ഉറ്റുനോക്കുകയായിരുന്നു മികച്ച വിലയെ. അതേസമയം വില ഉയർത്തി ഷീറ്റ്‌ സംഭരിക്കാൻ പിന്നിട്ട ഏതാനും ആഴ്‌ച്ചകളിൽ കമ്പനികൾ ഉത്സാഹം കാണിച്ചിരുന്നില്ല. വാരാവസാനം ബാങ്കോക്കിൽ ഷീറ്റ്‌ വില 193 രൂപയിൽനിന്നും 197 ലേക്ക് കയറിയത്‌ ഉൽപാദകർക്ക്‌ പ്രതീക്ഷ പകർന്നു.

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കണ്ട്‌ ഫണ്ടുകൾ രാജ്യാന്തര സ്വർണ മാർക്കറ്റിൽ ലാഭമെടുപ്പിനിറങ്ങി. വാരാരംഭത്തിൽ ട്രോയ്‌ ഔൺസിന്‌ 3394 ഡോളർവരെ ഉയർന്ന സ്വർണ വില ഓപറേറ്റർമാരുടെ ലാഭമെടുപ്പിൽ 3274 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ സ്വർണ വില പവന്‌ 73,880 രൂപയിൽനിന്ന് വാരാന്ത്യം 71,440 രൂപയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricemarketEdible oilLatest News
News Summary - Edible oil is boiling; imported to cool it down
Next Story