ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സും ടെസ്‍ലയും ലയിക്കുന്നു? ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമായെന്ന് സ്ഥിരീകരണം
text_fieldsലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് ലയനത്തിനൊരുങ്ങി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സും ടെസ്‌ലയും. ഇതിന്റെ ഭാഗമായി ലയനസാധ്യത പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി മസ്ക് സ്ഥിരീകരിച്ചു. സ്‌പേസ് എക്‌സും ടെസ്‌ലയും ഒന്നിക്കുന്നത് നല്ല ആശയമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ലയനം ഉറപ്പായിട്ടില്ലെന്നും വ്യക്തമാക്കി.
നിക്ഷേപകരുമായി നടത്തിയ ടെലികോൺഫറൻസിലാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ലയനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിശോധിക്കാൻ ഇരു കമ്പനികളിലെയും സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെട്ട സമിതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഓഹരിയുടമകളുടെ ആവശ്യപ്രകാരമാണ് ഈ നടപടിയെന്നും മസ്‌ക് പറഞ്ഞു. അതേസമയം ലയന വ്യവസ്ഥകളിൽ സമിതികൾ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ചർച്ചകൾ പരാജയപ്പെടാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
“ലയനം നല്ല ആശയമാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, ഇരു കമ്പനികളുടെയും പ്രത്യേക സമിതികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്,” മസ്‌ക് വ്യക്തമാക്കി. തനിക്ക് രണ്ട് കമ്പനികളിലും താൽപര്യമുള്ളതിനാൽ ലയനചർച്ചകളിൽ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമ കരാറുണ്ടായാൽ ഓഹരിയുടമകളുടെ അംഗീകാരവും ആവശ്യമാണ്.
എ.ഐ സംവിധാനങ്ങളുടെ വികസനം, ചിപ്പ് രൂപകൽപ്പന, റോബോട്ടിക്സ്, ഉപഗ്രഹ ആശയവിനിമയം, ബഹിരാകാശത്തെ കമ്പ്യൂട്ടിങ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇരു കമ്പനികൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ വലിയ സാധ്യതകളുണ്ടെന്നാണ് മസ്‌കിന്റെ വിലയിരുത്തൽ.
സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കും ബഹിരാകാശ വിക്ഷേപണ സാങ്കേതികവിദ്യയും ടെസ്‌ലയുടെ വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, റോബോട്ടിക്സ് സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കാനായാൽ പുതിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിയൊരുങ്ങും. എ.ഐ പരിശീലനത്തിനും പ്രവർത്തനത്തിനും ആവശ്യമായ വൻതോതിലുള്ള കമ്പ്യൂട്ടിങ് ശേഷി ബഹിരാകാശത്ത് ഒരുക്കുകയെന്ന ദീർഘകാല ലക്ഷ്യവും സ്‌പേസ് എക്‌സിനുണ്ട്.
ഇരു കമ്പനികളും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ടെറാഫാബ് ചിപ്പ് നിർമാണ പദ്ധതിയും ഈ സഹകരണത്തിന്റെ ഭാഗമാണ്. അടുത്ത വർഷം മേയ് അല്ലെങ്കിൽ ജൂണോടെ പദ്ധതിയുടെ ആദ്യ പരീക്ഷണ ചിപ്പ് നിർമിക്കാനാകുമെന്നാണ് മസ്‌കിന്റെ പ്രതീക്ഷ.
സ്‌പേസ് എക്‌സും ടെസ്‌ലയും ഒന്നിച്ചാൽ ആഗോള കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായി അത് മാറും. ഇരു കമ്പനികളുടെയും വിപണിമൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ സംയുക്ത സ്ഥാപനത്തിന്റെ മൂല്യം ഏകദേശം 3.5 ട്രില്യൺ ഡോളറിലെത്താമെന്നാണ് നേരത്തെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, യഥാർഥ ഇടപാടിന്റെ മൂല്യവും ഘടനയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

