'സാമ്പത്തിക സംവരണം തുല്യതാ ലംഘനം'
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 103ാം ഭരണഘടന ഭേദഗതി തുല്യതയുടെ ലംഘനമാണെന്നും പ്രാതിനിധ്യത്തിനുള്ള വഴിയായി സംവരണത്തെ കാണുന്നതിന് വിരുദ്ധമാണെന്നും സുപ്രീംകോടതിയിൽ വാദം.
പ്രമുഖ അക്കാദമിക വിദഗ്ധനായ ഡോ. മോഹൻ ഗോപാലാണ് സുപ്രീംകോടതിയിൽ ഭരണഘടന ഭേദഗതിയുടെ സാധുത ചോദ്യംചെയ്തത്. സാമ്പത്തികമായ ഉന്നമനത്തിന് സംവരണമെന്ന നിലയിലാണ് ഭരണഘടന ഭേദഗതി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളെ ഒഴിവാക്കി മുന്നാക്കക്കാർക്ക് മാത്രമായി നേട്ടം ലഭ്യമാക്കുകയാണ് ഭരണഘടന ഭേദഗതി. ഇത് ഭരണഘടന സങ്കൽപങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഭരണഘടനയെ പരിക്കേൽപിക്കുന്നതാണെന്നും കാണേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വാദംകേൾക്കലിൽ മോഹൻ ഗോപാൽ ബോധിപ്പിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർഡിവാല എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണമെന്ന ആശയമാണ് സാമ്പത്തിക സംവരണത്തിലൂടെ മുന്നോട്ടുവെക്കുന്നത്. പ്രാതിനിധ്യത്തിനുവേണ്ടി മാത്രമേ സംവരണാനുകൂല്യം നൽകാനാവൂ എന്നും മോഹൻ ഗോപാൽ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.