ബാങ്കുകളിൽ അഞ്ച് പ്രവൃത്തിദിനം: തീരുമാനം മൂന്നു മാസത്തിനകം
text_fieldsതൃശൂർ: രാജ്യത്തെ ബാങ്കുകളിൽ അഞ്ചു പ്രവൃത്തിദിനമെന്ന ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ദീർഘകാലത്തെ ആവശ്യം രണ്ട്-മൂന്ന് മാസത്തിനകം നടപ്പാകുമെന്ന പ്രതീക്ഷയിൽ സംഘടനകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു). തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ബാങ്ക് പണിമുടക്ക് തൽക്കാലം മാറ്റിവെക്കാൻ ചീഫ് ലേബർ കമീഷണർ ഇടപെട്ട് നടത്തിയ ചർച്ചയിലെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടനകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിൽ ഉണ്ടാക്കിയ ഉഭയകക്ഷി ധാരണപ്രകാരം അഞ്ചു പ്രവൃത്തിദിനത്തിന് തങ്ങൾ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്തതാണെന്ന് ബാങ്ക് മാനേജ്മെന്റുകളുടെ ഐക്യവേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) പ്രതിനിധികൾ വെള്ളിയാഴ്ച നടന്ന ലേബർ കമീഷണറുടെ ചർച്ചയിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഐ.ബി.എ തുടർന്നും ഇടപെടണമെന്ന് ലേബർ കമീഷണർ നിർദേശിച്ചപ്പോൾ ഇതിനകം കേന്ദ്ര സർക്കാറിനു മുന്നിൽ വിഷയം എത്തിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മറ്റ് ഉറപ്പൊന്നും നൽകാനാകില്ലെന്നും ഐ.ബി.എ പ്രതിനിധികൾ പറഞ്ഞു. ചർച്ച വഴിമുട്ടിയതോടെ കേന്ദ്ര ധനവകുപ്പിലെ ഉന്നത തലത്തിലുള്ള ആരെങ്കിലും ഉടൻ യോഗത്തിൽ സംബന്ധിക്കണമെന്ന് ലേബർ കമീഷണർ ആവശ്യപ്പെടുകയും ഒരു ജോയന്റ് സെക്രട്ടറി ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽ ഇക്കാര്യം ഉണ്ടെന്നും തീരുമാനം ഉണ്ടാകുമെന്നും ജോയന്റ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ചർച്ചയുടെ രീതിയും ചീഫ് ലേബർ കമീഷണറുടെ നിലപാടും ശുഭസൂചകമാണെന്ന് സംഘടന വൃത്തങ്ങൾ പറഞ്ഞു. പണിമുടക്ക് ഒന്ന്-രണ്ട് മാസത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിൽ അതിനകം നീക്കുപോക്ക് ഉണ്ടാകുമെന്നും രണ്ടോ മൂന്നോ മാസത്തിനകം അഞ്ചു പ്രവൃത്തിദിനമെന്ന ആവശ്യം യാഥാർഥ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സംഘടനകൾ. നിലവിൽ പ്രവൃത്തിദിനമായ ശനിയാഴ്ചകൾകൂടി അവധിയാക്കി പകരം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തിസമയം കൂട്ടാമെന്നാണ് ഉഭയകക്ഷി ധാരണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.