മക്ഡൊണാൾഡ് മുതൽ ആപ്പിൾ വരെ; ഇന്ത്യയിൽ ബഹിഷ്‌കരണ ഭീഷണിയിൽ യു.എസ് കമ്പനികൾ
text_fieldsന്യൂഡൽഹി: തീരുവ യുദ്ധത്തിനിടെ ഇന്ത്യയിൽ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങൾ നേരിട്ട് യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ. മക്ഡൊണാൾഡും കൊക്കകോളയും മുതൽ ആമസോണും ആപ്പിളും വരെ ഇതിലുണ്ട്. ബിസിനസ് എക്‌സിക്യുട്ടിവുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളും യു.എസ് തീരുവകൾക്കെതിരെ പ്രതിഷേധിക്കാൻ അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, വളർന്നുവരുന്ന സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ട് അതിവേഗം വികസിക്കുന്ന അമേരിക്കൻ ബ്രാൻഡുകളുടെ ഒരു പ്രധാന വിപണിയാണ്.
‘മെറ്റ’യുടെ വാട്ട്‌സ്ആപ് ഉപയോക്താക്കളുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്. കൂടാതെ ‘ഡൊമിനോസി’ന് രാജ്യത്ത് മറ്റേതൊരു ബ്രാൻഡിനേക്കാളും കൂടുതൽ റെസ്റ്റോറന്റുകൾ ഉണ്ട്. പെപ്‌സി, കൊക്കകോള പോലുള്ള പാനീയങ്ങൾ മിക്കപ്പോഴും ഷെൽഫുകളിൽ ആധിപത്യം പുലർത്തുന്നു. ഒരു പുതിയ ആപ്പിൾ സ്റ്റോർ തുറക്കുമ്പോഴോ ഒരു സ്റ്റാർബക്സ് കഫേ കിഴിവുകൾ നൽകുമ്പോഴോ ആളുകൾ ഇപ്പോഴും ക്യൂവിൽ നിൽക്കുന്ന സാഹചര്യമാണ്. എന്നാൽ, ബഹിഷ്കരണ നീക്കം ഇവയുടെ വിൽപനയെ ഉടനടി ബാധിച്ചതായി സൂചനകളൊന്നുമില്ല.
ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന്, പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാനും അമേരിക്കൻ ഉൽപന്നങ്ങൾ ഉപേക്ഷിക്കാനുമുള്ള ആഹ്വാനവുമായി സമൂഹ മാധ്യമങ്ങളിലും ഓഫ്‌ലൈനിലും ഒരു കൂട്ടം ആളുകൾ ഉയർന്നുവരുന്നുണ്ട്. ഇത് കയറ്റുമതിക്കാരെ അസ്വസ്ഥരാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മക്ഡൊണാൾഡ്‌സ്, കൊക്കകോള, ആമസോൺ, ആപ്പിൾ എന്നിവ റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
മോദിയുടെ ബി.ജെ.പിയുമായി ബന്ധമുള്ള ‘സ്വദേശി ജാഗരൺ മഞ്ച്’ ഗ്രൂപ് ഞായറാഴ്ച ഇന്ത്യയിലുടനീളം ചെറിയ പൊതു റാലികൾ നടത്തി അമേരിക്കൻ ബ്രാൻഡുകൾ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ‘ആളുകൾ ഇപ്പോൾ ഇന്ത്യൻ ഉൽപന്നങ്ങളിലേക്ക് നോക്കുകയാണ്. അവ ഫലം കായ്ക്കാൻ കുറച്ച് സമയമെടുക്കും’- ഗ്രൂപിന്റെ സഹ കൺവീനർ അശ്വനി മഹാജൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് ദേശീയതക്കും ദേശസ്‌നേഹത്തിനും വേണ്ടിയുള്ള ആഹ്വാനമാണെന്നും മഹാജൻ പറഞ്ഞു.
വിദേശ ബ്രാൻഡുകൾക്ക് പകരം ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന ഇന്ത്യൻ ബ്രാൻഡുകളായ ബാത്ത് സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ശീതളപാനീയങ്ങൾ എന്നിവയുടെ വാട്ട്‌സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു പട്ടികയും അദ്ദേഹം ‘റോയിട്ടേഴ്‌സു’മായി പങ്കിട്ടു. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പിന്റെ പ്രചാരണങ്ങളിലൊന്ന് ‘വിദേശ ഭക്ഷണ ശൃംഖലകളെ ബഹിഷ്‌കരിക്കുക’ എന്ന തലക്കെട്ടിലുള്ള ഒരു ഗ്രാഫിക് ആണ്. അതിൽ മക്ഡൊണാൾഡിന്റെയും മറ്റ് നിരവധി റെസ്റ്റോറന്റ് ബ്രാൻഡുകളുടെയും ലോഗോകൾ ഉൾപ്പെടുന്നു.
അതേസമയം, അമേരിക്കൻ വിരുദ്ധ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ‘ടെസ്‌ല’ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂമും ഡൽഹിയിൽ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരും യു.എസ് എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.