ആഗോള വളർച്ചക്ക് യു.എസിനെക്കാൾ സംഭാവന ഇന്ത്യയുടേത് -റിസർവ് ബാങ്ക് ഗവർണർ
text_fieldsറിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര
മുംബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ആഗോള വളർച്ചക്ക് അമേരിക്കയെക്കാൾ കൂടുതൽ സംഭാവന നൽകുന്നത് ഇന്ത്യയാണെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇന്ത്യ ഒരു നിർജീവ സമ്പദ്വ്യവസ്ഥയാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായാണ് പ്രതികരണം.
നടപ്പ് സാമ്പത്തിക വർഷം ആഗോള വളർച്ച മൂന്ന് ശതമാനമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) പ്രവചനം. എന്നാൽ, ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. ആഗോള സാമ്പത്തിക വളർച്ചയിൽ 18 ശതമാനമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഇത് അമേരിക്കയെക്കാൾ കൂടുതലാണ്. 11 ശതമാനത്തോളമാണ് അമേരിക്കയുടെ സംഭാവന. ഇന്ത്യയുടെ മികച്ച പ്രകടനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനത്തിൽ അധികമാകുമെന്നാണ് ആർ.ബി.ഐ പ്രതീക്ഷിക്കുന്നത്. മുൻകാലങ്ങളിൽ രാജ്യം വാർഷിക ശരാശരി 7.8 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. യു.എസ് പ്രഖ്യാപിച്ച ഉയർന്ന തീരുവ പണപ്പെരുപ്പത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യക്ക് പിന്മാറേണ്ടി വന്നാലും ആഭ്യന്തര പണപ്പെരുപ്പത്തിൽ സ്വാധീനമുണ്ടാക്കില്ല. എണ്ണ വില സാധാരണക്കാരെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിയ വിലക്ക് എണ്ണ വാങ്ങേണ്ടിവന്നാൽ തീരുവ കുറക്കുമെന്ന സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.