രേഖകൾ തടയാൻ അദാനി കോടതികളെ സമീപിക്കുന്നു -‘റോയിട്ടേഴ്സ്’
text_fieldsന്യൂഡൽഹി: അദാനിയുടെ കൽക്കരി ഇറക്കുമതിയിലെ ക്രമക്കേട് തെളിയിക്കുന്ന രേഖകൾ പുറത്തുവരാതിരിക്കാൻ അദാനി എൻറർപ്രൈസസും അതിന്റെ സഹോദര സ്ഥാപനങ്ങളും ഇന്ത്യയിലെയും സിംഗപ്പൂരിലെയും കോടതികളെ ഉപയോഗിക്കുകയാണെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള അദാനിയുടെ കൽക്കരി ഇറക്കുമതിയുടെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരുന്ന രേഖകളാണിതെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസി വ്യക്തമാക്കി.
അതിനിടെ അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കകത്ത് അന്വേഷണം പൂർത്തിയാക്കാത്ത സെബിക്കെതിരെ കേടതിയലക്ഷ്യ ഹരജിയുമായി ഹരജിക്കാരനായ വിശാൽ തിവാരി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൽക്കരി ഇറക്കുമതിയിൽ ക്രമക്കേട് വെളിപ്പെടുത്തുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ നിഴലിലുള്ള അദാനി ഗ്രൂപ് ഇറക്കുമതി ചെയ്ത കൽക്കരിക്ക് എത്രയോ ഇരട്ടി വില ഈടാക്കിയ വിവരം ‘ഫിനാൻഷ്യൽ ടൈംസ്’ കഴിഞ്ഞ മാസം പുറത്തുകൊണ്ടുവന്നിരുന്നു.
അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകൾ തടഞ്ഞുവെച്ച കീഴ് കോടതി ഉത്തരവിനെതിരെ ഇന്ത്യയുടെ റവന്യൂ ഇന്റലിജൻസ് ഏജൻസി സുപ്രീംകോടതിയെ സമീപിച്ചതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അദാനിയെ വഴിവിട്ട് സഹായിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ പ്രതിപക്ഷം സമ്മർദം ശക്തമാക്കിയിട്ടുണ്ടെന്ന് ‘റോയിട്ടേഴ്സ്’ പറയുന്നു. എന്നാൽ തങ്ങൾ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും നാല് വർഷം മുമ്പ് ചോദിച്ച രേഖകളുടെയും വിശദാംശങ്ങളുടെയും കാര്യത്തിൽ പൂർണമായും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.