ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു; ഇറക്കുമതിയിൽ വൻ വർധന
text_fieldsന്യൂഡൽഹി: കയറ്റുമതി 1.15 ശതമാനം കുറയുകയും ഇറക്കുമതിയിൽ 37 ശതമാനത്തിന്റെ വർധനയുണ്ടാകുകയും ചെയ്തതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ മാറ്റം. ഇന്ധന വിലവർധനയും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിനു കാരണമായി. ഈ വർഷം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഏഴ് ശതമാനമാണിടിഞ്ഞത്.
33 ശതകോടി ഡോളറാണ് ഈ വർഷം ആഗസ്റ്റിലെ കയറ്റുമതി. കഴിഞ്ഞ വർഷം ഇത് 33.38 ശതകോടി ഡോളറായിരുന്നു. ഇറക്കുമതി 45.09 ശതകോടിയിൽനിന്ന് 61.68 ശതകോടിയായി ഉയർന്നു. 37 ശതമാനമാണ് ഇറക്കുമതി വർധന. വ്യാപാരക്കമ്മി 11.71 ശതകോടി ഡോളറിൽനിന്ന് 28.68 ശതകോടി ഡോളറായി വർധിച്ചു. നടപ്പുസാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വ്യാപാരക്കമ്മി 250 ശതകോടി ഡോളറാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത് 192.4 ശതകോടി ഡോളറായിരുന്നു. എണ്ണ ഇറക്കുമതിക്കാണ് രാജ്യം വലിയ തുക ചെലവഴിക്കുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 99 ശതകോടി ഡോളർ എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷം മൊത്തം ചെലവഴിച്ചത് 62 ശതകോടി ഡോളറാണ്. ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഇറക്കുമതി 30 ശതമാനം വർധിച്ചു. കൽക്കരി ഇറക്കുമതി മൂന്ന് മടങ്ങായി. സ്വർണ ഇറക്കുമതിയിൽ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്.
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 7.5 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി വർധിപ്പിച്ചതും വിവിധ ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.