ട്രംപൻ കിറുക്ക്’:അന്ധാളിച്ച് കേരളത്തിലെ കയറ്റുമതി മേഖല
text_fieldsഇനിയെന്ത് എന്നതിൽ ആർക്കും ഒരു രൂപവുമില്ല. കയറ്റി അയച്ച സാധനങ്ങളുടെ വില ലഭിക്കുമോ എന്നുപോലും ഉറപ്പില്ല. പുതിയ ഓർഡറുകൾക്ക് ഇനി സാധ്യതയില്ലെന്ന് കരുതുന്നവരും നിരവധി. ആകെ ആശയക്കുഴപ്പത്തിലാണ് കേരളത്തിലെ കയറ്റുമതി മേഖല. ട്രംപിന്‍റെ 50 ശതമാനം തീരുവയിൽ അന്ധാളിച്ച് നിൽക്കുകയാണവർ. സമുദ്രോൽപന്നങ്ങൾമുതൽ അച്ചാർവരെ കയറ്റുമതി ചെയ്യുന്നവർ എന്താവും ഭാവിയെന്ന ആശങ്ക പങ്കുവെക്കുന്നു.
തീരുവ നടപ്പായെങ്കിലും അനന്തരഫലം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് കയറ്റുമതിക്കാർ. അതേസമയം നമ്മൾ ഇതിനെ തരണം ചെയ്യുമെന്നും മറ്റ് വഴികൾ തേടുമെന്നും കേന്ദ്രസർക്കാർ പറയുന്നു. അതിന് എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാർ. പുതിയ രാജ്യങ്ങളിലേക്ക് കടന്നുചെല്ലലും അവിടെനിന്ന് ഓർഡറുകൾ സമ്പാദിക്കലുമൊക്കെ ഉടനെ സാധ്യമാകുന്ന കാര്യമല്ലെന്നാണ് അവരുടെ വാദം..
സമുദ്രോൽപന്നങ്ങളും തുണിത്തരങ്ങളും കയറുമാണ് കേരളത്തിൽനിന്ന് യു.എസിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. തേയില, കാപ്പി, സുഗന്ധവ്യജ്ഞനങ്ങൾ, അച്ചാർ, റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങൾ തുടങ്ങി ഒട്ടേറെ ഇനങ്ങൾ യു.എസിലേക്ക് കപ്പൽ കയറുന്നുണ്ട്.
ഇന്ത്യയിൽനിന്ന് യു.എസിയിലേക്ക് 70,000 കോടി രൂപയുടെ തുണിത്തരങ്ങളാണ് പ്രതിവർഷം കയറ്റുമതി ചെയ്യുന്നത്. യു.എസിലേക്ക് തുണികൾ കയറ്റി അയക്കുന്നതിൽ ലോകത്തെതന്നെ രണ്ടാമത്തെ കമ്പനിയാണ് കേരളം ആസ്ഥാനമായുള്ള കിറ്റെക്സ്. കിറ്റെക്സിനെ മാറ്റിനിർത്തി ഉടനടി മറ്റ് രാജ്യങ്ങളിൽനിന്ന് ഇത്രത്തോളം തുണികൾ ഇറക്കുമതി ചെയ്യുക എന്നത് അമേരിക്കൻ വ്യാപാരികൾക്കും വെല്ലുവിളിയാകും. ബംഗ്ലാദേശ്, കംമ്പോഡിയ, വിയറ്റ്നാം എന്നിവയാണ് യു.എസിയിലേക്ക് തുണികൾ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ. അവർക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ പുതിയ നികുതി നയം ഇടയാക്കും.
ഇപ്പോഴത്തെ തീരുവ വർധന യു.എസിനും തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇന്ത്യയെപ്പോലെ ട്രംപ് പല രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കും തീരുവ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ഇത് അവിടെ വലിയ വിലക്കയറ്റത്തിന് കാരണമാകും. തീരുവ വർധന നമ്മുടെ രാജ്യത്തെ കയറ്റുമതി മേഖലയിലുണ്ടാക്കുന്ന തിരിച്ചടിയെ സ്വന്തം മാർക്കറ്റ് കൊണ്ടും പുതിയ അന്താരാഷ്ട്ര വിപണികൾ കണ്ടെത്തിയും അതിജീവിക്കാനാകുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.
നമ്മുടെ ആഭ്യന്തര മാർക്കറ്റ് വളരെ വലുതാണ്. ഇവിടെ വാങ്ങൽശേഷി കൂടിവരികയുമാണ്. ലോകത്ത് കശുവണ്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് യു.എസ് ആയിരുന്നു. ഇപ്പോൾ കശുവണ്ടി ഉപഭോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ക്ലീനാക്കിയ ചെമ്മീൻ കിലോക്ക് 500 രൂപയോളമാണ് യു.എസിൽ വില. ഇവിടെയാകട്ടെ തോടുള്ള ചെമ്മീൻ 500 രൂപക്ക് വിറ്റുപോകുന്നുണ്ട്. അത് നമ്മുടെ ജനങ്ങളുടെ വാങ്ങൽശേഷിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമുദ്രോൽപന്ന, കയർമേഖലക്ക് വലിയ തിരിച്ചടി
കാലവർഷകാലത്തെ കടൽപോലെ ഉയർന്നുപൊന്തുകയാണ് സമുദ്രോൽപന്ന മേഖലയിലെ ആശങ്ക. കേരളത്തിൽനിന്ന് മാത്രം 2024-2025 സാമ്പത്തിക വർഷത്തിൽ 1,79,659 മെട്രിക് ടൺ സമുദ്രോൽപന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. 2000 കോടിയുടെ കയറ്റുമതിയാണ് കയർ മേഖലയിലുള്ളത്. കേരളത്തിൽനിന്നുള്ള സമുദ്രോൽപന്നങ്ങളുടെ 90 ശതമാനവും പോകുന്നത് യു.എസിലേക്കാണ്. കയർ 70 ശതമാനവും. അവിടെ ഇനി ഈ രണ്ട് ഉൽപന്നങ്ങളും എത്രത്തോളം വിൽക്കാനാവുമെന്ന് കണ്ടറിയേണ്ട കാര്യമാണെന്ന് രണ്ട് രംഗത്തുമുള്ളവർ പറയുന്നു.
സമുദ്രോൽപന്ന കയറ്റുമതിക്ക് കേരളത്തിൽ 150 ഓളം കമ്പനികൾ പ്രവർത്തിക്കുന്നു. അനുബന്ധമായ പീലിങ് മേഖലയിൽ 200 ഓളം കമ്പനികളുമുണ്ട്. ഇവിടങ്ങളിലെല്ലാമായി കൊച്ചി, ആലപ്പുഴ ജില്ലകളിലായി പതിനായിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നു. കയർ മേഖലയിൽ 25,000ത്തോളം തൊഴിലാളികളുണ്ട്. ഇവരുടെയെല്ലാം ജീവിതം ട്രംപിന്‍റെ ഭ്രാന്തൻ നടപടിയുടെ കുരുക്കിൽപെടും.
സുഗന്ധവ്യജ്ഞനമേഖല യു.എസിൽ ഒതുങ്ങിനിൽക്കുന്നില്ല. മിക്കവാറും പാശ്ചാത്യ രാജ്യങ്ങളെല്ലാം ഉപഭോക്താക്കളാണ്. എന്നിരുന്നാലും ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ യു.എസ്.എയുണ്ട്. 2024 - 2025 വർഷം 1200 കോടിയോളം രൂപയുടെ കയറ്റുമതി യു.എസിലേക്ക് നടന്നു.
ആറ് മാസത്തോളം മാന്ദ്യമുണ്ടാകാം
യു.എസിന്‍റെ നടപടികൾമൂലം ആറ് മാസത്തോളം നമുക്ക് മാന്ദ്യമുണ്ടാകാം. അതിനകം നമ്മൾ പുതിയ വിപണി കണ്ടെത്തും. യൂറോപ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ വിപണി കണ്ടെത്തുന്നതിനാണ് കിറ്റക്സ് ശ്രമിക്കുന്നത്. അതിന് ആറുമാസത്തോളം സമയമെടുക്കും.
ഒരു ഓർഡർ ലഭിച്ചാൽ ഒമ്പതുമുതൽ 11 മാസംവരെ സമയമെടുത്താണ് ഉൽപന്നങ്ങൾ തയാറാക്കി അയക്കുന്നത്. പുതിയ തീരുവ നടപ്പായെങ്കിലും ഇതിനകം കയറ്റി അയച്ച് കഴിഞ്ഞവയുടെ ഉത്തരവാദിത്തം നമുക്കില്ല. അമേരിക്കൻ നിയമമനുസരിച്ച് കരാറൊപ്പിട്ട ഓർഡറുകൾ റദ്ദാക്കാൻ അവർക്ക് കഴിയില്ല. കോവിഡ് കാലത്തെയും രണ്ട് പ്രളയകാലത്തെയും അതിജീവിച്ച നമുക്ക് ഇപ്പോഴത്തെ പ്രതിസന്ധിയും തരണം ചെയ്യാനാകും -സാബു എം. ജേക്കബ് എം.ഡി, കിറ്റെക്സ് ഗാർമെന്റ്സ്)
കശുവണ്ടി മേഖലയെ കാര്യമായി ബാധിക്കില്ല
മൊത്തം കശുവണ്ടി കയറ്റുമതിയുടെ രണ്ടരശതമാനമേ യു.എസിലേക്ക് പോകുന്നുള്ളൂ. കഴിഞ്ഞവർഷം 979 മെട്രിക് ടൺ മാത്രമാണ് യു.എസിലേക്ക് കയറ്റിയയച്ചത്. അതിനാൽ യു.എസിന്‍റെ പുതിയ തീരുവകൊണ്ട് കശുവണ്ടി മേഖലയിൽ വലിയ പ്രശ്നങ്ങളുണ്ടാകില്ല.
യു.എസിലേക്ക് ഏറ്റവുമധികം കശുവണ്ടി കയറ്റുമതി ചെയ്യുന്നത് വിയറ്റ്നാമും ആഫ്രിക്കൻ രാജ്യങ്ങളുമാണ്. അവർക്ക് നികുതി വർധന ഉണ്ടായാൽ നമ്മുടെ ഇപ്പോഴത്തെ പ്രധാന മാർക്കറ്റായ യു.എ.ഇ, ഇന്ത്യയിലെതന്നെ ആഭ്യന്തര മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് അവർ തിരിയാൻ ഇടയാക്കും. അങ്ങിനെ വന്നാൽ അത് ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തിന് ഭീഷണിയാകും -(ഡോ.ആർ.കെ. ഭൂതേഷ്, ചെയർമാൻ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ).
സമുദ്രോൽപന്നം: ആഭ്യന്തര വിപണി വികസിപ്പിക്കണം
ഇന്ത്യയിൽ ഇപ്പോൾ മത്സ്യം ഉപഭോഗം നാല് ശതമാനമാണ്. അത് 10 ശതമാനമായി വർധിച്ചാൽ സമുദ്രോൽപന്ന മേഖലയിൽ യു.എസിന്‍റെ തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ നിഷ്പ്രയാസം മറികടക്കാനാകും. ഫ്രീസ് ചെയ്ത മത്സ്യവിഭവങ്ങൾ മോശമാണെന്നാണ് നമ്മുടെ ധാരണ. എന്നാൽ, യു.എസിൽ അതിനാണ് പ്രിയം. ഇത് മികച്ച ഉൽപന്നമാണെന്ന പ്രചാരണം സർക്കാർ നടത്തണം.
നമ്മുടെ ചരക്ക് ഇവിടെ കെട്ടിക്കിടക്കുന്നു എന്ന പ്രതീതി വന്നാൽ യൂറോപ്യൻ രാജ്യങ്ങൾ വില കുറക്കാൻ നിർബന്ധിക്കും. അപ്പോൾ അവിടേക്കുള്ള കയറ്റുമതി ലാഭകരമാകില്ല. ആഭ്യന്തര മാർക്കറ്റിൽ ആവശ്യക്കാരുണ്ടാകേണ്ടത് അത്യാവശ്യമാണ്. കയറ്റി അയക്കുന്ന അതേ ഗുണനിലവാരത്തിൽ ഇവിടെ കൊടുക്കുന്നു എന്ന് ഉറപ്പാക്കണം. ഇവിടെ വിപണി മെച്ചപ്പെടുംവരെ കമ്പനിക്കാർക്ക് പലിശ ഇളവോ മോറട്ടോറിയമോ പ്രഖ്യാപിക്കണം. പീലിങ് തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം -(ജെ.ആർ. അജിത് സംസ്ഥാന പ്രസിഡന്‍റ്, ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി.)
കയർ മേഖലയെ ബാധിക്കും
കയർ മേഖലയെ യു.എസ് തീരുവ വലിയതോതിൽ ബാധിക്കും. ഉൽപന്നങ്ങളുടെ വില ഇരട്ടിയോളമാകും. അത്രയും വില കൂട്ടാൻ യു.എസിലെ വ്യാപാരികൾ തയാറാവില്ല. അപ്പോൾ നമ്മൾ വില കുറക്കേണ്ടിവരും. കയർ ഉൽപന്നങ്ങൾക്ക് 3-5 ശതമാനമാണ് മാർജിൻ. അതിനാൽ നമുക്ക് വില വലിയതോതിൽ കുറക്കാനാവില്ല. അതിനാൽ കയർ കയറ്റുമതി നടത്താനാവാത്ത സ്ഥിതിയാണ്. വാൾമാർട്ട് പോലുള്ള വൻകിട കമ്പനികൾ കയർ ഉൽപന്നങ്ങൾ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഡിസംബർവരെ കയറ്റി അയക്കേണ്ടത് ഞങ്ങൾ ആഗസ്റ്റ് 27ന് മുമ്പ് കയറ്റി അയച്ചു. ആറ് കോടി രൂപയുടെ ബിസിനസ് അതിലൂടെ നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷം 12 കോടി നേടിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനാണ് ശ്രമിക്കുന്നത്. അവിടത്തെ ജനങ്ങൾക്ക് വാങ്ങൽശേഷി കുറവാണ്. പ്രതിസന്ധി 25,000ത്തോളം തൊഴിലാളികളെ നേരിട്ട് ബാധിക്കും -(ഡോ.പ്രതീഷ് ജി. പണിക്കർ, എം.ഡി, കയർ കോർപറേഷൻ)
തിരിച്ചടി താൽക്കാലികം
50 ശതമാനം തീരുവ വർധന സംബന്ധിച്ച് കുറച്ച് നാളുകളായി അനിശ്ചിതത്വം നിലനിന്നതിനാൽ ഭക്ഷ്യ ഉൽപന്നങ്ങൾ, തേയില തുടങ്ങിയവക്ക് യു.എസിൽനിന്ന് പുതുതായി ഓർഡർ ഒന്നും ലഭിക്കാത്ത സ്ഥിതിയാണ്. ഇപ്പോൾ 50 ശതമാനം തീരുവ നടപ്പായി. ഇത് നമ്മുടെ ഉൽപന്നങ്ങളുടെ വിലവർധനക്ക് കാരണമാകും. അത് തരണം ചെയ്യാൻ കയറ്റി അയക്കുന്നവയുടെ വില കുറക്കാൻ നിർബന്ധിതരാവും.
റെഡി ടു ഈറ്റ് പൊറോട്ടകൾ, മസാല ദോശകൾ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിക്കും. അത് ഇവിടത്തെ തൊഴിലാളികളെയും ബാധിക്കും. ഇന്ത്യക്കാർ അവിടെ വലിയൊരു വിഭാഗമാണ്. അവർക്ക് നമ്മുടെ ഭക്ഷ്യവസ്തുക്കൾ ആവശ്യമാണ്. അവർക്ക് ഉയർന്ന വില നൽകി വാങ്ങേണ്ടിവരും. യു.എസിലെ നമ്മുടെ വിപണി തീരുവ കുറവുള്ള രാജ്യങ്ങൾ കൈയടക്കിയേക്കും. പകരം നമ്മൾ പുതിയ വിപണി കണ്ടെത്തുകതന്നെ ചെയ്യും.
നവാസ് മീരാൻ
ചെയർമാൻ,ഗ്രൂപ്പ് മീരാൻ, കൊച്ചി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.