ഇലക്ട്രിക് സ്കൂട്ടർ വിൽപനയിൽ സ്റ്റാർട്ട് അപ്പുകളെ പിന്നിലാക്കി പ്രതാപികൾ
text_fieldsമുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വഴിത്തിരിവുമായി പരമ്പരാഗത സ്കൂട്ടർ കമ്പനികൾ. പുതുതലമുറ സ്റ്റാർട്ട് അപ്പുകളുടെ വർഷങ്ങൾ നീണ്ട ആധിപത്യം തകർത്ത് അവർ വിൽപനയിൽ മുൻ നിരയിലെത്തി. ടി.വി.എസ് മോട്ടോർ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോപ് രുടങ്ങിയ കമ്പനികളുടെ വിൽപനയാണ് കുതിച്ചുയർന്നത്. ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ 60 ശതമാനം ഇവരുടെ നിയന്ത്രണത്തിലാണെന്ന് ഗവേഷണ സ്ഥാപനമായ ജാതോ ഡൈനാമിക്സ് പറഞ്ഞു. 34 ശതമാനം മാത്രമുണ്ടായിരുന്ന 2023ലെ വിപണി പങ്കാളിത്തമാണ് ഇരട്ടിയോളമുയർന്നത്.
സ്റ്റാർട്ട് അപ്പുകളാണ് രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിന് തുടക്കമിട്ടത്. നിരവധി വർഷങ്ങൾ അവർ കൈയടക്കിയ വിപണി പിന്നീട് പതുക്കെ പരമ്പരാഗത സ്കൂട്ടർ നിർമാതാക്കൾ പിടിച്ചടക്കുന്നതാണ് കണ്ടത്. സ്കൂട്ടർ വിൽപനക്കും വിൽപനാന്തര സേവനത്തിനും രാജ്യവ്യാപകമായി സ്റ്റോറുകളുണ്ടെന്നതാണ് പരമ്പരാഗ കമ്പനികൾ ഈ നേട്ടം കൈവരിക്കാൻ കാരണം.
ഇലക്ട്രിക് സ്കൂട്ടറുകൾ നിത്യജീവിതത്തിലെ എല്ലാ യാത്രകൾക്കും ഉപയോഗിക്കാൻ തുടങ്ങിയതോടെ വിൽപനാന്തര സേവനങ്ങൾക്കാണ് ഉപഭോക്താക്കൾ ഏറ്റവും പ്രാധാന്യം നൽകുന്നത്. മെയ്ന്റനൻസ് ചാർജ്, ഇൻഷൂറൻസ്, റജിസ്ട്രേഷൻ, റീസെയിൽ തുടങ്ങിയ കാര്യങ്ങളിലും സ്റ്റാർട്ട് അപ്പുകളെ അപേക്ഷിച്ച് പരമ്പരാഗത കമ്പനികൾ ഒരു പടി മുന്നിലാണ്.
ഈ വർഷം ജനുവരിയോടെയാണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ കടിഞ്ഞാൺ സ്റ്റാർട്ട് അപ്പുകളിൽനിന്ന് പരമ്പരാഗത കമ്പനികൾ ഏറ്റെടുത്തത്. കടുത്ത മത്സരത്തിൽ ടി.വി.എസ് മോട്ടോറും ബജാജ് ഓട്ടോയും വിപണി പൊളിച്ചടക്കുകയായിരുന്നു. 2023ൽ ടി.വി.എസ് മോട്ടോറിന് 22 ശതമാനം വിപണി പങ്കാളിത്തമാണുണ്ടായിരുന്നത്. ഈ വർഷം ജനുവരിയോടെ 28 ശതമാനമായി ഉയർന്നു. ഡിസംബർ സാമ്പത്തിക പാദത്തിൽ ആദ്യമായി ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുളാണ് കമ്പനി വിറ്റത്.
ബജാജ് ഓട്ടോക്ക് 10 ശതമാനം മാത്രമുണ്ടായിരുന്ന വിപണി പങ്കാളിത്തം 21 ശതമാനമായി വർധിച്ചു. അതേസമയം, വെറും രണ്ട് ശതമാനം വിപണി പങ്കാളിത്തം 11 ശതമാനത്തിലേക്ക് ഉയർത്താൻ ഹീറോ മോട്ടോകോർപിനും കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ട്അപ്പായ ഏഥർ 18 ശതമാനം വിപണി പങ്കാളിത്തവുമായി മൂന്നാം സ്ഥാനത്താണ്.
ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ലീഡറായിരുന്ന ഒല ഇലക്ട്രിക്കിന്റെ വിൽപന നാല് വർഷത്തിനിടെ വൻ ഇടിവ് നേരിട്ടു. 2023ൽ 36 ശതമാനം വിപണി പങ്കാളിത്തമാണ് ഒലക്ക് ഉണ്ടായിരുന്നത്. ഈ വർഷം ജനുവരിയോടെ ആറ് ശതമാനമായി ഇടിഞ്ഞു. കടുത്ത മത്സരത്തിനിടയിലും വിൽപനക്കും വിൽപനാന്തര സേവനങ്ങൾക്കും ശക്തമായ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ഒലയുടെ തകർച്ച വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

