Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൊച്ചിയിൽ ലുലുവിന്റെ...

കൊച്ചിയിൽ ലുലുവിന്റെ ഐ.ടി സമുച്ചയം ഉദ്ഘാടനം ​28ന്; 30,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യം

text_fields
bookmark_border
കൊച്ചിയിൽ ലുലുവിന്റെ ഐ.ടി സമുച്ചയം ഉദ്ഘാടനം ​28ന്; 30,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യം
cancel

കൊച്ചി: ഐ.ടി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ രംഗത്ത്​ ലുലു ഗ്രൂപ്പിന്‍റെ സ്വപ്നപദ്ധതി കൊച്ചിയിൽ പ്രവർത്തനസജ്ജമായി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായ ലുലു ഐ.ടി ട്വിൻ ടവർ കാക്കനാട് സ്മാർട്ട് സിറ്റിയിൽ ഈ മാസം 28ന് രാവിലെ 11.30ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും.

മന്ത്രിമാരായ പി. രാജീവ്​, ജി.ആർ. അനിൽ തുടങ്ങിയവർ പ​ങ്കെടുക്കും. 1,500 കോടിയിലേറെ രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ ഇരട്ട ടവറുകളിൽ ഐ.ടി-എ.ഐ മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണുള്ളത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐ.ടി ഓഫിസ് സമുച്ചയമാണിത്​. 12.74 ഏക്കറിൽ 30 നില വീതമുള്ള ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയാണ്​ വിസ്തീർണം. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐ.ടി കമ്പനികളുടെ ഓഫിസ്​ സൗകര്യമാണ്​.

30,000 പേർക്ക്​ ജോലി ചെയ്യാൻ സൗകര്യം

വിദ്യാസമ്പന്നരായ യുവാക്കൾക്ക് നാട്ടിൽതന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുന്ന പദ്ധതിയിൽ 30,000ലേറെ ടെക് പ്രഫഷനലുകൾക്ക് ജോലി ചെയ്യാം. ലോകത്തിലെതന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്-റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളും സജ്ജമാണ്​​. 3200 കാറുകൾക്ക്​ റോബോട്ടിക് പാർക്കിങ് അടക്കം മൂന്നുനിലയിലായി ഒരേസമയം 4500 കാർ പാർക്ക് ചെയ്യാം.

ഗ്രീൻ ബിൽഡിങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ സർട്ടിഫൈഡ് ​ബിൽഡിങ് അം​ഗീകാരത്തോടെ പൂർത്തിയാക്കിയ ഇരട്ട ടവറുകളിൽ നൂറുശതമാനം പവർ ബാക്ക്അപ്, 67 ഹൈസ്പീഡ് ലിഫ്റ്റ്​, 12 എസ്കലേറ്റർ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഉണ്ട്​. വൈദ്യുതി വാഹന ചാര്‍ജിങ്​ പോയന്‍റുകള്‍, ഡേറ്റ സെന്‍റര്‍ സൗകര്യം, ബാങ്കിങ്​ സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപൺ സീറ്റിങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്‍റ്​ തുടങ്ങിയവ പുറമെ.

മൂന്നുവർഷത്തിനകം അരലക്ഷം തൊഴിലവസരം

മൂന്നുവർഷത്തിനകം അരലക്ഷം ഐ.ടി പ്രഫഷനലുകൾക്ക് ലുലു ഐ.ടി പാർക്കുകളിലൂടെ ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്‍റെ രണ്ട്​ സൈബർ ടവറിലായി 13,800 പേർ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്‍റെ ഐ.ടി വികസനത്തിന് ഇരട്ട ടവർ കൂടുതൽ വേഗംപകരുമെന്നും ലുലു ഐ.ടി പാർക്സ്​ ഡയറക്ടറും സി.ഒ.ഒയുമായ അബ്ദുറഹ്മാൻ വ്യക്തമാക്കി.

ഇരട്ട ടവർ കൂടി പ്രവർത്തന സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐ.ടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐ.ടി അടിസ്ഥാനസൗകര്യ പദ്ധതിയാണ്​ യാഥാർഥ്യമാകുന്നത്.

ലുലു ​ഗ്രൂപ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ. നിഷാദ്, ലുലു ​ഗ്രൂപ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്​റഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ​ഗ്രൂപ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഐ.ടി പാർക്സ്​ സി.എഫ്.ഒ മൂർത്തി ബു​ഗാട്ട തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

ലുലു ഐ.ടി ട്വിൻ ടവർ

* മുതൽ മുടക്ക്​ 1500 കോടിയിലധികം

* ഓൺസൈറ്റ് ഹെലിപ്പാഡ് അടക്കം അത്യാധുനിക സൗകര്യങ്ങൾ

* 12.74 ഏക്കറിൽ 30 നില വീതം രണ്ട്​ ടവർ; വിസ്തീർണം 35 ലക്ഷം ചതുരശ്ര അടി

* 30,000ലേറെ ടെക് പ്രഫഷനലുകൾക്ക് തൊഴിലവസരം

* 3200 കാറുകൾക്ക്​ റോബോട്ടിക് പാർക്കിങ് സൗകര്യം

* 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT Industrylulu group
News Summary - Lulu's IT complex to be inaugurated in Kochi on 28th; 30,000 people to work
Next Story