Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട് ഐ.ഡി കാർഡ് ആധാറിന് പകരമാകുമോ? കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം

text_fields
bookmark_border
വോട്ട് ഐ.ഡി കാർഡ് ആധാറിന് പകരമാകുമോ? കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്‍റെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്.ഐ.ആർ വഴി ദശലക്ഷക്കണക്കിന് ഭാരതീയരെ ജനാധിപത്യ-ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.

"എസ്‌.ഐ.ആർ നടപടികളിലൂടെ ഇതിനകം 13.3 കോടിയോളം ഭാരതീയരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കഴിഞ്ഞു. ഇപ്പോൾ വോട്ടർ ഐ.ഡി ഇല്ലെന്ന കാരണം പറഞ്ഞ് റേഷൻ, വീട്, ആരോഗ്യ ഇൻഷുറൻസ്, തൊഴിലുറപ്പ് പദ്ധതികൾ എന്നിവ നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത് ആദ്യം രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കുക, അതിനുശേഷം വോട്ടർ ഐ.ഡി ഇല്ലെന്ന പേരിൽ ക്ഷേമപദ്ധതികളിൽ നിന്ന് ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ വലിയ അജണ്ട," ഖേര കൂട്ടിച്ചേർത്തു.

സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ഇനി ആധാർ അടിസ്ഥാനമാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പകരമായി, ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐ.ഡി നമ്പറും ഉപയോഗിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നതും പണം കൈമാറുന്നതും. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖേരയുടെ പ്രതികരണം.

‘പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27’ ദേശീയ ശിൽപശാലയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. "ആധാർ എൻറോൾമെന്‍റ് കേന്ദ്രങ്ങൾ ഇപ്പോൾ എല്ലായിടത്തമുണ്ട്. അഞ്ച് മിനിറ്റിനുള്ളിൽ ആർക്കും ആധാർ കാർഡ് ലഭിക്കും. ഇനി മുതൽ ആധാർ കാർഡ് ഇതിനൊരു അടിസ്ഥാനമായിരിക്കില്ല. പകരം, ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐ.ഡി നമ്പറും ഉപയോഗിച്ചായിരിക്കും ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നത്," ഇതായിരുന്നു രാജീവ് രഞ്ജന്‍റെ പ്രസ്താവന.

ക്ഷേമപദ്ധതികളുടെ വിതരണത്തിന് വോട്ടർ ഐ.ഡിയും ബയോമെട്രിക്‌സും നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോയും അപലപിച്ചിരുന്നു. ഈ തീരുമാനം ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരെ ക്ഷേമ പദ്ധതികളിൽ നിന്ന് കൂടുതൽ പുറന്തള്ളാൻ കാരണമാകുമെന്നും എസ്‌.ഐ.ആർ വഴി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ ഇത് രൂക്ഷമായി ബാധിക്കുമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

പ്രായമായ വനിതാ കർഷകത്തൊഴിലാളികളുടെ ഐറിസ് (കണ്ണ്) സ്‌കാൻ ബയോമെട്രിക് മെഷീനുകൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനാലും, കായികാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ വിരലടയാളങ്ങൾ കൃത്യമായി പതിയാത്തതിനാലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ പാർട്ടി ചൂണ്ടിക്കാട്ടി. കൂടാതെ, സ്മാർട്ട്‌ഫോണുകൾ ഇല്ലാത്ത ഗ്രാമീണ കുടുംബങ്ങൾക്ക് ഇ-കെ.വൈ.സി പൂർത്തിയാക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - opposition on government decision on
Next Story