ജ്വല്ലറികളിലെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി; യുദ്ധപ്രഖ്യാപനമെന്ന് സ്വർണ വ്യാപാരികൾ
text_fieldsതിരുവനന്തപുരം/കൊച്ചി: സ്വര്‍ണാഭരണ വില്പനരംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജി.എസ്.ടി രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കം നടപടികളെടുക്കണം. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇൻസെൻറീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിെൻറ സാധ്യത മുഖ്യമന്ത്രി ആരാഞ്ഞു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നികുതി സെക്രട്ടറി ശര്‍മിള മേരി ജോസഫ്, ജി.എസ്.ടി കമീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവർ സംസാരിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടലും സാമ്പത്തിക ബാധ്യതകളും മറികടക്കാൻ ബദ്ധപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി.എസ്.ടി ഉദ്യോഗസ്ഥർ ഇപ്പോൾതന്നെ സ്വർണക്കടകളുടെ മുന്നിൽതന്നെയാണ്.
സ്വർണക്കടകൾക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജി.എസ്.ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും പൊലീസ് രാജിനുള്ള നീക്കമാണെന്നും അസോസിയേഷൻ ആരോപിച്ചു. ജി.എസ്.ടി നിലവിൽ വന്നശേഷം സ്വർണാഭരണ വ്യാപാരമേഖലയിൽ നിന്ന് നികുതി പിരിവ് വാറ്റ് കാലത്തെക്കാൾ വളരെക്കൂടുതലാണ്. അനധികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിന് പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടക്കുന്ന സമീപനമാെണന്നും അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
ഇതിനിടെ, സ്വർണക്കടകളിൽ പരിശോധന നിർദേശം ആരെയും ബുദ്ധിമുട്ടിക്കാനല്ലെന്നും കൃത്യമായി നികുതി അടയ്ക്കുന്നെന്ന് ഉറപ്പാക്കാനാണെന്നും മുഖ്യമന്ത്രി പിന്നീട് പറഞ്ഞു. സ്വർണവ്യാപാരികൾ യുദ്ധപ്രഖ്യാപനം നടത്തിയെന്ന് വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അേദ്ദഹം.സ്വർണ വ്യാപാരികളുമായി തർക്കത്തിന് പോകാനല്ല ഉദ്ദേശിക്കുന്നത്. കൃത്യമായി നികുതി അടയ്ക്കുന്ന സംവിധാനം ഉണ്ടാകണം. ചിലർ കൃത്യമായി നികുതി അടയ്ക്കുന്നു. ചിലർ അടയ്ക്കുന്നില്ല. അവിടെ കൃത്യമായ പരിശോധന വേണമെന്നാണ് പറഞ്ഞത്–അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.