Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightശ്രദ്ധിച്ച് തുടങ്ങാം...

ശ്രദ്ധിച്ച് തുടങ്ങാം ബിസിനസ്; സംരംഭങ്ങൾ തുടങ്ങുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നടപടി ക്രമങ്ങൾ

text_fields
bookmark_border
ശ്രദ്ധിച്ച് തുടങ്ങാം ബിസിനസ്; സംരംഭങ്ങൾ തുടങ്ങുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നടപടി ക്രമങ്ങൾ
cancel

ആശയ രൂപവത്കരണം

ബിസിനസ് ആശയം വ്യക്തമായി നിർവചിച്ചുകൊണ്ട് മാത്രം ആരംഭിക്കുക. ഉപഭോക്തൃ മുൻഗണനകളും വിപണി പ്രവണതകളും ബിസിനസിലെ മാറ്റങ്ങളും മനസ്സിലാക്കിയശേഷം നാം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ ആശയ രൂപവത്കരണം നടത്തേണ്ടതുണ്ട്. ബിസിനസിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവിന്റെ മൂർച്ചകൂട്ടുന്നതിനും ബിസിനസ് രംഗത്ത് സുസ്ഥിര വിജയത്തിനായുള്ള പാത രൂപപ്പെടുത്തുന്നതിനും ഇത് ആവശ്യമാണ്.

പ്രശ്നം പരിഹരിക്കുക, പ്രക്രിയ മെച്ചപ്പെടുത്തുക, പുതിയ ഉൽപന്നം സൃഷ്ടിക്കുക അല്ലെങ്കിൽ നിലവിലുള്ള ബിസിനസ് ആശയങ്ങൾ കടംകൊള്ളുക ഇതിൽ ഏതാണെങ്കിലും ആശയ രൂപവത്കരണം പ്രധാനമാണ്. പുതിയ ആശയങ്ങൾ നടപ്പിലാക്കും മുമ്പ്, ചെറിയ തോതിലുള്ള മാർക്കറ്റ് സ്റ്റഡി നടത്തേണ്ടതുണ്ട്. പ്രശ്‌നസാധ്യതകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ആശയങ്ങൾ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ ഘട്ടം സഹായിക്കുന്നു.

ബിസിനസ് പ്ലാൻ

സംരംഭത്തിന്റെ മാർക്കറ്റിങ് തന്ത്രം, സ്ഥിരമൂലധന നിക്ഷേപ ഘടകങ്ങൾ ഓരോന്നിനും വേണ്ട തുക (ഭൂമി,കെട്ടിടം, നിർമാണശാല, യന്ത്രം, ഉപകരണങ്ങൾ, പദ്ധതി ആരംഭിക്കാൻ വേണ്ട മിനിമം സ്റ്റോക്കിന്റെ ചെലവ് മുതലായവ), പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ബിസിനസിലേക്കുള്ള വിറ്റുവരവ് പൂർണ തോതിൽ എത്തുന്നതുവരെ അവശ്യംവേണ്ട ഫണ്ട് (പ്രവർത്തന മൂലധനം) എന്നിവ വ്യക്തമാക്കുന്ന റിപ്പോർട്ട് തയാറാക്കേണ്ടതാണ്. ഇതു തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് സംരംഭകന് കൂടുതൽ മനസ്സിലാക്കുന്നതിനും അതിന്റെ പ്രവർത്തനത്തെക്കുറിച്ച് മറ്റുള്ളവർക്ക് കൂടുതൽ അറിയുന്നതിനും ഉപകരിക്കുന്നതാണ്. പ്രവർത്തന വിശദാംശങ്ങൾ, വിറ്റുവരവ്, ലാഭക്ഷമത എന്നിവ അടങ്ങിയ ബിസിനസ് പ്ലാൻ ബാങ്ക് വായ്പകൾ / മറ്റിനം ഫണ്ടുകൾ സ്വരൂപിക്കുന്നതിന് അനിവാര്യമാണ് .

സ്ഥലം ​തെരഞ്ഞെടുക്കൽ

ബിസിനസ് തുടങ്ങുന്നതിനു അനുയോജ്യമായ സ്ഥലം കണ്ടെത്തുക വളരെ പ്രധാനമാണ്. ബിസിനസിന് അവശ്യംവേണ്ടുന്ന എല്ലാ ലൈസൻസുകളും ലഭിക്കും എന്ന് ഉറപ്പുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിച്ചുകൊണ്ട്‌ ബിസിനസ് നടത്തുന്നതിന് അനുയോജ്യമാണ് സ്ഥലമെന്ന് ഉറപ്പാക്കേണ്ടതാണ്. അതോടൊപ്പം ബിസിനസിന്റെ മുന്നോട്ട്പോക്ക് / വളർച്ചക്ക് അവശ്യം വേണ്ട മറ്റു ഘടകങ്ങളായ വിപണി, മാർക്കറ്റിങ് സംവിധാനങ്ങൾ തുടങ്ങിയവ കൂടി ഉറപ്പാക്കുന്നതായിരിക്കണം തെരഞ്ഞെടുക്കപ്പെട്ട സ്ഥലം.

കെട്ടിട നിർമാണ ചട്ടങ്ങൾ

പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം / കെട്ടിടം അതിനു അനുയോജ്യമാണോ എന്ന് പരിശോധിക്കണം. പഞ്ചായത്ത് / നഗരസഭാ ചട്ടങ്ങൾ പാലിച്ചുള്ള കമേഴ്സ്യൽ അല്ലെങ്കിൽ വ്യവസായ കെട്ടിടമാണോ എന്ന് ഉറപ്പാക്കുക. ഫാക്ടറികൾ സ്ഥാപിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ അനുമതിക്ക് അവശ്യംവേണ്ട സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.

മലിനീകരണ നിയന്ത്രണ ബോർഡ് നിബന്ധനകൾ

മലിനീകരണ നിയന്ത്രണ ബോർഡ് നിബന്ധനകൾ പ്രകാരം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി അത്തരം നിബന്ധനകൾ പാലിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി മാത്രം മുന്നോട്ടു പോകുക. മലിനീകരണത്തിന്റെ തോത് അനുസരിച്ച് ബിസിനസ് സംരംഭങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള എന്ന് തരം തിരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ഉയർന്ന മലിനീകരണമുള്ള വ്യവസായങ്ങൾ ചുവപ്പു വിഭാഗത്തിലും, മലിനീകരണം തീരെ ഇല്ലാത്തവ വെള്ള വിഭാഗത്തിലും ഉൾപ്പെടുന്നു. വെള്ള വിഭാഗത്തിൽപെട്ട സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെന്നതിനാൽ മലിനീകരണ സാധ്യതയുള്ള സംരംഭം തുടങ്ങുന്നതിന് തീരുമാനം എടുത്താൽ ഉടൻ തന്നെ ബോർഡിന്റെ അനുമതി ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എടുക്കേണ്ടതാണ് .

ബിസിനസ് ഘടന

വിവിധ തരത്തിലുള്ള ബിസിനസ് ഘടനകളിൽ ഒന്ന് തെരഞ്ഞെടുക്കുക (ഏക ഉടമസ്ഥാവകാശം, പങ്കാളിത്ത സ്ഥാപനം, ലിമിറ്റഡ് ബാധ്യത പങ്കാളിത്തം, അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ). ഏക ഉടമസ്ഥാവകാശം ഒഴിച്ചുള്ള സ്ഥാപനങ്ങൾ അതനുസരിച്ചുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

രജിസ്ട്രേഷനുകൾ/ ലൈസൻസുകൾ

അടുത്ത ഘട്ടം നിയമപരമായ രജിസ്ട്രേഷനുകൾ പൂർത്തിയാക്കി ആവശ്യമായ ലൈസൻസുകൾ എടുക്കുക എന്നതാണ്

ട്രേഡ് ലൈസൻസ്: ഒരു പ്രത്യേക ഭൂപ്രദേശത്ത് ബിസിനസ് നടത്താൻ വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​പ്രാദേശിക പഞ്ചായത്ത് / മുനിസിപ്പൽ കോർപറേഷൻ നൽകുന്ന അനുമതിയാണ് ട്രേഡ് ലൈസൻസ് . ഏതുതരം ബിസിനസ് ആരംഭിക്കണമെങ്കിലും ട്രേഡ് ലൈസൻസ് നിർബന്ധമാണ്. സംരംഭം തുടങ്ങാൻ തീരുമാനം എടുത്താൽ ഉടൻതന്നെ ട്രേഡ് ലൈസൻസ് അനുമതി ഉറപ്പാക്കുക .

ഉദ്യം രജിസ്ട്രേഷൻ

കേന്ദ്ര സർക്കാർ എം.എസ്.എം.ഇ മന്ത്രാലയം സംരംഭങ്ങളുടെ നിക്ഷേപം, വിറ്റുവരവ് എന്നിവ അടിസ്ഥനമാക്കി സംരംഭങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം എന്നീ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇത്തരത്തിൽ നിക്ഷേപം / വിറ്റുവരവുള്ള സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനും സഹായിക്കുന്നതിനും കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണ് ഉദ്യം രജിസ്ട്രേഷൻ. ബിസിനസുകൾക്ക് ഔപചാരികമായ ഐഡന്റിറ്റി നൽകികൊണ്ട് അവർക്ക് ജാമ്യരഹിത വായ്പ സഹായം, നികുതി ഇളവുകൾ, സബ്‌സിഡി ആനുകൂല്യങ്ങൾ തുടങ്ങി നിരവധി നേട്ടങ്ങൾ ലഭിക്കുന്നതിന് ഉദ്യം രജിസ്ട്രേഷൻ എളുപ്പമാക്കുന്നു.

ജി.എസ്.ടി രജിസ്ട്രേഷൻ

ബിസിനസിന്റെ ജി.എസ്.ടി രജിസ്ട്രേഷൻ എന്നത് നികുതി അധികാരികളുമായി ബന്ധിപ്പിക്കുന്ന 15 അക്ക തിരിച്ചറിയൽ നമ്പർ (ജി.എസ്.ടി.ഐ.എൻ ) നേടുന്നതിനെ സൂചിപ്പിക്കുന്നു. നികുതി ആവശ്യങ്ങൾക്കായി ബിസിനസിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യകതയാണിത്. ചരക്കുകൾക്കോ സേവനങ്ങൾക്കോ ബിസിനസ് സംബന്ധിച്ചു നൽകിയ നികുതികളുടെ ഇൻപുട്ട് ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ജി.എസ്.ടി നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമായും എടുക്കേണ്ട ബിസിനസാണെങ്കിൽ രജിസ്ട്രേഷൻ എടുക്കുക. അല്ലാത്തപക്ഷം ബിസിനസിന്റെ വാർഷിക വിറ്റുവരവ് ചരക്ക് / നിർമാണ മേഖലയിൽ 40 ലക്ഷം രൂപയിൽ കൂടുതലോ, സേവന മേഖലയിൽ 20 ലക്ഷം രൂപയിൽ കൂടുതലോ ആണെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നിർബന്ധമുള്ളൂ.

മറ്റു രജിസ്ട്രേഷൻ/ലൈസൻസുകൾ

തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ സ്വഭാവം , ഉപയോഗിക്കുന്ന മെറ്റീരിയൽസ്, ഉൽപന്നം (ഭഷ്യ, കെമിക്കൽ , കോസ്മെറ്റിക്സ്‌ , മരുന്നുകൾ ആയുർവേദിക് , എസ്‌പ്ലോസിവ്സ് തുടങ്ങിയവ) ഏത് വിഭാഗത്തിൽപ്പെട്ടതാണ്, പാക്കിങ്‌ /റീപാക്കിങ്, കയറ്റുമതി /ഇറക്കുമതി വരുന്നതാണോ എന്നതിനെ ആശ്രയിച്ചു മലിനീകരണ നിയന്ത്രണ ബോർഡ്, മറ്റു സർക്കാർ വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ അംഗീകാരം / ലൈസൻസ് നിർബന്ധമാകുന്നതാണ്. ഏതെല്ലാം ലൈസൻസുകൾ ആണ് എടുക്കേണ്ടത് എന്നറിയാൻ അടുത്തുള്ള ജില്ല / താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.

ഉദാഹരണമായി ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണം, സ്റ്റോക്ക് , വിതരണം , കച്ചവടം തുടങ്ങി എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ ) രജിസ്‌ട്രേഷൻ / ലൈസൻസ് നിർബന്ധമാണ്. അതുപോലെ കയറ്റുമതി, ഇറക്കുമതി ചെയ്യുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) നൽകുന്ന ഐ.ഇ.സി കോഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കൃഷി, എക്സൈസ്, മൈനിങ് ആൻഡ് ജിയോളജി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്, ഫയർ , ഡ്രഗ് കൺട്രോൾ, ആരോഗ്യം , ഗ്രൗണ്ട് വാട്ടർ , വനം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് എന്നിവയാണ് ലൈസൻസ് / അനുമതിയുമായി ബന്ധപ്പെട്ട മറ്റു പ്രധാന വകുപ്പുകൾ.

ബൗദ്ധികസ്വത്തവകാശം

ആശയപരമോ കലാപരമോ കച്ചവടപരമോ ആയ ആശയങ്ങളുടെ മേൽ ഉടമസ്ഥനു ലഭിക്കുന്ന വിവിധതരത്തിലുള്ള നിയമപരമായ കുത്തകയാണു് ബൗദ്ധികസ്വത്തവകാശം (ഐ.പി.ആർ). ബൗദ്ധിക സ്വത്തവകാശം ഉള്ളവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് വസ്തുവിന്റെയോ വസ്തുക്കളുടെയോ ഉപയോഗത്തിൽ കുത്തക ലഭിക്കുന്നതാണ്.

വ്യാപാരമുദ്ര, പേറ്റന്റ്, പകർപ്പവകാശം, വ്യാപാരരഹസ്യങ്ങൾ എന്നിവയെല്ലാം ചേർത്ത് പൊതുവിൽ പറയുന്ന പേരാണ്‌ ബൗദ്ധികസ്വത്തവകാശം. ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കണ്ടുപിടിത്തങ്ങളും ആശയങ്ങളും സംരക്ഷിക്കുന്നതിനും അവരുടെ കഠിനാധ്വാനത്തിന്റെ നേട്ടം അവർക്ക് ഉറപ്പാക്കുന്നതിനും ബൗദ്ധികസ്വത്തവകാശങ്ങൾ പ്രധാനമാണ്.

ഏക ജാലക സംവിധാനം (കെ-സ്വിഫ്റ്റ് )

സംസ്ഥാനത്ത് ഒരു സംരംഭം സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നും ക്ലിയറൻസ് / ലൈസൻസ് നേടുന്നതിന് ഓൺലൈൻ ക്ലിയറൻസ് സംവിധാനം (കെ-സ്വിഫ്റ്റ്) ലക്ഷ്യമിടുന്നു. വേഗമേറിയതും, സുതാര്യവുമായ ക്ലിയറൻസിനായി ഏകജാലക ഇന്റർഫേസ് ആയ കെ-സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കുക.

കെ-സ്വിഫ്റ്റ് സംവിധാനം വഴി എല്ലാ എം.എസ്.എം.ഇ യൂനിറ്റുകൾക്കും വേണ്ടതായ ലൈസൻസുകൾ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതും ഓട്ടോമാറ്റിക് സംവിധാനത്തിൽതന്നെ കേരള സർക്കാറിന്റെ അനുമതിപത്രങ്ങൾക്കു തുല്യമായ അക്‌നോലെഡ്‌ജ്‌മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമാണ്. സംരംഭത്തിന്റെ ആദ്യ മൂന്നു വർഷത്തെ പ്രവർത്തനത്തിനു ഈ സർട്ടിഫിക്കറ്റ് മതിയാകും. ആ കാലയളവ് കഴിഞ്ഞു ആറുമാസത്തിനകം നേരിട്ടുള്ള അനുമതിപത്രം എടുത്താൽ മതിയാകും.

ഫണ്ട് എവിടെനിന്ന് ​?

ബാങ്കുകൾക്ക് പുറമെ, സമാന്തരമായി വായ്പകൾ നൽകുന്ന സർക്കാർ ഏജൻസികളെയും സ്ഥാപനങ്ങളെയും ഫണ്ടിനായി ഉപയോഗപ്പെടുത്താവുന്നതാണ്. കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ നോൺ ബാങ്കിങ് ഫിനാൻസിങ് കമ്പനികൾ (എൻ.ബി.എഫ്.സി ) അത്തരത്തിൽ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങളാണ് കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവ.

കേരളത്തില്‍ ഇടത്തര, വന്‍കിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുംവേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷൻ ലിമിറ്റഡ്‌ (കെ.എസ്.ഐ.ഡി.സി). ഒരു കോടി മുതൽ പരമാവധി 60 കോടി രൂപ വരെ വായ്പാ പദ്ധതികൾ നടപ്പാക്കുന്നു.

സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ട്, 1961 പ്രകാരം 99.14 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ സ്ഥാപിച്ച ധനകാര്യ സ്ഥാപനമാണ് സ്റ്റേറ്റ് ഫിനാൻഷ്യൽ കോര്‍പറേഷൻ (കെ.എഫ്.സി). സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കനുസരിച്ചു പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. രാജ്യത്തെ മികച്ച സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനുകളിൽ ഒന്നാണ് കെ.എഫ്‌.സി. പുതിയ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനും ഉൽപാദന, സേവന മേഖലകളിലെ നിലവിലുള്ള യൂനിറ്റുകളുടെ വിപുലീകരണം / നവീകരണം / വൈവിധ്യവത്കരണം എന്നിവയ്ക്കും കെ.എഫ്.സി സാമ്പത്തിക സഹായം നൽകി വരുന്നു. 60 കോടി രൂപ വരെയുള്ള വായ്പ പദ്ധതികൾ നടപ്പിലാക്കുന്നു.

30 ലക്ഷം രൂപ വരെയുള്ള വായ്പ പദ്ധതികൾ നടപ്പാക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷൻ (കെ.എസ്.ബി.സി.ഡി.സി ), കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ (കെ.എസ്.ഡബ്ല്യു.ഡി.സി), പട്ടിക ജാതി-വർഗ വികസന കോർപറേഷൻ , കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എന്നിവ. സ്ഥാപനത്തിന്റെ പേരുകൾ സൂചിപ്പിക്കുന്നതുപോലെ ഒ.ബി.സി വിഭാഗങ്ങൾ, വനിതകൾ, പട്ടിക വിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ എന്നിവരിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഈ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new businessesKSFC
News Summary - Procedures to start business
Next Story