Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കൗണ്ടിലേക്ക് പണം വന്നാൽ പണി കിട്ടാം! ‘ജമ്പ്ഡ് ഡെപ്പോസിറ്റ് സ്കാമിനെതിരെ’ ജാഗ്രത പാലിക്കാം

text_fields
bookmark_border
അക്കൗണ്ടിലേക്ക് പണം വന്നാൽ പണി കിട്ടാം! ‘ജമ്പ്ഡ് ഡെപ്പോസിറ്റ് സ്കാമിനെതിരെ’ ജാഗ്രത പാലിക്കാം
cancel

ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം ക്രെഡിറ്റാകുന്നതിനു പിന്നാലെ പണം നഷ്ടപ്പെടുന്ന തട്ടിപ്പും. ചെറിയൊരു തുക അക്കൗണ്ടിലേക്കയച്ച് ഉപഭോക്താവിന്റെ വിശ്വാസം നേടിയശേഷം യു.പി.ഐ സംവിധാനത്തിലൂടെ കൂടുതൽ പണം തട്ടിയെടുക്കുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എസ്.ബി.ഐ. ‘ജംപ്ഡ് ഡെപ്പോസിറ്റ് സ്കാം’ എന്നറിയപ്പെടുന്ന ഈ തട്ടിപ്പിൽ പണം തിരിച്ചുനൽകാനുള്ള ഉപഭോക്താവിന്റെ സന്നദ്ധതയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.

ചെറിയ തുക, വലിയ കെണി

അപരിചിതമായ ഉറവിടത്തിൽനിന്ന് അക്കൗണ്ടിലേക്ക് പണമെത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പണം അബദ്ധത്തിൽ അയച്ചതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഉടൻ സന്ദേശമോ ഫോൺവിളിയോ എത്തും. ചെറിയ തുകയായതിനാൽ ഇടപാടിൽ സംശയം തോന്നാത്തവർ അത് തിരിച്ചുനൽകാൻ ശ്രമിച്ചേക്കാം.

എന്നാൽ പണം തിരികെ നൽകുന്നതിനായി സാധാരണ ഇടപാട് നടത്തുന്നതിനു പകരം തട്ടിപ്പുകാർ യു.പി.ഐ പേയ്‌മെന്റ് അഭ്യർഥന അയക്കും. ആദ്യം അക്കൗണ്ടിലെത്തിയ തുകയേക്കാൾ വലുതായിരിക്കും ഈ അഭ്യർഥന. പണം സ്വീകരിക്കാനാണെന്ന ധാരണയിൽ ഉപഭോക്താവ് അഭ്യർഥന അംഗീകരിച്ചാൽ സ്വന്തം അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടും. അതായത്, അക്കൗണ്ടിൽ പണം എത്തിയെന്ന കാരണത്താൽ മാത്രം തട്ടിപ്പിനിരയാകണമെന്നില്ല; തുടർന്നുള്ള ഇടപാടിൽ വരുത്തുന്ന അശ്രദ്ധയാണ് നഷ്ടത്തിന് വഴിയൊരുക്കുന്നത്.

സമ്മർദത്തിന് വഴങ്ങരുത്

പണം ഉടൻ തിരിച്ചുനൽകണമെന്ന് നിർബന്ധിക്കുക, വൈകിയാൽ പ്രശ്നമുണ്ടാകുമെന്ന് ഭയപ്പെടുത്തുക, അടിയന്തര സാഹചര്യമാണെന്ന് വരുത്തിത്തീർക്കുക തുടങ്ങിയ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമ്മർദത്തിലാക്കുന്നത്. ഈ സമയത്തെ ധൃതിയും ഇടപാട് വിശദാംശങ്ങൾ പരിശോധിക്കാതിരിക്കാനുള്ള പ്രവണതയുമാണ് അവർക്ക് അനുകൂലമാകുന്നത്.

ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

അപ്രതീക്ഷിതമായി പണം അക്കൗണ്ടിലെത്തിയാൽ ആദ്യം ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ പരിശോധിക്കുക. പ്രത്യേകിച്ചും പണം ലഭിക്കാനെന്ന പേരിൽ വരുന്ന യു.പി.ഐ കളക്ട് റിക്വസ്റ്റുകൾ സൂക്ഷ്മമായി പരിശോധിക്കണം. അറിയാത്ത വ്യക്തിയുടെ പേയ്‌മെന്റ് അഭ്യർഥന അംഗീകരിക്കാതിരിക്കുക. പണം അബദ്ധത്തിൽ അയച്ചതാണെന്ന് തോന്നിയാലും നേരിട്ട് തിരിച്ചയക്കുന്നതിനു മുമ്പ് ബാങ്കിന്റെ സഹായം തേടുകയാണ് ഉചിതം. സംശയകരമായ ഫോൺനമ്പറുകൾ ബ്ലോക്ക് ചെയ്യുകയും സംഭവം ബാങ്കിനെ അറിയിക്കുകയും വേണം. അപരിചിതമായ ഇടപാടുകളിൽ ജാഗ്രത പുലർത്തുകയും സമ്മർദത്തിനു വഴങ്ങാതിരിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Beware of Jumped Deposit Scam: Unexpected Money in Account Can Be a Trap
Next Story