രാജ്യത്തെ ചെമ്മീൻ കയറ്റുമതിക്ക് ഇരുട്ടടിയായി ട്രംപിന്റെ തീരുവ; നഷ്ടം 200 കോടി ഡോളറിന്റേതെന്ന്
text_fieldsന്യൂഡൽഹി: ട്രംപിന്റെ തീരുവ വർധനവ് ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്രോൽപന്ന കയറ്റുമതി മേഖലകളിലൊന്നായ ചെമ്മീൻ കൃഷിക്ക് വൻ ഭീഷണിയാവുമെന്ന് റിപ്പോർട്ട്. ഇത് തീരദേശ സംസ്ഥാനങ്ങളിലുടനീളം ദശലക്ഷക്കണക്കിന് തൊഴിൽ നഷ്ടത്തിനും രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിലെ ഗണ്യമായ നഷ്ടത്തിനും വഴിവെക്കും.
തീരുവ ഭീഷണി കാരണം യു.എസിലേക്കുള്ള 200കോടി യു.എസ് ഡോളറിന്റെ ചെമ്മീൻ കയറ്റുമതി ഗുരുതരമായ തടസ്സങ്ങൾ നേരിടുന്നുവെന്നും അടിയന്തര സാമ്പത്തിക സഹായം തേടുന്നതിനായി വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങളെ സമീപിച്ചതായും ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
പാക്കിങിന് മുമ്പും ശേഷവുമുള്ള പ്രവർത്തനങ്ങൾക്ക് 240 ദിവസത്തെ മൊറട്ടോറിയത്തിലൂടെയും മാർജിനുകൾ ഉൾക്കൊള്ളുന്ന സോഫ്റ്റ് ലോണുകൾ വഴിയുമുള്ള സഹായത്തിലൂടെ പ്രവർത്തന മൂലധനം വർധിപ്പിക്കുന്നതിനായി അസോസിയേഷൻ അഭ്യർഥിച്ചു.
ഏകദേശം 2 ബില്യൺ യു.എസ് ഡോളറിന്റെ ചെമ്മീൻ കയറ്റുമതി ഗുരുതരമായ തടസ്സങ്ങൾ നേരിടുന്നുവെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കെ. എൻ രാഘവൻ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ട്രംപ് കഴിഞ്ഞയാഴ്ച പരസ്പര താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
2024 ൽ ഇന്ത്യ 2.8 ബില്യൺ യു.എസ് ഡോളറിന്റെ ചെമ്മീൻ യു.എസിലേക്ക് കയറ്റുമതി ചെയ്തു. ഈ വർഷം ഇതുവരെ 500 മില്യൺ യു.എസ് ഡോളറിന്റെ കയറ്റുമതി നടത്തി. 20-30 ശതമാനം മാത്രം യു.എസ് തീരുവ ചുമത്തുന്ന ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ മത്സരക്ഷമത ഗണ്യമായി കുറക്കുന്നതാണ് പുതിയ തീരുവകളെന്ന് രാഘവൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.