അപൂർവ ധാതുക്കൾക്കും എ.ഐക്കും പുതിയ സഖ്യവുമായി യു.എസ്; ഇന്ത്യയെ ഒഴിവാക്കി
text_fieldsന്യൂഡൽഹി: അപൂർവ ധാതുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ പുതിയ സഖ്യം രൂപവത്കരിച്ച് യു.എസ്. പാക്സ് സിലിക്ക എന്നാണ് നയതന്ത്ര സഖ്യത്തിന്റെ പേര്. അപൂർവ ധാതുക്കൾ, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ് തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യു.എസിന്റെ നീക്കം.
ജപ്പാൻ, ദക്ഷിണ കൊറിയ, സിങ്കപ്പൂർ, നെതർലാൻഡ്സ്, യു.കെ, ഇസ്രായേൽ, യു.ഇ.എ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് സഖ്യത്തിലെ അംഗങ്ങൾ. ആഗോള എ.ഐ സാങ്കേതിക വിദ്യ രംഗത്തെ സുപ്രധാന കമ്പനികളുടെയും നിക്ഷേപകരുടെയും നാടാണ് ഈ രാജ്യങ്ങൾ. അതേസമയം, യു.എസുമായി അത്യാധുനിക സാങ്കേതിക വിദ്യ രംഗത്ത് സഹകരണമുണ്ടായിട്ടും ഇന്ത്യയെ സഖ്യത്തിൽ നിന്ന് ഒഴിവാക്കി. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിലെ അപൂർവ ധാതുക്കളുടെ സഖ്യത്തിലും അംഗമാണ് ഇന്ത്യ.
നേരത്തെ, അത്യാധുനിക സാങ്കേതിക വിദ്യ സഹകരണത്തിന് ഇന്ത്യയും യു.എസും ദക്ഷിണ കൊറിയയും തീരുമാനിച്ചിരുന്നു. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം താൽപര്യം കാണിക്കാതിരുന്നതോടെ സഖ്യം പരാജയപ്പെടുകയായിരുന്നു. അതേസമയം, യു.എ.ഇ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് സാങ്കേതിക രംഗത്ത് നിലവിൽ ഇന്ത്യ സഹകരിക്കുന്നത്. അപൂർവ ധാതു നിക്ഷേപമോ സെമികണ്ടക്ടർ അടക്കമുള്ള എ.ഐ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
യു.എസ് ഇരട്ടി താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈന അപൂവ ധാതുക്കളുടെ കയറ്റുമതി അവസാനിപ്പിച്ചത്. ലോകത്ത് അപൂർവ ധാതുക്കളുടെ നിക്ഷേപം ഏറ്റവും അധികമുള്ളതും സംസ്കരിക്കുന്നതും ചൈനയാണ്. വാഹന വ്യവസായ മേഖലക്ക് അടക്കം അത്യാവശമുള്ള ഘടകമാണ് അപൂർവ ധാതുക്കൾ. പുതിയ സഖ്യവുമായി യു.എസ് രംഗത്തെത്തിയതോടെ അപൂർവ ധാതുക്കളുടെയും സെമികണ്ടക്ടറുകളുടെയും മേഖലയിൽ ചൈനയുമായി മത്സരം ശക്തമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

