വിഷു-ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ
text_fieldsകൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു-ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യവിൽപന നടത്തും. 12 മുതൽ 21 വരെയാണ് വിഷു-ഈസ്റ്റർ സബ്സിഡി വിപണി. ത്രിവേണി സൂപ്പർമാർക്കറ്റിന്റെ 170 വിപണന കേന്ദ്രം ഒരുക്കും. ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാകുക. പുറമേ ത്രിവേണി തേയില, ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടികൾ, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉൾപ്പെടെ മറ്റ് അവശ്യസാധനങ്ങളും വിലക്കുറവിൽ ലഭ്യമാകും.
സബ്സിഡി ഇനങ്ങൾ പൊതുവിപണിയേക്കാൾ 40 ശതമാനംവരെ വിലക്കിഴിവിലും മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 35 ശതമാനം വരെ വിലക്കുറവിലും ലഭ്യമാവും. പൊതുവിപണിയിൽ ഏകദേശം 1605 രൂപയിലധികം വിലവരുന്ന ഉൽപന്നങ്ങൾ 1136 രൂപക്കാണ് സബ്സിഡി വിപണികൾ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നത്.
സപ്ലൈകോ വിഷു-ഈസ്റ്റർ ചന്ത 19 വരെ
തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകീട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. വിഷു, ദുഃഖവെള്ളി ദിനങ്ങൾ ഒഴികെ മറ്റ് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.