Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാപാരയുദ്ധം വിപണിയെ...

വ്യാപാരയുദ്ധം വിപണിയെ വീഴ്ത്തുമോ​?

text_fields
bookmark_border
വ്യാപാരയുദ്ധം  വിപണിയെ  വീഴ്ത്തുമോ​?
cancel

ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേറ്റതോടെ സമ്പദ് വ്യവസ്ഥയിൽ അനുകൂലമോ പ്രതികൂലമോ ആയി എന്തെങ്കിലുമൊക്കെ നടക്കുമെന്നാണ് പൊതു​വേ കരുതിയിരുന്നത്. അതിനെ ശരിവെക്കുന്ന നടപടികളാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കാനഡ, മെക്സികോ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്തിയ യു.എസിന്റെ നടപടിക്ക് അതേ രീതിയിൽ തിരിച്ചടിച്ചാണ് ഈ രാജ്യങ്ങൾ മറുപടി നൽകിയത്. അതോടെ യു.എസിന് അൽപം മയപ്പെടേണ്ടിവന്നു.

മുന്നും പിന്നും നോക്കാതെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങൾ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ കാരണമാകും. വ്യാപാര യുദ്ധം മുറുകുന്നത് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നതാണ്. ആദ്യഘട്ട താരിഫ് പട്ടികയിൽ ഇ​ല്ലെങ്കിലും ഇന്ത്യയും ഭീഷണിയിൽനിന്ന് മുക്തമല്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഇന്ത്യ ചില ഉൽപന്നങ്ങളുടെ താരിഫ് കുറച്ചത് ട്രംപിനെ അനുനയിപ്പിക്കാനാണെന്ന് വ്യക്തം. യു.എസ് ഇന്ത്യക്ക് മേലും താരിഫ് ഏർപ്പെടുത്തിയാൽ ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരുത്തലിന് കാരണമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യു.എസ് സന്ദർശിക്കുന്നുണ്ട്. എന്തൊക്കെ ചർച്ചയാകും, എന്തെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നെല്ലാം ഓഹരി നിക്ഷേപകർ ശ്രദ്ധിക്കണം.

ബജറ്റിന്റെ ബാക്കിപത്രം

വിപണി കാത്തിരുന്ന പ്രധാന സംഭവങ്ങളിലൊന്ന് കേന്ദ്ര ബജറ്റായിരുന്നു. ഇടത്തരക്കാരുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് വിപണിക്ക് കരുത്ത് പകരുക എന്നതായിരുന്നു ബജറ്റിന്റെ ഊന്നൽ. ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിയത് ഇതിന്റെ ഭാഗമാണ്. റീട്ടെയിൽ ഉൽപന്നങ്ങൾ, വാഹനങ്ങൾ തുടങ്ങി ഇടത്തരക്കാർ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ട്രാവൽ ആൻഡ് ടൂറിസം മേഖലയും നേട്ടമുണ്ടാക്കും. ആരോഗ്യ മേഖല ഓഹരികളും ബജറ്റിനുശേഷം മുന്നേറ്റം കാണിക്കുന്നുണ്ട്. ബജറ്റിൽ ഉപഭോഗത്തിന് ഊന്നൽ നൽകിയപ്പോൾ മൂലധന ചെലവ് ചുരുക്കേണ്ടിവന്നു. ചില മേഖലകൾക്ക് അതീവ പരിഗണന നൽകിയപ്പോൾ ചില മേഖലകളെയും സംസ്ഥാനങ്ങളെയും പാടേ അവഗണിച്ചത് ബജറ്റിന്റെ സന്തുലനാവസ്ഥയെ ബാധിച്ചു.

ഓഹരി വരുമാനത്തിന്റെ നികുതി

ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയതിന്റെ മെച്ചം ഓഹരി വരുമാനവും റിയൽ എസ്റ്റേറ്റ് വരുമാനവും ഉൾപ്പെട്ട മൂലധന നേട്ടങ്ങൾക്ക് ലഭിക്കില്ല. റിബേറ്റ് വർധിപ്പിച്ച് നൽകിയ ഇളവ് ശമ്പളക്കാർക്കാണ് ഉപകാരപ്പെടുക. സ്ലാബ് റേറ്റ് അല്ലാത്ത പ്രത്യേക നികുതി നിരക്കുകൾ ബാധകമാകുന്ന വരുമാനങ്ങൾക്ക് റിബേറ്റ് ബാധകമല്ല എന്നതിനാലാണ് മൂലധന നേട്ടങ്ങൾക്ക് ആനുകൂല്യം ലഭിക്കാത്തത്. മൊത്തം വരുമാനത്തിൽ ഇത്തരം വരുമാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ നികുതി ബാധ്യതക്ക് മാത്രം റിബേറ്റ് ലഭിക്കില്ല.

പലിശ കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് വെള്ളിയാഴ്ച പണനയം പ്രഖ്യാപിച്ചപ്പോൾ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. ഇത് വിപണി പ്രതീക്ഷിച്ചതായതു​ കൊണ്ടാണ് ആ പേരിൽ ഓഹരി വിപണിയിൽ മുന്നേറ്റം കാണാതിരുന്നത്. യു.എസ് ട്രഷറി ബോണ്ട് യീൽഡാണ് നിക്ഷേപകർ തുടർച്ചയായി നിരീക്ഷിക്കേണ്ട ഒരു ഡേറ്റ. ബോണ്ട് യീൽഡ് ഉയരുമ്പോൾ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിക്കപ്പെട്ട് വീഴ്ചയുണ്ടാകും. 4.5 ശതമാനമാണ് ഇപ്പോൾ ബോണ്ട് യീൽഡ്. ഇത് 4.3ൽ താഴ്ന്നാൽ ഓഹരി വിപണി മുന്നേറും. അഞ്ച് ശതമാനത്തിലേക്ക് ഉയർന്നാൽ കൂട്ട വിൽപന പ്രതീക്ഷിക്കാം.

പുതിയ നിക്ഷേപത്തിന് തിരക്കുപിടിക്കേണ്ട എന്നുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഓരോ ഉയർച്ചയിലും ലാഭമെടുക്കുന്ന തന്ത്രമാണ് വൻകിട നിക്ഷേപകർ ഇപ്പോൾ സ്വീകരിക്കുന്നത്. രണ്ട് വർഷമായി ഏറെ മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ തിരുത്തലിന്റെ പാതയിലാണ്. കഴിഞ്ഞയാഴ്ച നേരിയ കരുത്ത് കാട്ടിയെങ്കിലും എല്ലാം ശുഭകരമായി എന്ന് പറയാനായിട്ടില്ല. നിഫ്റ്റി 24000ത്തിന് മുകളിൽ സ്ഥിരത കൈവരിച്ചാൽ ആശ്വസിക്കാം. വിപണിയുടെ ദിശ സംബന്ധിച്ച് വ്യക്തത വന്നതിനുശേഷം മതി അഗ്രസീവ് ബയിങ് എന്ന് തീരുമാനിക്കലാകും ബുദ്ധി. ഇപ്പോൾ വേണമെങ്കിൽ കൈവശമുള്ള മുഴുവൻ തുകയും ഇറക്കാതെ കുറച്ചുവീതം നിക്ഷേപിച്ചു തുടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buisiness News
News Summary - Will the trade war bring down the market?
Next Story