സാമ്പത്തിക വർഷത്തെ ആദ്യ ധനനയ പ്രഖ്യാപനത്തിന് കാതോർത്ത്
text_fieldsപുതിയ സാമ്പത്തികവർഷത്തെ ആദ്യ ധനനയ അവലോകന സമിതിയോഗം രണ്ടുദിവസത്തിനകം ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിെൻറ അധ്യക്ഷതയിൽ ഏപ്രിൽ നാല്, അഞ്ച് തീയതികളിലാണ്ആദ്യ ധനനയ അവലോകന യോഗം. അഞ്ചിന് ഉച്ചയോടെ റിസർവ് ബാങ്ക് ഗവർണർ സാമ്പത്തികവർഷത്തെ ആദ്യ ധനനയം പ്രഖ്യാപിക്കും. വായ്പയെടുത്തവരും ബിസിനസ് ലോകവുമെല്ലാം ഒരുപോലെ ആകാംക്ഷയിലാണ്. ധനനയ സമിതിയുടെ തീർപ്പ് എന്തായിരിക്കുമെന്ന അവലോകനങ്ങളും വ്യവസായ ലോകത്ത് സജീവം. കഴിഞ്ഞ മൂന്ന് ദ്വൈമാസ അവലോകന യോഗങ്ങളും പലിശനിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. റിപോ നിരക്ക് ആറുശതമാനമായി നിലനിർത്തുകയായിരുന്നു.
പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു ഇത്. അതിനാൽതന്നെ ഇക്കുറി അടിസ്ഥാന വായ്പാ നയത്തിൽ മാറ്റംവരുത്താൻ ധനനയ അവലോകന സമിതി തയാറാകും എന്ന പ്രതീക്ഷയാണ് ഒരുവിഭാഗം പ്രകടിപ്പിക്കുന്നത്. അവർ മുന്നോട്ടുവെക്കുന്ന ന്യായങ്ങൾ ഇങ്ങനെ: രാജ്യത്ത് റീെട്ടയിൽ വായ്പ പലിശനിരക്ക് കുറഞ്ഞ് നിൽക്കുകയാണ്. നിർമാണരംഗത്ത് മാന്ദ്യം തുടരുന്നു. അത് തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. വ്യാവസായിക ഉൽപാദന നിരക്കും കുറഞ്ഞുനിൽക്കുന്നു. അതിനാൽ വ്യവസായ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും നിർമാണരംഗത്തിന് ഉൗർജം പകരുന്നതിനും അടിസ്ഥാന പലിശനിരക്കിൽ കുറവ് വരുത്താനിടയുണ്ട്.
എന്നാൽ, ധനനയത്തിൽ മാറ്റംവരുത്താതെ തൽസ്ഥിതി തുടരുമെന്ന് കരുതുന്നവരും തങ്ങളുടെ നിഗമനത്തിന് അടിസ്ഥാനമായി ശക്തമായ വാദങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവ ഇങ്ങനെ: കഴിഞ്ഞ ഫെബ്രുവരിയിലെ ധനനയ അവലോകനത്തിന് ശേഷം ഉപഭോക്തൃ വിലസൂചികയിലും പണപ്പെരുപ്പ നിരക്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവും സമീപഭാവിയിൽ പ്രതീക്ഷിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ പുതിയ സാമ്പത്തികവർഷത്തെ ആദ്യ രണ്ടു മാസത്തെ നിരീക്ഷണത്തിനുശേഷമേ കാര്യമായ മാറ്റങ്ങൾക്ക് മുതിരൂ. അതിനാൽ, ഇക്കുറി ധനനയത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നാണ് ഇൗ പക്ഷത്തിെൻറ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.