14,000 പേർക്ക് പണി പോയത് എ.ഐ കൊണ്ടല്ലെന്ന് ആമസോൺ സി.ഇ.ഒ
text_fieldsന്യൂഡൽഹി: ആമസോണിൽ 14,000 പേർക്ക് പണി പോയത് എ.ഐ കൊണ്ടല്ലെന്ന് കമ്പനി സി.ഇ.ഒ ആൻഡി ജാസി. ആമസോണിന്റെ സംസ്കാരവുമായി ചേർന്ന് പോകാത്തവരെയാണ് ഒഴിവാക്കിയത്. ഇതാദ്യമായാണ് ആമസോൺ സി.ഇ.ഒ പിരിച്ചുവിടലിനെ കുറിച്ച് പ്രതികരിക്കുന്നത്.
സാമ്പത്തികാവസ്ഥ പരിഗണിച്ചല്ല 14,000 ജീവനക്കാരെ പിരിച്ചുവിട്ടത്. എ.ഐയും അതിന്റെ കാരണമല്ല. പിരിച്ചുവിടൽ ആമസോണിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് പിരിച്ചുവിടൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, അച്ചടക്കം ഉണ്ടാക്കുക, കമ്പനിക്കുള്ളിലെ ബ്യൂറോകസി ഒഴിവാക്കുക എന്നതിനെല്ലാം പ്രാധാന്യം നൽകിയാണ് പിരിച്ചുവിടലെന്ന സൂചനയാണ് ആമസോൺ സി.ഇ.ഒ നൽകുന്നത്. കോർപറേറ്റ് വിഭാഗത്തിലെ 14,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ആമസോൺ തീരുമാനമെടുത്തിരുന്നു.
ആമസോണിന്റെ ചരിത്രത്തിൽ കോർപറേറ്റ് മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം 30,000 വരെ എത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ് , സി.എൻ.ബി.സി , ദി വാഷിംഗ്ടൺ പോസ്റ്റ് എന്നിവർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
യു.എസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവാണ് ആമസോൺ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ കമ്പനിക്ക് ആഗോളതലത്തിൽ 1.54 ദശലക്ഷത്തിലധികം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും വെയർഹൗസ് ജീവനക്കാരാണ്. ഇവർക്ക് പുറമെ കമ്പനിയിൽ 350,000-ത്തിലധികം കോർപ്പറേറ്റ് ജീവനക്കാരുണ്ടെന്നാണ് കണക്ക്. നിലവിൽ ഇവരിൽ നാലുശതമാനത്തെയാണ് പിരിച്ചുവിടുന്നത്.
ചൊവ്വാഴ്ച ആരംഭിച്ച നടപടികൾ ഇന്ത്യയുൾപ്പെടെ നിരവധി വിപണികളെ ബാധിച്ചു. തൊഴിൽ നഷ്ടമായ ജീവനക്കാർക്ക് ഇതര വിഭാഗങ്ങളിൽ തൊഴിൽ തേടാൻ 90 ദിവസത്തെ സമയം നൽകും, ഇത്തരത്തിൽ തൊഴിൽ നേടാനാവാത്തവർ ആനുകൂല്യങ്ങൾ കൈപ്പറ്റി കമ്പനി വിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

