കോർപറേറ്റുകളല്ല; രാജ്യത്തെ നികുതിദായകരിൽ മുന്നിൽ വ്യക്തികൾ
text_fieldsകോർപറേറ്റ് നികുതി, ആദായ നികുതി
കൊച്ചി: രാജ്യത്ത് ഇതാദ്യമായി കോർപറേറ്റ് നികുതിയെ മറികടന്ന് വ്യക്തിഗത ആദായ നികുതി വരുമാനം. പ്രത്യക്ഷ നികുതികളിൽ വ്യക്തിഗത ആദായ നികുതിയുടെ വിഹിതം 2014 സാമ്പത്തിക വർഷത്തിലെ 38.1 ശതമാനത്തിൽനിന്ന് വൻ വർധന കാണിച്ച് 2024ൽ 53.4 ശതമാനമായി. ഇതേ കാലയളവിൽ കോർപറേറ്റ് നികുതികൾ 61.9 ശതമാനത്തിൽനിന്ന് 46.6 ശതമാനമായി കുറയുകയായിരുന്നു. ധനമേഖലയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ജെ.എം ഫിനാൻഷ്യൽ ഇന്‍റർനാഷനൽ സെക്യൂരിറ്റീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിൽ കോർപറേറ്റ് നികുതിയെക്കാൾ വ്യക്തിഗത ആദായ നികുതി വരുമാനം വർധിച്ചതായി കണ്ടെത്തിയത്.
വ്യക്തിഗത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം ഇക്കാലയളവിൽ 2.3 മടങ്ങായി വർധിച്ചു. 2014 സാമ്പത്തിക വർഷത്തിൽ 3.05 കോടി പേരുണ്ടായിരുന്നത് 2024ൽ 6.97 കോടിയായാണ് ഉയർന്നത്. ടി.ഡി.എസ് വഴി നികുതി അടക്കുന്നവരുടെ എണ്ണംകൂടി ചേർക്കുമ്പോൾ നികുതിദായകർ 5.38 കോടിയിൽനിന്ന് 9.92 കോടിയാകും. 2014ൽ രണ്ടര ലക്ഷം കോടി രൂപയായിരുന്ന ടി.ഡി.എസ് നികുതി വരുമാനം 2024ൽ ഇരട്ടിയിലധികം വർധിച്ച് ആറര ലക്ഷം കോടിയായി. സമയപരിധിക്ക് മുമ്പുള്ള നികുതി അടക്കൽ 2.9 ലക്ഷം കോടിയിൽനിന്ന് 12.8 ലക്ഷം കോടിയായി. ടി.ഡി.എസും സമയപരിധിക്ക് മുമ്പുള്ള നികുതി അടക്കലും പ്രത്യക്ഷ നികുതിയുടെ പകുതിയിൽ അധികമാണ്.
സജീവ ജി.എസ്.ടി നികുതിദായകരുടെ എണ്ണം 2019ലെ 1.24 കോടിയിൽനിന്ന് 2024ൽ 1.47 കോടിയായി. മുമ്പ് രജിസ്റ്റർ ചെയ്യാത്ത പല ബിസിനസും ഇപ്പോൾ നികുതി ഘടനക്കുള്ളിലാണ്.
അതേസമയം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അനുവദിച്ച സമയപരിധി സെപ്റ്റംബർ 15ൽനിന്ന് ദീർഘിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഓഡിറ്റ് ആവശ്യമില്ലാത്ത നികുതിദായർക്കാണ് ജൂലൈ 31ൽനിന്ന് സെപ്റ്റംബർ 15 വരെ തീയതി നീട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.