ഇലോൺ മസ്കിനെ മറികടന്ന് ലാറി എലിസൺ; ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി ഒറാക്കിൾ ചെയർമാൻ
text_fieldsലാറി എലിസൺ, ഇലോൺ മസ്ക്
ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം. വൻകിട ഐ.ടി കമ്പനിയായ ഒറാക്കിളിന്‍റെ സഹസ്ഥാപകൻ ലാറി എലിസണാണ് ബ്ലൂംബെർഗ് ബില്യണയർ പട്ടികയിൽ മസ്കിനെ പിന്തള്ളിയത്. ഒറാക്കിൾ കോർപറേഷന്‍റെ ഓഹരിവില കുതിച്ചുയർന്നതോടെ ലാറി എലിസന്‍റെ ആസ്തി 393 ബില്യൺ ഡോളറായി ഉയരുകയായിരുന്നു. 385 ബില്യൻ ഡോളറാണ് മസ്കിന്‍റെ ആസ്തി. ഒരു വർഷത്തോളം അതിസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ശേഷമാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
2021ലായിരുന്നു മസ്ക് ആദ്യമായി അതിസമ്പന്നരിൽ ഒന്നാമനായത്. പിന്നീട് ആമസോൺ മേധാവി ജെഫ് ബെസോസും എൽ.വി.എം.എച്ചിന്‍റെ ബർനാഡ് അർനോൾട്ടും മസ്കിനെ പിന്നിലാക്കിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും ഒന്നാമതെത്തിയ മസ്ക് ഇതേ സ്ഥാനത്ത് 300ലേറെ ദിവസം തുടർന്നു. 81കാരനായ എലിസൺ നിലവിൽ ഒറാക്കിളിന്‍റെ ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്.
ഒറാക്കിളിന്‍റെ ക്ലൗഡ് സേവനങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാർ മുന്നോട്ടുവന്നതോടെ ചൊവ്വാഴ്ച 45 ശതമാനം ഉയർച്ചയാണ് ഓഹരികളിലുണ്ടായത്. ബുധനാഴ്ച മാർക്കറ്റ് തുറന്നതിനു പിന്നാലെ 41 ശതമാനം കൂടി ഉയർന്നു. ഇത് വീണ്ടും വർധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം ടെസ്‌ലയുടെ ഓഹരികൾക്ക് ഈ വർഷം 13 ശതമാനം ഇടിവുണ്ടായെന്നും ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
തെരുവിൽനിന്ന് കോടീശ്വരനിലേക്ക്
ന്യൂയോര്‍ക്ക് നഗരത്തിലാണ് എലിസൺ ജനിച്ചത്. അവിവാഹിതയായ അമ്മ ഫ്‌ലോറെന്‍സ് സ്‌പെല്‍മാന്‍ ഒമ്പതു മാസം പ്രായമായ എലിസണെ ഷിക്കാഗോയിലുള്ള ബന്ധുക്കള്‍ക്കു ദത്തു നല്‍കുകയായിരുന്നു. ഇല്ലിനോയി സര്‍വകലാശാലയിലും ഷിക്കാഗോ സര്‍വകലാശാലയിലും പഠിപ്പു പാതിവഴിയില്‍ നിര്‍ത്തി എലിസൺ ജോലി തിരയാൻ ആരംഭിച്ചു. 1966ല്‍ വടക്കന്‍ കാലിഫോര്‍ണിയയിലേക്ക് നീങ്ങിയ എലിസൺ പിന്നീട് നിരവധി സ്ഥലങ്ങളിലായി പല ജോലികള്‍ ചെയ്തു. കഷ്ടപ്പാടിന്റെയും അലച്ചിലിന്റെയും നാളുകളായിരുന്നു അത്. ഒരു നേരത്തെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി പണം കണ്ടെത്താനുള്ള അലച്ചിൽ.
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ ഷിക്കാഗോയില്‍ നിന്നാണ് പഠിച്ചത്. തുടര്‍ന്ന് ബര്‍ക്കിലിയിലെത്തിയ എലിസൺ ഡെലിവറി ബോയ്, പെട്രോള്‍ ബങ്കില്‍ സെയില്‍സ്മാന്‍, സൂപ്പര്‍ മാര്‍ക്കറ്റില്‍ പായ്ക്കര്‍ അങ്ങനെ നിരവധി ജോലികള്‍ ചെയ്തു. പ്രോഗ്രാമിങ്ങില്‍ ഉണ്ടായിരുന്ന കഴിവ് എലിസണെ അംദാല്‍ കോര്‍പറേഷനില്‍ പ്രോഗ്രാമറാക്കി. അതായിരുന്നു തുടക്കം. അവിടുത്തെ ജോലി അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തുടര്‍ന്ന് 1977ല്‍ ഒപ്പമുണ്ടായിരുന്ന രണ്ടു സഹപ്രവര്‍ത്തകരുമൊത്ത് സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് ലാബ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു.
ആ വര്‍ഷം കമ്പനിക്ക് സി.ഐ.എയുടെ ഒരു പ്രോജക്ട് ലഭിച്ചു. രണ്ടു വര്‍ഷംകൊണ്ട് തീര്‍ത്തുകൊടുക്കേണ്ട പ്രോജക്ട് ഒരു വര്‍ഷം കൊണ്ട് തീര്‍ത്തു കൊടുക്കാന്‍ എലിസനും കൂട്ടുകാര്‍ക്കും കഴിഞ്ഞു. ശേഷിക്കുന്ന ഒരു വര്‍ഷം കൊണ്ട് അതിന്റെ സാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. വിജയകരമായ ആ പ്രോജക്ടിന്റെ കോഡിന്റെ പേര് തന്നെ എലിസൺ തന്റെ സ്വപ്ന സ്ഥാപനത്തിനായി തിരഞ്ഞെടുത്തു; ഒറാക്കിള്‍. അങ്ങനെ ലോകം അറിയുന്ന വലിയൊരു കമ്പനി പിറന്നു.
1979ല്‍ കമ്പനിയുടെ പേര് റിലേഷണല്‍ സോഫ്റ്റ്‌വെയര്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നു മാറ്റി. 1982ല്‍ വീണ്ടും പേരുമാറ്റം. കമ്പനിയുടെ പ്രധാന ഉൽപന്നമായ ഒറാക്കിള്‍ ഡാറ്റാബേസ് സോഫ്‌റ്റ്‌വെയറിന്റെ പേരുമായി സാമ്യമുള്ള ഒറാക്കിള്‍ സിസ്റ്റംസ് എന്നാക്കി മാറ്റി. 1995ലാണ് കമ്പനി ഇന്നത്തെ പേരായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എന്ന പേരു സ്വീകരിച്ചത്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒറാക്കിള്‍ കോര്‍പ്പറേഷന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറിന്റെയും എന്റര്‍പ്രൈസ് സോഫ്‌റ്റ്‌വെയറിന്റെയും രൂപകൽപനയും നിർമാണവും വിതരണവുമാണ് പ്രധാനമായും ചെയ്യുന്നത്. ഡാറ്റാബേസ് ആപ്ലിക്കേഷനുകളാണ് ഏറ്റവും പ്രധാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.