എട്ടാം ശമ്പള കമീഷൻ ഉടൻ നടപ്പാകുമെന്ന് റിപ്പോർട്ട്; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എത്ര ശതമാനം വരെ ശമ്പളം വർധിക്കും?
text_fieldsന്യൂഡൽഹി: എട്ടാം ശമ്പള കമീഷൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർ. കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമായ 1.1 കോടി ആളുകൾക്കാണ് എട്ടാം ശമ്പള കമീഷൻ ഗുണകരമാവുക. ജീവനക്കാരുടെ എണ്ണം 44 ലക്ഷമാണ്. പെൻഷൻ പറ്റിയവരുടെ എണ്ണം 68 ലക്ഷവും.
അടിസ്ഥാന ശമ്പളം, ക്ഷാമ ബത്ത, എച്ച്.ആർ.എ, ട്രാവൽ അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയടങ്ങിയതാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം. പെൻഷൻകാർക്ക് എച്ച്.ആർ.എയും ടി.എയും ഉണ്ടായിരിക്കില്ല.
ഏഴാം ശമ്പള കമീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി വർധിപ്പിച്ചിരുന്നു. ഏഴാം ശമ്പള കമീഷൻ അടിസ്ഥാന ശമ്പളത്തിൽ 14.3 ശതമാനം വർധനവാണ് വരുത്തിയത്. 2006ലെ ആറാം ശമ്പള കമീഷനിൽ അലവൻസിൽ ഉൾപ്പെടെ 54 ശതമാനം വർധനവുണ്ടായി. എട്ടാം ശമ്പള കമീഷൻ പ്രകാരം ജീവനക്കാരുടെ ശമ്പളത്തിൽ ശമ്പളത്തിൽ 34 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷാദ്യമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അടുത്ത വർഷം ജനുവരി മുതൽ പുതിയ ശമ്പള സ്കെയിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ശമ്പളവും പെൻഷനും 30 മുതൽ 34 ശതമാനം വരെ ഉയർത്താൻ കമീഷന് ശിപാർശ ചെയ്യാം. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം.
ശമ്പള കമീഷനിലെ അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശിപാർശകൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്ന മുറക്ക് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയിലും വലിയ വർധനവുണ്ടാകും.
ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ 18-24 മാസമെടുത്തിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷം എട്ടാം ശമ്പള കമീഷൻ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.