ഇന്ത്യൻ ബാങ്കിങ് മേഖലയിൽ വിദേശസാത്കരണം
text_fieldsസി.എസ്.ബിയുടെ 51 ശതമാനം ഓഹരി കാനഡ കമ്പനി കൈവശപ്പെടുത്തിയതും 'യെസ്' ബാങ്കിന്റെ 20 ശതമാനം ഓഹരി ജപ്പാനിലെ എസ്.എം.ബി.സി വാങ്ങിയതും ഐ.ഡി.ബി.ഐ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതും ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണം വഴി വിദേശവത്കരണത്തിലേക്കുള്ള സൂചകങ്ങളാണെന്ന് പറയേണ്ടിവരും
1969ലാണ് ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലായ ദേശസാത്കരണം നടന്നത്. അതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമായിരുന്നു പൊതുമേഖലയിലുണ്ടായിരുന്നത്. '69ൽ 14 സ്വകാര്യ മേഖല ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത്. 1980ൽ രണ്ടാംഘട്ടം ദേശസാത്കരണം നടന്നു. ആറ് സ്വകാര്യ മേഖല ബാങ്കുകൾ കൂടി പൊതുമേഖലയിൽ എത്തി. തുടർന്നും, പ്രതിസന്ധി നേരിട്ട ചില സ്വകാര്യ മേഖല ബാങ്കുകളെ കരകയറ്റാനായി പൊതുമേഖലയിലേക്ക് ചേർത്തു.
2020ലാണ് ഇതിൽനിന്ന് തിരിഞ്ഞുനടത്തത്തിന് വഴിയൊരുക്കുന്ന പൊതുമേഖല ബാങ്ക് സംയോജനം നടന്നത്. 27 പൊതുമേഖല ബാങ്കുകളിൽ പലതും സംയോജിപ്പിച്ച് ഇന്ന് കാണുന്ന 12 ബാങ്കുകളാക്കി. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിന്റെ കാഴ്ചപ്പാട് ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ള നാല് പൊതുമേഖല ബാങ്കുകൾ രാജ്യത്ത് മതിയെന്നാണ്. ഈ ദിശയിലുള്ള അടുത്തഘട്ടം സംയോജനം പണിപ്പുരയിലാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
പൊതുമേഖല ബാങ്കുകൾക്കൊപ്പം രാജ്യത്തിന്റെ സമ്പദ്ഘടന ആരോഗ്യമുള്ളതാക്കാൻ വലിയ പങ്ക് വഹിച്ച സ്വകാര്യ മേഖല ബാങ്കുകളുമുണ്ടായിരുന്നു. ലോകത്തെ വൻ സാമ്പത്തിക ശക്തികൾ പോലും ഉലഞ്ഞ ആഗോള മാന്ദ്യകാലത്ത് ഇന്ത്യയെ ആഘാതം അത്ര ബാധിക്കാതെ സംരക്ഷിച്ച പല ഘടകങ്ങളിൽ പ്രധാനം മികച്ച പൊതു/സ്വകാര്യ മേഖല ബാങ്കുകളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്ന പൊതുമേഖല ബാങ്കുകളും അസ്തിത്വം നഷ്ടമാവുന്ന സ്വകാര്യ ബാങ്കുകളും നൽകുന്നത് ദുഃസ്സൂചനയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള, തൃശൂർ ആസ്ഥാനമായ സി.എസ്.ബിയിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) 51 ശതമാനം ഓഹരി കനേഡിയൻ കമ്പനി കൈവശപ്പെടുത്തിയതും മുംബൈ ആസ്ഥാനമായ 'യെസ്' ബാങ്കിന്റെ എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ വിറ്റ 20 ശതമാനം ഓഹരി ജപ്പാനിലെ എസ്.എം.ബി.സി വാങ്ങിയതും ഐ.ഡി.ബി.ഐ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതും മറ്റു പല ബാങ്കുകളിലും വിദേശ മുതൽ മുടക്ക് ഏറി വരുന്നതും ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണം വഴി വിദേശവത്കരണത്തിലേക്കുള്ള ഇന്ത്യൻ ബാങ്കിങ് മേഖലയുടെ അപനിർമിതിയുടെ സൂചകങ്ങളാണെന്ന് പറയേണ്ടിവരും.
കാത്തലിക് സിറിയൻ ബാങ്കിന്‍റെ കഥ
1920ൽ തൃശൂരിലെ റോമൻ കത്തോലിക്ക സമൂഹം പരസ്പര സഹകരണത്തിനും സാമ്പത്തിക സ്വാശ്രയത്വത്തിനുമായി രൂപവത്കരിച്ച സ്വകാര്യ സംരംഭമായിരുന്നു കാത്തലിക് സിറിയൻ ബാങ്ക്. 1969ലെ ബാങ്ക് ദേശസാത്കരണം സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്താൻ പര്യാപ്തമായിരുന്നു. എന്നാൽ, 1994ൽ തായ്‍ലൻഡ് ആസ്ഥാനമായ എസ്.എസ്. ചൗള ഗ്രൂപ് ബാങ്കിന്‍റെ 34 ശതമാനം ഓഹരി വാങ്ങി ബാങ്കിന്‍റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചു. റിസർവ് ബാങ്കിന്‍റെ കൂടി സഹായത്തോടെ വൻ ജനകീയ പ്രക്ഷോഭത്തിലൂടെ അന്നത്തെ വിദേശ മൂലധന അധിനിവേശ നീക്കത്തെ എതിർത്തത് ചരിത്ര സംഭവമാണ്.
വീണ്ടും വിദേശ മൂലധനം
2018ലാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി പ്രേം വാത്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ് കമ്പനിയുടെ മൗറീഷ്യസ് ഹോൾഡിങ് കമ്പനി കൈവശപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെയും ഇന്ത്യൻ ബാങ്കിങ്ങിന്റെയും ചരിത്രത്തിൽ ആദ്യമായാണ് ഒരു ബാങ്കിന്റെ ഭൂരിപക്ഷം ഓഹരി ഒറ്റ കമ്പനിക്ക് കൈമാറാനുള്ള അനുമതി ലഭിച്ചത്. 2018ൽ ഫെയർഫാക്സ് കമ്പനി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ സി.എസ്.ബിയെ ഏറ്റെടുക്കാനുള്ള റിസർവ് ബാങ്ക് അനുമതിയെക്കുറിച്ചും അതിന് മുന്നോടിയായി 2016ൽ തന്നെ സി.വി.ആർ. രാജേന്ദ്രൻ എന്നയാളെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിനെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.
ജനകീയതക്ക് വിട
വിദേശ ബാങ്കായതോടെ, പേര് മാറ്റം ഉൾപ്പെടെ ബാങ്കിന്റെ ഘടനയും ഉള്ളടക്കവും ആകെ മാറി. ‘കാത്തലിക് സിറിയൻ ബാങ്ക്’ മാറ്റി ‘സി.എസ്.ബി ബാങ്ക്’ എന്നാക്കി. ഡയറക്ടർ ബോർഡിലും ഉന്നത താക്കോൽ സ്ഥാനങ്ങളിലും ഫെയർഫാക്സിന്‍റെ ഇഷ്ടക്കാർ വന്നു. കാർഷിക, വിദ്യാഭ്യാസ, ബിസിനസ്, ഭവന, ചെറുകിട വായ്പകളെല്ലാം നിലച്ചു. എസ്.ബി അക്കൗണ്ട് തുടങ്ങാൻ വേണ്ട മിനിമം തുക 10,000 രൂപയാക്കി. 3,500 സ്ഥിരം ജീവനക്കാരുണ്ടായിരുന്നത് 837 ആയി കുറച്ചു. ഒമ്പത് വർഷമായി ഒരു സ്ഥിരം നിയമനം പോലും നടത്തിയിട്ടില്ല. അതേസമയം താൽക്കാലിക ജീവനക്കാരുടെ എണ്ണം 7,616 ആയി ഉയർന്നു. പല ശാഖകളിലും ഇപ്പോൾ മാനേജർമാർ കരാർ തൊഴിലുകാരാണ്.
ഉന്നതർക്ക് ശമ്പള ചാകര
2016ൽ വന്ന എം.ഡി സി.വി.ആർ. രാജേന്ദ്രന് വാഗ്ദാനം ചെയ്ത വാർഷിക ശമ്പളം 36 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു. എന്നാൽ, 2020-‘21ൽ ബാങ്ക് ബാലൻസ് ഷീറ്റിലെ കണക്ക് പ്രകാരം എം.ഡിക്ക് ശമ്പളവും ആനുകൂല്യവുമായി നൽകിയത് 303 ലക്ഷം രൂപയാണ്. ഇങ്ങനെ അനർഹമായി ആനുകൂല്യവും ഇൻസെന്‍റിവും നൽകിയതിന് ബാങ്കിന് 2024ൽ റിസർവ് ബാങ്ക് 186 ലക്ഷം രൂപ പിഴ ചുമത്തി. മറ്റൊരു ക്രമക്കേടിന്‍റെ പിഴയായി അതേ വർഷം ജി.എസ്.ടി വകുപ്പ് ഈടാക്കിയത് 689 ലക്ഷം രൂപയാണ്.
അതേസമയം, സ്ഥിരം ജീവനക്കാരുടെ വേതനം ഇന്ത്യയിലെ മറ്റെല്ലാ ബാങ്കുകളിലും രണ്ട് തവണ പരിഷ്കരിച്ചപ്പോൾ രാജ്യത്ത് സി.എസ്.ബി ബാങ്കിൽ മാത്രം 2012ലെ ശമ്പള ഘടനയാണ് ഇപ്പോഴും പിന്തുടരുന്നത്. മറുഭാഗത്ത് താൽക്കാലിക സ്വീപ്പർമാരുടെ പ്രതിദിന വേതനം 250 രൂപയായി കുറച്ചു. ഓഫിസർമാരുടെ വിരമിക്കൽ പ്രായം 58 വയസ്സാക്കി കുറച്ചു. അപ്രാപ്യമായ ടാർജറ്റുകളിൽ ശ്വാസം മുട്ടി ജീവിക്കുകയാണ് ഓഫിസർമാർ.
അടുത്ത ലക്ഷ്യം ഐ.ഡി.ബി.ഐ
2018ൽ 1,180 കോടി രൂപ മുടക്കിയാണ് ഫെയർഫാക്സ് കനേഡിയൻ കമ്പനി സി.എസ്.ബിയെ കൈവശപ്പെടുത്തിയത്. 2024 ജൂണിൽ ഈ ഓഹരിയിൽ 9.72 ശതമാനം വിറ്റപ്പോൾ തന്നെ ഫെയർഫാക്സിന് മുടക്കിയ തുകയുടെ പകുതി (592 കോടി) കിട്ടി. ഇപ്പോൾ പൊതുമേഖലയിലെ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാനാണ് ഫെയർഫാക്സിന്‍റെ നീക്കം. സി.എസ്.ബി ബാങ്കിന്‍റെ ഏഴിരട്ടി വലുപ്പമുള്ള ഐ.ഡി.ബി.ഐയെ ഫെയർഫാക്സ് ഏറ്റെടുത്താൽ അത് ബാങ്കിങ് മേഖലയിൽ കീഴ്വഴക്കമില്ലാത്തതും അതിശയവും ആകും. റിസർവ് ബാങ്കിലെ നീക്കങ്ങളും ഇതിന് അനുകൂലമാണ്. വിദേശ മൂലധനം ഉപയോഗിച്ച് ഒരു സ്വകാര്യ ബാങ്കിനെ കൈവശപ്പെടുത്തി കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള ബാങ്കിനെതന്നെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് ശക്തി പ്രാപിക്കുന്ന പരീക്ഷണം വിജയിച്ചാൽ അത് ഇന്ത്യൻ ബാങ്കിങ് രംഗത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതം രൂക്ഷമാവും.
സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്ന നിയമം പാർലമെന്‍റ് പാസാക്കിയത് ഒരു മുന്നൊരുക്കമായിരുന്നു. സി.എസ്.ബി ബാങ്കിൽ കീഴ്വഴക്കങ്ങൾ ലംഘിച്ച് 51 ശതമാനം വിദേശ ഓഹരി പങ്കാളിത്തം അനുവദിച്ചതും കേന്ദ്ര താൽപര്യപ്രകാരമാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് തമിഴ്നാട്ടിലെ ലക്ഷ്മിവിലാസ് ബാങ്കിനെ ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് സിംഗപ്പൂർ കൈവശപ്പെടുത്തിയത്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്, ഫെഡറൽ, സൗത്ത് ഇന്ത്യൻ തുടങ്ങിയ സ്വകാര്യ ബാങ്കുകളിലെല്ലാം നിർണായക അളവിൽ വിദേശ മൂലധനം കയറിപ്പറ്റിയിട്ടുണ്ട്. ‘യെസ്’ ബാങ്കിന്റെ 20 ശതമാനം ഓഹരി ജപ്പാനിലെ എസ്.എം.ബി.സി (സുമിതോമോ മിത്സുയി ബാങ്കിങ് കോർപറേഷൻ) വാങ്ങി. അനുകൂല സാഹചര്യം ഒരുങ്ങിയാൽ ഇവക്കെല്ലാം വിദേശ ബാങ്കുകളായി മാറാൻ കഴിയുന്ന വിധം ചട്ടങ്ങളും നിയമങ്ങളും സജ്ജമായിട്ടുണ്ട്.ഇതിനെല്ലാം പ്രചോദനവും പ്രോത്സാഹനവും കേന്ദ്ര സർക്കാറിന്‍റെ നയസമീപനങ്ങളാണെന്ന് ബാങ്കിങ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

