മുൻ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിനെ ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
text_fieldsഊർജിത് പട്ടേൽ
ന്യൂഡൽഹി: മുൻ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിനെ ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിക്കാണ് അദ്ദേഹത്തിന്റെ നിയമനം. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചത്. മൂന്ന് വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. സുബ്രമണ്യന്റെ പിൻമാഗമിയായിട്ടായിരിക്കും അദ്ദേഹം എത്തുക.
ഇന്ത്യയെ കൂടാതെ മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നിവയേയും അദ്ദേഹം പ്രതിനിധീകരിക്കും. മൂന്ന് പതിറ്റാണ്ട് മുമ്പ് കരിയർ തുടങ്ങിയ ഊർജിത് പട്ടേലിന്റെ ഐ.എം.എഫിലേക്കുള്ള തിരിച്ചു വരവാണ് ഇത്.
ലണ്ടൻ സ്കുൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബി.എസ്‍.സി ബിരുദം പൂർത്തിയാക്കിയ ഊർജിത് പട്ടേൽ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് എം.ഫിൽ പൂർത്തിയാക്കിയത്. യാലെ യൂനിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ നിന്നും ഗവേഷണം പൂർത്തിയാക്കി. 1990കളിൽ അദ്ദേഹം ഐ.എം.ഫിൽ ജോലി ചെയ്തിരുന്നു. ഇന്ത്യ ഉദാരവൽക്കരണം നടപ്പിലാക്കുമ്പോൾ അദ്ദേഹം ഐ.എം.എഫിലുണ്ടായിരുന്നു.
ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവസ്റ്റ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ടിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ഡി.എഫ്.എസി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം ഉയർന്നപദവി വഹിച്ചിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിൽ സീനിയർ ഫെലോയായും അദ്ദേഹം സേവനം അനുഷ്ടിച്ചു.
2016 സെപ്തംബറിലാണ് ആർ.ബി.ഐയുടെ 24ാമത് ഗവർണറായി അദ്ദേഹം നിയമിതനായത്. രഘുറാം രാജന്റെ പിൻഗാമിയായാണ് അദ്ദേഹമെത്തിയത്. ഊർജിത് പട്ടേൽ ഗവർണർ സ്ഥാനം വഹിക്കുമ്പോഴാണ് ഇന്ത്യ നോട്ട് നിരോധനം നടപ്പിലാക്കിയത്. 2018 ഡിസംബറിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഊർജിത് പട്ടേലിന്റെ കാലഘട്ടത്തിലായിരുന്നു റിസർവ് ബാങ്കിന്റെ സ്വയംഭരണം സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നത്.
ബ്രിട്ടാനിയ പോലുള്ള ചില കമ്പനികളുടെ കോർപ്പറേറ്റ് ബോർഡിലും അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ആഗോള സാമ്പത്തികാവസ്ഥയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഊർജിത് പട്ടേൽ ഐ.എം.എഫിലേക്ക് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.