ജി.എസ്.ടി പരിഷ്കരണം: ഇനി രണ്ട് സ്ലാബുകൾ; 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്ക്
text_fieldsന്യൂഡൽഹി: നികുതി ഘടന പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ചരക്കു സേവന നികുതി(ജി.എസ്.ടി)യിൽ അടുത്ത തലമുറ പരിഷ്കരണം നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില് രാജ്യത്തെ അഭിസംബോധന ചെയ്യവെ, ദീപാവലി സമ്മാനമായി പരിഷ്കരണം നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നികുതി വ്യവസ്ഥ നിത്യോപയോഗ സാധന വില കുറുക്കുമെന്നും ജീവിതം കൂടുതൽ സുഖകരമാക്കുമെന്നും മോദി പറഞ്ഞു.
അഞ്ച്, 12, 18, 28 ശതമാനത്തിന്റെ സ്ലാബുകളായിട്ടാണ് നിലവിലെ നികുതി ഘടന. ഇത് അഞ്ച്, 18 എന്നിങ്ങനെ രണ്ട് രണ്ട് സ്ലാബുകളാക്കലാണ് ഉദ്ദേശ്യം. നിലവിൽ 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും മാറ്റിയേക്കും.
നിലവിൽ, ജി.എസ്.ടി വരുമാനത്തിന്റെ 67 ശതമാനവും 18 ശതമാനം നികുതി സ്ലാബിൽനിന്നാണ്. 12 ശതമാനം സ്ലാബിൽനിന്ന് അഞ്ച് ശതമാനം മാത്രമാണ് വരുമാനം. അഞ്ചു ശതമാനം സ്ലാബിൽനിന്ന് ഏഴു ശതമാനമാണ് വരുമാനം ലഭിക്കുന്നത്. ബാക്കി വരുമാനം 28 ശതമാനം സ്ലാബിൽനിന്നും, സെസ്, മറ്റ് നികുതി ഘടനകളിൽനിന്നുമാണ്. പരിഷ്കരണ നിർദേശം മന്ത്രിതല സമിതികൾക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിൽ ജി.എസ്.ടി കൗൺസിൽ അന്തിമ തീരുമാനമെടുക്കും. സെപ്റ്റംബർ ഒമ്പതിനാണ് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം ചേരുന്നത്.
സ്ലാബുകളിൽ മാറ്റം വന്നാൽ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സിമന്റ്, ടെക്സ്റ്റൈൽസ്, ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി, ഡിഷ് വാഷർ, ഓട്ടോമൊബൈൽ ഘടകങ്ങൾ, വളം, കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, കോൺടാക്ട് ലെൻസുകൾ, കമ്പോസ്റ്റിങ് മെഷീനുകൾ, ഗ്ലൂക്കോ മീറ്റർ, നോട്ട് ബുക്കുകൾ, പെൻസിലുകൾ, ജ്യോമെട്രി ബോക്സുകൾ തുടങ്ങിയവക്ക് വിലകുറയും. ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2017 മുതലാണ് ജി.എസ്.ടി നടപ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.