ചിട്ടികൾ എത്രത്തോളം ലാഭകരമാണ്
text_fieldsകഴിഞ്ഞ ലക്കങ്ങളിൽ പ്രതിപാദിച്ചിരുന്നതുപോലെ ഒരു നിക്ഷേപകന് പല തരത്തിലുള്ള സമ്പാദ്യങ്ങൾ ആകാം. അവരവരുടെ ആവശ്യം, സൗകര്യം, ഇഷ്ടം എന്നിവ അനുസരിച്ച് യഥേഷ്ടം പദ്ധതികൾ തെരഞ്ഞെടുക്കാം. പണ്ടുകാലം മുതൽക്കേ ചിട്ടികൾ എല്ലാ വിധത്തിലുള്ള ആളുകളുടെയും ഒരു സമ്പാദ്യപദ്ധതി ആയിരുന്നു. അന്നൊന്നും അതിന്റെ ലാഭനഷ്ടക്കണക്കുകൾ ആരും അത്ര പരിശോധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറി. അന്നൊക്കെ ഇന്നത്തെപ്പോലെ മറ്റ് നിക്ഷേപ പദ്ധതികൾ എല്ലാവരിലും എത്തപ്പെട്ടിരുന്നില്ല. ഓഹരി കമ്പോളത്തിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു നിക്ഷേപങ്ങൾ നടത്തിയിരുന്നത്. അന്നൊക്കെ ഓഹരി നിക്ഷേപങ്ങളുടെ സർട്ടിഫിക്കറ്റ് പേപ്പർ ഫോമിൽ ഫിസിക്കൽ ആയി തരുമായിരുന്നു. വിൽക്കലും വാങ്ങലും ഒരു വലിയ ചടങ്ങായിരുന്നു. ഇന്ന് എല്ലാം ഡിജിറ്റലായി മാറി. നിക്ഷേപങ്ങളുടെ ആദായം താരതമ്യം ചെയ്തിട്ടാണ് ഇപ്പോൾ ആളുകൾ വിവിധ പദ്ധതികൾ തെരെഞ്ഞടുക്കുന്നത്. അതുകൊണ്ടുതന്നെ ചിട്ടികളുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ ആവശ്യമാണ്.
ഒരുകാലത്ത് കേരളത്തിൽ ഏറ്റവും വലിയ ബിസിനസ് ആയിരുന്നു ചിട്ടി. കാലക്രമേണ പേര് കേട്ട ചിട്ടി സ്ഥാപനങ്ങൾ ആൾക്കാരെ കബളിപ്പിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട് . പ്രവാസികൾ ഉൾപ്പെടെ ആളുകളുടെ ധാരാളം പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്.
ചിട്ടികൾക്ക് അതിന്റേതായ ഗുണങ്ങൾ ഉണ്ട്. പല കാലാവധിയുള്ള ചിട്ടികൾ ഇന്ന് ആളുകളുടെ സൗകര്യത്തിനുവേണ്ടി വിഭാവനം ചെയ്തിട്ടുണ്ട്. വിവാഹം, കച്ചവടം, വീടുവാങ്ങൽ എന്നിവക്ക് വേണ്ടി ധാരാളം ആളുകൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. പലപ്പോഴും ബാങ്കുകളിൽനിന്നുംമറ്റും വായ്പ അനുവദിച്ചുകിട്ടുന്നതിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ചിട്ടികൾ എന്നും ഒരു സഹായമാണ്. കുറച്ചുപൈസ നഷ്ടം വന്നാലും അതുകൊണ്ടാണ് ആളുകൾ ലേലത്തിൽ ചിട്ടി ആദ്യം പിടിക്കുന്നത്. ഒരുമിച്ച് തുക കിട്ടുകയും തിരിച്ചടവ് തവണകളായി അടച്ചാൽ മതി എന്നുള്ളതും ചിട്ടികളുടെ മേന്മയാണ്.
എന്നാൽ ഒരു നിക്ഷേപമെന്ന നിലക്ക് ചിട്ടികൾ അത്ര ആദായകരമല്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം. കാരണം 10 ലക്ഷം സല ഉള്ള ഒരു 40 മാസ കാലാവധിയുള്ള ചിട്ടിയിൽ അവസാനത്തെ കുറച്ച് ചിറ്റാൾക്കുകിട്ടുന്ന പരമാവധി തുക കമീഷൻ, ടാക്സ്, മറ്റ് ചെലവുകൾ കഴിച്ച് 9,40,700 രൂപ ആയിരിക്കും. (കമീഷൻ 50,000 (അഞ്ച് ശതമാനം), 9,000 ടാക്സ് (18 ശതമാനം), മറ്റു ചെലവുകൾ ഒരു 300 രൂപ- മൊത്തം 59,200). ഈ അവസാന നാളുകളിൽ ചിട്ടി കിട്ടുന്നവൾ 40 മാസം അടക്കേണ്ടുന്ന തുക ഏകദേശം 9,00,000 -9,20,000 രൂപയോ അതിനുമുകളിലോ വരാം. ചിട്ടിത്തുക കിട്ടാൻ ജാമ്യം കൊടുക്കേണ്ടതിന്റെ ചെലവ് വേറെയും.
എന്റെ അനുഭവത്തിൽ ഒരു 10 ലക്ഷം സല 40 തവണ അതായത് 25,000 മാസ തവണചിട്ടിയിൽ ശരാശരി 22000-23000 വരെ ആകുന്നുണ്ട്. ലേലത്തിന്റെ ഡിവിഡന്റ് കഴിച്ചുള്ള തുകയാണിത്. അടക്കേണ്ട തുക ലേലത്തിന്റെ തുക അനുസരിച്ചിരിക്കും. ഇത് ഏറ്റവും കുറഞ്ഞത് 18750 രൂപയും കൂടിയത് 25000 രൂപയും മാസ തവണകൾ വരും. ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. 22,000 രൂപ നല്ല മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ (നാല് ഫണ്ടുകൾ എസ്.ഐ.പി ആയി) ഒരു 12 ശതമാനം ആദായംവെച്ച് ഏകദേശം 11 ലക്ഷം രൂപ കിട്ടാം. അടക്കുന്നത് ഒമ്പത് ലക്ഷമാണ് (40 X 22500). ഇനി ഇതൊരു ബാങ്കിൽ റെക്കറിങ് ഡെപ്പോസിറ്റായി ഇട്ടാൽ ഒരു 7.5 ശതമാനം നിരക്കിൽ 10,24,425 ഉറപ്പായും ലഭിക്കും. ബാങ്കിൽ ഇടുന്ന തുകക്ക് അത്യാവശ്യം വരുകയാണെങ്കിൽ അടച്ച തുക ഈടായി തൽക്കാലത്തേക്ക് ഒരു വായ്പ എടുക്കുകയും ചെയ്യാം .(*വരുമാനം ഓഹരി കമ്പോളത്തിലെ ചാഞ്ചാട്ടമനുസരിച്ച് വ്യത്യാസപ്പെടാം).
ചിട്ടികൾ എങ്ങനെ ആദായകരമാക്കാം
ചിട്ടികൾ ആദായകരമാക്കാനുള്ള വഴികളുണ്ട്. സാധാരണ ആദ്യമൊക്കെ 30 ശതമാനം വരെ കുറച്ചാണ് ആളുകൾ ചിട്ടിപിടിക്കുന്നത്. ഒരു ആറുമാസമൊക്കെ കഴിയുമ്പോൾ അല്ലെങ്കിൽ ചില സമയങ്ങളിൽ ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ കുറവാകുകയും ലേലത്തുക കൂടുതൽ കിട്ടാൻ സാധ്യതയുമുണ്ട്. അങ്ങനെ വരുന്ന സന്ദർഭത്തിൽ ചിട്ടി പിടിച്ച് ആ തുക സ്ഥിരം നിക്ഷേപമായി ഇടുക. അപ്പോൾ ചിട്ടിയിൽ അടക്കേണ്ട തുക നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ മാസആദായം കഴിച്ച് അടച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിട്ടി ആദായകരമാക്കാൻ കഴിയും. കിട്ടിയവരും കിട്ടാത്തവരും ഒരേ തുകയാണ് മാസതവണ അടക്കുന്നത്.
മേൽപറഞ്ഞ കണക്കുകളിൽ ആദായനികുതി ഉൾപ്പെടുത്തിയിട്ടില്ല. ചിട്ടികളുടെ ഡിവിഡന്റ് ആദായനികുതി ഇല്ല. എന്നാൽ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് നിക്ഷേപങ്ങൾ ഇവക്കുള്ള വരുമാനത്തിന് ആദായനികുതി ബാധകമാണ്. എന്നാൽ പ്രവാസികൾക്ക് നാലുലക്ഷംവരെയും അല്ലാത്തവർക്ക് 12 ലക്ഷം വരെയും നികുതി കൊടുക്കേണ്ട. ചുരുക്കത്തിൽ ചില ന്യൂനതകൾ ഉണ്ടെങ്കിലും ചിട്ടികൾ നിങ്ങളുടെ സമ്പാദ്യത്തിൽ ഉൾപ്പെടുത്താം. പക്ഷേ എത്രത്തോളം വേണമെന്ന് തീരുമാനിക്കാനുതകുന്ന ഒരു ലേഖനം മാത്രമാണിത്. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സാമ്പത്തിക കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഗുണമായാലും ദോഷമായാലും അറിഞ്ഞുതന്നെ വേണം ചെയ്യാൻ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

