വെള്ളിയിൽ എങ്ങനെ നിക്ഷേപിക്കണം ?
text_fieldsകഴിഞ്ഞ ലക്കങ്ങളിൽ എഴുതിയിരുന്നതുപോലെ ധാരാളം അവസരങ്ങൾ ഇന്ന് ഒരു നിക്ഷേപകനുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ, ബാങ്ക് ഇതര നിക്ഷേപങ്ങൾ, ഓഹരികൾ, മ്യൂച്ചൽ ഫണ്ടുകൾ, ചിട്ടികൾ, സർക്കാറിന്റെയും മറ്റു കമ്പനികളുടെയും കടപ്പത്രങ്ങൾ, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ, സർക്കാറിന്റെ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനൽ പെൻഷൻ സിസ്റ്റം, സീനിയർ സിറ്റിസൺ ഡെപോസിറ്റ് സ്കീം, സുകന്യ, സ്വർണം, വെള്ളി, ക്രിപ്റ്റോ കറൻസി, ലൈഫ് ഇൻഷുറൻസ്, അനുറ്റി തുടങ്ങി ഒട്ടനവധി പദ്ധതികൾ നിലവിലുണ്ട്. ഇതിനെപ്പറ്റിയെല്ലാം ഒരു ഏകദേശ അറിവ് തരുന്ന കാര്യങ്ങൾ വരും ദിവസങ്ങൾ എഴുതാം. സ്വർണം, വെള്ളി ഇവയിലെ നിക്ഷേപത്തെ പറ്റി ധാരാളം ആളുകൾ ആവശ്യപ്പെടുന്നതുകൊണ്ട് ഇന്ന് അതിനെപ്പറ്റി എഴുതാം.
എന്തുകൊണ്ട് വെള്ളിയിൽ നിക്ഷേപിക്കണം?
ഒരു നിക്ഷേപമെന്ന നിലക്ക് വെള്ളി വളരെ ആദായകരമാണ്. സ്വർണം പോലെ തന്നെ വെള്ളിയും കിട്ടാൻ ലഭ്യതക്കുറവുള്ള ഒരു ലോഹവും അതുപോലെ തന്നെ വിലക്കയറ്റത്തെ ഹെഡ്ജ് ചെയ്യുന്ന ഒരു നിക്ഷേപവുമാണ്. നൂറു രൂപ നിക്ഷേപിക്കുമ്പോൾ അഞ്ചു രൂപ വീതം സ്വർണത്തിലും വെള്ളിയിലേക്കും മാറ്റിവവെക്കുന്നത് നല്ലതാണ്. പലരും ഇത് ചെയ്യാറില്ല. അതിന്റെ പ്രധാന കാരണം എങ്ങനെ ചെയ്യണം എന്ന് അറിയാത്തതാണ്. ഉദാഹരണമായി ഫെബ്രുവരി 2020ൽ ഒരു ഗ്രാം വെള്ളിയുടെ വില 40.250 രൂപ ആയിരുന്നു. എന്നാൽ ഇന്നത് 110 രൂപ ആയിട്ടുണ്ട്. ശരാശരി റിട്ടേൺ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഇരട്ടിയിലധികമാണ്. ബാങ്ക് നിക്ഷേപങ്ങൾ 6-7 ശതമാനം ആദായം തരുമ്പോഴാണിതെന്ന് ഓർക്കുക. വെള്ളിയുടെ വില ഒരു ഗ്രാമിന് 140-150 കടക്കാൻ സാധ്യത കൂടുതലാണ്.
വെള്ളി ഡിജിറ്റൽ ആയി വാങ്ങി സൂക്ഷിക്കുക
വെള്ളി അതേ രൂപത്തിൽ സൂക്ഷിക്കുന്നത് പല കാരണങ്ങൾ കൊണ്ടും പ്രായോഗികമല്ല . വെള്ളിയുടെ പരിശുദ്ധി, അതിന്റെ സൂക്ഷിപ്പ് പോലുള്ള കാര്യങ്ങൾ കൊണ്ട് ഫിസിക്കൽ ആയി വാങ്ങിവെക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വെള്ളി ഡിജിറ്റൽ ആയി വാങ്ങി സൂക്ഷിക്കുക. എത്ര ചെറിയ തുകക്കും ഇത് വാങ്ങാനുള്ള സൗകര്യം ഉണ്ട്. ഡിജിറ്റൽ ആയി വെള്ളി വാങ്ങാനുള്ള രണ്ടു മാർഗങ്ങൾ താഴെ പറയുന്നു.
1 സിൽവർ ഇ.ടി.എഫ് (Silver ETFs)
ഇന്ത്യയിലെ എല്ലാ പ്രമുഖ മ്യൂച്ചൽ ഫണ്ടുകൾക്കും സിൽവർ ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫൻഡ്സ് ) ഉണ്ട്. ഇത് വാങ്ങുന്നതിനു നിങ്ങൾക്കൊരു ഡീമാറ്റ് (Demat) അക്കൗണ്ട് വേണം. ഇന്ന് നിരവധി സ്ഥാപനങ്ങളിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ സൗകര്യമുണ്ട്. ഓഹരി കമ്പോളത്തിൽ ഓഹരി വാങ്ങാനും വിൽക്കാനും ഇത്തരം അക്കൗണ്ടുകൾ ആവശ്യമാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി നിങ്ങൾക്ക് മേല്പറഞ്ഞ സിൽവർ ഇ.ടി.എഫ് വാങ്ങാം. ഇതിന്റെ വില ഏറക്കുറെ കമ്പോളത്തിലെ വെള്ളിയുടെ വിലയുമായി സാമ്യം ഉണ്ടാകും. നിങ്ങൾ ഇങ്ങനെ ഡിജിറ്റൽ ആയി വാങ്ങുന്ന വെള്ളിക്കു തത്തുല്യമായ വെള്ളി അംഗീകൃത സ്ഥാപനങ്ങളിൽ മ്യൂച്ചൽ ഫണ്ടുകൾ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു നിങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്ക വേണ്ട. ഇങ്ങനെ കുറേശ്ശെയുള്ള വാങ്ങൽ ദീർഘ കാലം തുടരുക. എപ്പോൾ വേണമെങ്കിൽ നിങ്ങൾ വാങ്ങിയ വെള്ളി വിൽക്കാമെങ്കിലും അത് ചെയ്യാതെ, വാങ്ങൽ തുടർന്നുകൊണ്ടേയിരിക്കുക . സിൽവർ ഇറ്റിഫ് നിക്ഷേപത്തിന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) തിരഞ്ഞെടുക്കുന്നത് കൂടുതൽ ഉചിതമാണ്.
2. വേണമെങ്കിൽ വെള്ളിയായിത്തന്നെ
മുകളിൽ പറഞ്ഞ രീതിയിൽ വെള്ളി വാങ്ങുമ്പോൾ, വിറ്റാൽ അന്നത്തെ വെള്ളിയുടെ വില മാത്രമാണ് ലഭിക്കുക. അല്ലാതെ വെള്ളി കിട്ടില്ല. എന്നാൽ വെള്ളി നാണയങ്ങൾ /വെള്ളി ബാർ /വെള്ളി പാത്രങ്ങൾ എന്നിവയായി വേണ്ടവർ ഇന്ത്യയിൽ കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എം.എം.ടി.സിയും(MMTC) പി.എ.എം.പി (PAMP) എന്ന സ്വീഡിഷ് കമ്പനിയും ചേർന്നൊരു ജോയന്റ് സംരംഭമുണ്ട്. ഇവർ വഴി വാങ്ങുമ്പോൾ, നമ്മൾ ഓരോ പ്രാവശ്യം വാങ്ങുന്ന വെള്ളി ഗ്രാമിൽ തന്നെ സൂക്ഷിക്കുന്നു. എത്ര ചെറിയ തുകക്കുള്ള വെള്ളി വാങ്ങിയാലും അതിനു തുല്യമായ വെള്ളി ഗ്രാമിൽ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ വരവ് വെക്കുന്നു. ഇങ്ങനെ ദീർഘകാലത്തേക്ക് വാങ്ങുന്ന വെള്ളി ഒരു ആവശ്യം വരുമ്പോൾ വെള്ളി ആയോ തുക ആയോ നിങ്ങൾക്ക് തിരികെ ലഭിക്കും. വെള്ളി ആഭരണങ്ങൾ, കമ്പനി ഓഫർ ചെയ്യുന്ന മറ്റു ഐറ്റംസ് എന്നിവ വേണ്ടവർ പണിക്കൂലി/ഡെലിവറി ചാർജ് കൂടി കൊടുക്കണം.
മറ്റു നിരവധി സ്ഥാപനങ്ങളും ഈ സൗകര്യം ഇന്ന് ഇന്ത്യയിൽ ചെയ്യുന്നുണ്ട്. ഡിജി ഗോൾഡ്, ഗ്രോ, ഫോൺപേ തുടങ്ങി നിരവധി ഫിൻ ടെക് കമ്പനികൾ ഇ സൗകര്യം തരുന്നുണ്ട്. ഓൺലൈൻ ആയി വളരെ ലളിതമായി നിങ്ങൾക്ക് ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു ചെറിയ അളവിൽ നിശ്ചിത ഇടവേളകളിൽ വാങ്ങാവുന്നതാണ്. ഇങ്ങനെ വാങ്ങുന്ന വെള്ളി ഏറ്റവും പരിശുദ്ധിയുള്ള 24 കാരറ്റ് (99.99 പരിശുദ്ധി) ആയതുകൊണ്ട് വില കൂടുതൽ ആണെന്നു തോന്നാം. എന്നാൽ, വിൽക്കുമ്പോഴും കൂടിയ വില കിട്ടും. ചെറിയ ചാർജുകൾ ഉണ്ടാകും. ഫ്രീ ആയി ഇ ലോകത്തു ഒന്നും കിട്ടില്ല എന്നോർക്കുക.
പല കാരണങ്ങൾ കൊണ്ടും വെള്ളിയുടെ വില ഇനിയും കൂടാനാണ് സാധ്യത. പല വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളി ഉപയോഗിക്കുന്നതുകൊണ്ടും ഇതിന്റെ ഉപയോഗം വരുംകാലങ്ങളിൽ കൂടും. അതുകൊണ്ട് വരുംകാലങ്ങളിൽ തരക്കേടില്ലാത്ത ഒരു ആദായം വെള്ളിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് കിട്ടാം. ബാങ്ക് നിക്ഷേപങ്ങളുടെ ആദായം കുറഞ്ഞുവരുന്നതിനാൽ ഒരു ചെറിയ തുക ആഴ്ച/മാസം തോറും ഡിജിറ്റൽ വെള്ളിയിൽ നിക്ഷേപിക്കാം.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണിഎക്സ്ചേഞ്ച്
എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.