പാമോയിൽ വരവിന് തടയിട്ടു; വെളിച്ചെണ്ണക്ക് മുന്നേറ്റം
text_fieldsഅനിയന്ത്രിതമായ തോതിൽ വിദേശ പാമോയിൽ ഇറക്കുമതി നടത്തുന്നതിന് ഇറക്കുമതി തീരുവ ഉയർത്തി തടയിട്ടത് ഏതാനും മാസം മുമ്പാണെങ്കിലും ഓർഡർ പ്രകാരമുള്ള ഷിപ്മെൻറുകൾ പലതും ഒക്‌ടോബറിൽ അവസാനിച്ചു. ഉയർന്ന തീരുവ കാരണം പലരും പാമോയിൽ ഇറക്കുമതിയിൽ നിന്ന് പിൻവലിയുകയാണ്.
നവംബർ-ഡിസംബറിൽ പാമോയിൽ ഇറക്കുമതി 23.89 ശതമാനം കുറഞ്ഞു. തൊട്ട് മുൻ വർഷം ഇതേ കാലയളവിൽ വരവ് 17.63 ദശലക്ഷം ലിറ്ററായിരുന്നത് 13.42 ദശലക്ഷം ലിറ്ററായി താഴ്‌ന്നു. ഇത് നാളികേരോൽപന്നങ്ങൾക്ക് കരുത്ത് സമ്മാനിച്ചു. കാൽനൂറ്റാണ്ടായി വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് ഭീഷണിയായിരുന്നു ഇന്തോനേഷ്യ, മലേഷ്യൻ ചരക്കുവരവ്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഇറക്കുമതി ചുരുങ്ങിയത് കൊപ്രക്ക് ഡിമാൻഡ് ഉയർത്തി. ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ പാമോയിൽ അഭാവത്തിൽ വെളിച്ചെണ്ണക്ക് ആവശ്യം വർധിച്ചത് നാളികേരോൽപന്നങ്ങൾക്ക് മൊത്തത്തിൽ തുണയായി. ഇതിനിടയിൽ സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഉയർന്നു. നവംബറിനുശേഷം വെളിച്ചെണ്ണ വില ക്വിന്റലിന് 2800 രൂപ വർധിച്ച് 22,700 രൂപയായി.
● ● ● ● ● ●
കേരളത്തിൽ പകൽ താപനില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ റബർ ടാപ്പിങ്ങിൽ നിന്ന് മാസാവസാനത്തോടെ കർഷകർ പിന്മാറേണ്ടി വരുമെന്ന സൂചനയാണ് പല ഭാഗങ്ങളിൽ നിന്നും ലഭ്യമാവുന്നത്. ഉൽപാദനം കുറഞ്ഞിട്ടും ടയർ നിർമാതാക്കൾ ഷീറ്റ് വില ഉയർത്താൻ തയാറായില്ലെന്നു മാത്രമല്ല, വാരാവസാനം നിരക്ക് താഴ്‌ത്തുകയും ചെയ്‌തു. ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലും വ്യാപാരം അവസാനിച്ചു.
● ● ● ● ● ●
മഴസാധ്യതകൾ കാലാവസ്ഥ വിഭാഗം പ്രവചിക്കുമ്പോഴും ഹൈറേഞ്ചിലെ ഏലക്ക തോട്ടങ്ങൾ കനത്ത പകൽ ചൂടിൽ നട്ടംതിരിയുകയാണ്. കാലാവസ്ഥ ഈവിധം തുടർന്നാൽ ഏലം വിളവെടുപ്പ് മാസാന്ത്യം മന്ദഗതിയിലാവും. ശരാശരി കിലോ 3100 രൂപക്ക് മുകളിൽ ഇടം കണ്ടെത്തി, മികച്ചയിനങ്ങൾ 4000 രൂപയായി ശനിയാഴ്‌ച ഉയർന്നു.
● ● ● ● ● ●
അന്തർസംസ്ഥാന കുരുമുളക് വ്യാപാരികൾ ചരക്ക് സംഭരണം നിയന്ത്രിച്ച് നിരക്ക് താഴ്‌ത്താനുള്ള ശ്രമത്തിലാണ്. മുളക് നീക്കം ചുരുങ്ങിയ സന്ദർഭത്തിലും ഇറക്കുമതി മുളക് വിറ്റുമാറാൻ ഒരു വിഭാഗം ഇടപാടുകാർ നീക്കം നടത്തി. വാരാന്ത്യം അൺ ഗാർബിൾഡ് മുളക് 63,900 രൂപയിലും ഗാർബിൾഡ് 65,900 രൂപയിലുമാണ്. മാസാരംഭത്തിൽ വിയറ്റ്‌നാം മുളക് വില ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്തോനേഷ്യയും കുരുമുളക് ക്ഷാമം മൂലം വില ഉയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.